ന്യൂഡൽഹി: ലക്‌നൗ സൂപ്പർ ജയന്റ്‌സിന് എതിരെ 19 റൺസുമായി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ഡൽഹി ക്യാപ്പിറ്റൽസ്. ലക്നൗ തോറ്റതോടെ, രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കടന്നു. 209 റൺസ് വിജയലക്ഷ്യത്തിനായി കുതിച്ച ലഖ്നൗ 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 189 റൺസിൽ വീണു.

നിക്കോളാസ് പൂരന്റെ സ്‌ഫോടനാത്മകമായ അർദ്ധ സെഞ്ച്വറിക്കും ലക്‌നൗവിനെ കരകയറ്റാനാനായില്ല. ഡൽഹിക്ക് വേണ്ടി ഇഷാന്ത് ശർമ മൂന്നു വിക്കറ്റും. അക്‌സർ പട്ടേൽ, മുകേഷ് കുമാർ, ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

സ്‌കോർ: ഡൽഹി: 208/4 ലക്‌നൗ: 189/9

നേരത്തെ, ട്രിസ്റ്റൻ സ്റ്റബ്‌സും, അഭിഷേക് പൊറലും നേടിയ തകർപ്പൻ അർദ്ധ സെഞ്ചുറികളും റിഷഭ് പന്തിന്റെ പ്രകടനവുമാണ് ഡൽഹി ക്യാപ്പിറ്റൽസിനെ 200 കടത്തിയത്. 20 ഓവറിൽ, നാലുവിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് ഡൽഹി സ്വന്തമാക്കിയത്. ജെയ്ക് ഫ്രേസർ മക്ഗുർക്കിനെ (0) ഇന്നിങ്സിന്റെ രണ്ടാം പന്തിൽ നഷ്ടമായത് ഡൽഹിയെ ഞെട്ടിച്ചു. അഭിഷേക് പോറെൽ, ഷായ് ഹോപ്പ്, ക്യാപ്റ്റൻ ഋഷഭ് പന്ത്, ട്രിസ്റ്റൻ സ്റ്റബ്ബ്സ് എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഡൽഹിക്ക് തുണയായത്.

രണ്ടാം വിക്കറ്റിൽ ഒന്നിച്ച പോറെൽ - ഷായ് ഹോപ്പ് സഖ്യം 92 റൺസ് ചേർത്തതോടെ ഡൽഹി ശരിയായ ദിശയിലായി. 27 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 38 റൺസെടുത്ത ഹോപ്പിനെ മടക്കി രവി ബിഷ്ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ പോറെലിനെയും ഡൽഹിക്ക് നഷ്ടമായി. അർധ സെഞ്ചുറി നേടിയ പോറെൽ 33 പന്തിൽ നിന്ന് നാല് സിക്സറുകളുടെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 58 റൺസെടുത്തു.

നാലാം വിക്കറ്റിൽ ഋഷഭ് പന്ത് - ട്രിസ്റ്റൻ സ്റ്റബ്ബ്സ് സഖ്യവും മികച്ച കൂട്ടുകെട്ട് കാഴ്ചവെച്ചതോടെ മധ്യ ഓവറുകളിലും ഡൽഹി സ്‌കോർ കുതിച്ചു. അവസാന ഓവറുകളിൽ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് അടിച്ചു തകർത്ത സ്റ്റബ്ബ്സ് ഡൽഹി സ്‌കോർ 200 കടത്തി. 25 പന്തുകൾ മാത്രം നേരിട്ട സ്റ്റബ്ബ്സ് നാല് സിക്സും മൂന്ന് ഫോറുമടക്കം 57 റൺസോടെ പുറത്താകാതെ നിന്നു. അക്ഷർ പട്ടേൽ 10 പന്തിൽ നിന്ന് 14 റൺസ് നേടി.

ലക്‌നൗവിന് വേണ്ടി നവീൻ ഉൾ ഹഖ രണ്ടുവിക്കറ്റും, അർഷദ് ഖാനും, രവി ബിഷ്‌ണോയിയും ഓരോന്നും വീഴ്തിതി.

അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ, ടോസ് നേടിയ ലക്‌നൗ നായകൻ കെ എൽ രാഹുൽ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്ക് ഇത് ജീവന്മരണ പോരാട്ടം തന്നെയായിരുന്നു. തോറ്റാൽ പ്ലേ ഓഫ് മത്സരത്തിൽ നിന്ന് പുറത്താവുമായിരുന്നു. കെ എൽ രാഹുലിന്റെ ലക്‌നൗവിനാകട്ടെ, ഒരുകളി കൂടി ബാക്കിയുള്ളതുകൊണ്ട് ഡൽഹിയേക്കാൾ കൂടുതൽ സാധ്യത ലക്‌നൗവിന് ആയിരുന്നു.12 മത്സരങ്ങളിൽ 16 പോയിന്റുള്ള രാജസ്ഥാൻ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചു.