ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് അവസാന പന്ത് വരെ പൊരുതിയ ശേഷമാണ് തോൽവി വഴങ്ങിയത്. നായകൻ എം എസ് ധോണിയുടെ മാസ്മരിക ബാറ്റിംഗിന്റെ മികവിൽ വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന ഓവറിലെ അവസാന രണ്ട് മികച്ച പന്തുകളിലുടെ ചെറുത്തുനിന്ന സന്ദീപ് ശർമ്മയാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്.

രാജസ്ഥാന്റെ 175 റൺസ് പിന്തുടരവെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ 32 റൺസ് നേടി. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പമുള്ള ധോണിയുടെ ബാറ്റിംഗാണ് മത്സരത്തിൽ സിഎസ്‌കെയ്ക്ക് പ്രതീക്ഷ നൽകിയത്.

എന്നാൽ മത്സരത്തിനിടെ ധോണിക്ക് പരിക്കേറ്റുവെന്ന സംശയിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മത്സരശേഷം നടക്കാൻ വളരെയധികം ബുദ്ധിമുട്ടുന്ന ധോണിയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കഠിനമായ മുട്ട് വേദന സഹിച്ച് കൊണ്ടാണ് താരം കളിച്ചതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മുടന്തി കൊണ്ട് ഡ്രെസിങ് റൂമിലേക്ക് മടങ്ങുന്ന ധോണിയാണ് വീഡിയോയിലുള്ളത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഇടയ്ക്ക് ധോണി ഓടാൻ പ്രയാസപ്പെടുന്നത് കാണാമായിരുന്നു.

അതിവേഗത്തിൽ ഡബിൾ ഓടിയെടുക്കാറുള്ള എംഎസ്ഡി പതിവിൽ നിന്ന് വ്യത്യസ്തമായി സിംഗിളുകളിലാണ് ശ്രദ്ധയൂന്നിയത്. വിക്കറ്റിനിടയിലെ മറ്റൊരു അതിവേഗ ഓട്ടക്കാരനായ രവീന്ദ്ര ജഡേജ കൂടെയുണ്ടായിട്ടും ധോണിക്ക് സിംഗിളുകൾ ഡബിളുകളാക്കി മാറ്റാനായില്ല. എം എസ് ധോണിക്ക് പരിക്ക് എന്ന സംശയം മത്സര ശേഷമുള്ള വാർത്താസമ്മേളനത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിങ് പ്രകടിപ്പിച്ചിരുന്നു.

എന്നാൽ നായകന്റെ പരിക്ക് സംബന്ധിച്ചുള്ള ഔദ്യോഗിക അപ്ഡെറ്റുകളൊന്നും പുറത്തുവന്നിട്ടില്ല. ചെന്നൈ സൂപ്പർ കിങ്സ് ഇന്നിങ്സിലെ അവസാന ഓവറിലെ നാലാം പന്തിൽ രണ്ട് റൺ ഓടിയെടുക്കേണ്ട സ്ഥാനത്ത് ധോണി ഒരു റണ്ണിനായേ ഓടിയുള്ളൂ. ധോണിയുടെ ഓട്ടത്തിന് വേഗക്കുറവുള്ള കാര്യം കമന്റേറ്റർ മാത്യൂ ഹെയ്ഡൻ ചൂണ്ടിക്കാണിച്ചിരുന്നു.

എം എസ് ധോണിയുടെ കാര്യത്തിൽ ഒരു പിഴവ് എന്തായാലുമുണ്ട്. വിക്കറ്റിന് ഇടയിലുള്ള ഓട്ടം സാധാരണഗതിയിൽ ഏറെ ഊർജത്തോടെയുള്ളതായിരുന്നു. എന്നാൽ രാജസ്ഥാൻ റോയൽസിനെതിരെ അതുണ്ടായില്ല' എന്നുമാണ് മാത്യൂ ഹെയ്ഡന്റെ വാക്കുകൾ. എന്നാൽ 41കാരനായ ധോണിയുടെ പ്രായം പരിഗണിക്കണമെന്ന് ഹെയ്ഡന് ആരാധകർ മറുപടി നൽകിയിരുന്നു.

രാജസ്ഥാൻ റോയൽസിനെതിരെ ജയിക്കാൻ 21 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ എം എസ് ധോണി രണ്ട് സിക്സുകൾ പറത്തിയിരുന്നു. എന്നിട്ടും സിഎസ്‌കെ മൂന്ന് റൺസിന്റെ തോൽവി രാജസ്ഥാനോട് വഴങ്ങി. രാജസ്ഥാൻ മുന്നോട്ടുവെച്ച 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിഎസ്‌കെയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റിന് 172 റൺസെടുക്കാനേ സാധിച്ചുള്ളൂ. സിഎസ്‌കെയ്ക്കായി ദേവോൺ കോൺവെ(50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി(17 പന്തിൽ 32*), രവീന്ദ്ര ജഡേജ(15 പന്തിൽ 25*) എന്നിവർ അവസാന ഓവറുകളിൽ ശ്രമിച്ചിട്ടും ടീമിനെ വിജയിപ്പിക്കാനായില്ല.

അടുത്ത തിങ്കളാഴ്ച ബെംഗളുരുവിൽ വച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെയാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ അടുത്ത മത്സരം നാല് കളിയിൽ നിന്നും രണ്ട് ജയവും രണ്ട് തോൽവിയുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈ. അടുത്ത മത്സരത്തിന് മുമ്പ് ധോണി കായികക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ