ന്യൂഡൽഹി: സഞ്ജു സാംസന്റെ അർദ്ധ സെഞ്ച്വറി അടങ്ങിയ മികച്ച ഇന്നിങ്‌സിനെ നിഷ്പ്രഭമാക്കി കൊണ്ട് ഡൽഹി ക്യാപിറ്റൽസിന് രാജസ്ഥാൻ റോയൽസിന് എതിരെ 20 റൺസ് വിജയം. 46 പന്തിൽ നിന്ന് 86 റൺസെടുത്ത സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവെച്ചു

രണ്ടാം പന്തിൽ തന്നെ യശ്വസി ജയ്‌സ്വാളിന്റെ (4) വിക്കറ്റ് വീണ രാജസ്ഥാന്റെ തുടക്കം പിഴച്ചു. ജോസ് ബട്ട്‌ലർ റൺസ് കണ്ടെത്താൻ വിഷമിച്ചെങ്കലും സഞ്ജു റൺ നിരക്ക് നിലനിർത്തി. 17 പന്തിൽ 19 റൺസെടുത്ത് ബട്ട്‌ലർ മടങ്ങി. 22 പന്തിൽ മൂന്ന് സിക്‌സർ സഹിതം 27 റൺസെടുത്ത റയാൻ പരാഗിനെ റാസിഖ് സലാം ബൗൾഡാക്കി. 16ാം ഓവറിൽ മുകേഷ് കുമാറിനെ സിക്‌സറടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം ബൗണ്ടറി ലൈനിൽ ഷായ് ഹോപിന്റെ കൈകളിൽ അവസാനിച്ചു. സഞജു സാംസന്റെ പുറത്താകൽ വിവാദമാവുകയും ചെയ്തു. മുകേഷ് കുമാറിന്റെ പന്തിൽ ഷായ് ഹോപ് ക്യാച്ചെടുത്തെങ്കിലും, ബൗണ്ടറി റോപ്പിനോട് വരെ ചേർന്നായിരുന്നു. ടേഡ് അംപയർ ഔട്ട് വിളിച്ചെങ്കിലും, സഞ്ജു വഴങ്ങാതെ അംപയറുമായി സംസാരിച്ചുനിന്നു. എന്തായാലും സഞ്ജുവിന്റെ പുറത്താകലോടെ രാജസ്ഥാൻ നിറം മങ്ങി.

ശുഭം ദുബേ 12 പന്തിൽ 25 റൺസെടുത്ത് പുറത്തായി. ഡൊണോവൻ ഫെറെയ്‌റ (ഒന്ന്), ആർ. അശ്വിൻ (രണ്ട്), റോവ്മാൻ പവൽ (13) എന്നിവരുടെ വിക്കറ്റുകളും പിന്നാലെ വീണു. അവസാന ഓവറുകളിലെ മാന്ദ്യം കൂടിയായതോടെ രാജസ്ഥാൻ തോൽവി സമ്മതിച്ചു. ഡൽഹിക്കായി ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റും അക്‌സർ പട്ടേൽ റാസിഖ് സലാം എന്നിവർ ഓരോ വിക്കറ്റും നേടി.

സ്‌കോർ- ഡൽഹി 221/8 (20 ഓവർ). രാജസ്ഥാൻ 201/8 (20 ഓവർ).

നേരത്തെ ഡൽഹി ക്യാപ്പിറ്റൽസ് രാജസ്ഥാൻ റോയൽസിന് 222 റൺസ് വിജയലക്ഷ്യം കുറിച്ചു. ജേക് ഫ്രേസർ മാക്ഗുർകും അഭിഷേക് പോരലും നേടിയ അർദ്ധ സെഞ്ചറികളുടെ മികവിലാണ് ഡൽഹി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തത്. നാല് ഓവറിൽ മൂന്നുവിക്കറ്റ് വീഴ്‌ത്തിയ രവിചന്ദ്രൻ അശ്വിനാണ് ഏറ്റവും തിളങ്ങിയത്. ടോസ് നേടിയ സഞ്ജു ഡൽഹിക്കെതിരെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

റിഷഭ് പന്തിന്റെ വിക്കറ്റ് പിഴുതുകൊണ്ട് യുസ്വേന്ദ്ര ചാഹൽ 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി. 20 പന്തിൽ താഴെ മൂന്നു അർദ്ധ സെഞ്ചുറികൾ നേടുന്ന ഐപിഎല്ലിലെ ആദ്യ കളിക്കാനെന്ന ബഹുമതി ഡൽഹിയുടെ ഓപ്പണർ ജേക് ഫ്രേസർ മാക്ഗുർക് സ്വന്തമാക്കി.