- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിക്കൽ പ്രഖ്യാപനം നടത്തി ദിനേശ് കാർത്തിക്ക്
മുംബൈ: ഐപിഎൽ അടക്കം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്. തന്റെ 39-ാം ജന്മദിനത്തിലാണ് കാർത്തിക് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരമായ കാർത്തിക് ഇനി ഐപിഎല്ലിലും കളിക്കില്ല. കരിയറിൽ തന്നെ പിന്തുണച്ച എല്ലാ പരിശീലകർക്കും നായകന്മാർക്കും സെലക്ടർമാർക്കും കാർത്തിക് നന്ദി പറഞ്ഞു.
രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. എല്ലാ സമയത്തും മാതാപിതാക്കൾ കരുത്തും പിന്തുണയും നൽകി. അവരുടെ അനുഗ്രഹമില്ലാതെ ഞാൻ ഈ നിലയിൽ എത്തില്ലായിരുന്നു. ജീവിതപങ്കാളി ദീപികയോടും കടപ്പെട്ടിരിക്കുന്നു. ആരാധകരുടെ പിന്തുണയും സ്നേഹവും ഇല്ലാതെ ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങൾക്കും നിലനിൽപ്പുണ്ടാകില്ലെന്നും വിരമിക്കൽ പ്രഖ്യാപനത്തിൽ ദിനേശ് കാർത്തിക് പറഞ്ഞു.
ആർസിബിക്കായി ഇത്തവണ മികച്ച പ്രകടനം നടത്തിയ ദിനേശ് കാർത്തിക് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സെലക്ടർമാർ യുവതാരങ്ങളെ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തേക്ക് പരിഗണിച്ചു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു. ഇതോടയാണ് വിരമിക്കൽ പ്രഖ്യാപനം.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ദിനേശ് കാർത്തിക് ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടിയാണ് കളിച്ചിരുന്നത്. ഇത്തവണ ആർസിബിയെ പ്ലേ ഓഫിലെത്തിക്കുന്നതിൽ കാർത്തികിന്റെ പ്രകടനങ്ങൾ നിർണായകമായിരുന്നു. രാജസ്ഥാൻ റോയൽസിനെതിരായ എലിമിനേറ്റർ മൽസരത്തിന് ശേഷമായിരുന്നു വിരമിക്കൽ.
അഹമ്മദാബാദിൽ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ എലിമിനേറ്ററായിരുന്നു കാർത്തികിന്റെ അവസാന ഐപിഎൽ മത്സരം. രണ്ട് പതിറ്റാണ്ടിലധികമായി ഇന്ത്യൻ ക്രിക്കറ്റിൽ സജീവമായിരുന്നു അദ്ദേഹം. ഐപിഎൽ 2023 ൽ മോശം ഫോമിലായിരുന്ന കാർത്തിക് ഈ വർഷം തിരിച്ചുവരവ് നടത്തുകയായിരുന്നു. ഐപിഎൽ 2024ൽ 187.35 സ്‌ട്രൈക്ക് റേറ്റിൽ 13 ഇന്നിങ്‌സുകളിൽ നിന്ന് 326 റൺസാണ് കാർത്തിക് നേടിയത്. സീസണിൽ രണ്ട് അർധസെഞ്ചുറികളും അദ്ദേഹം കുറിച്ചു. 257 ഐപിഎൽ മത്സരങ്ങളിലായി 135.36 സ്‌ട്രൈക്ക് റേറ്റിൽ 4,842 റൺസാണ് സമ്പാദ്യം. 97* ആണ് ഉയർന്ന സ്‌കോർ. 22 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്.
മൂന്ന് ഫോർമാറ്റുകളിലുമായി 180 മത്സരങ്ങളാണ് കാർത്തിക് ഇന്ത്യക്കായി കളിച്ചത്. ഏകദിനത്തിൽ 30.21 ശരാശരിയിൽ 1752 റൺസും ട്വന്റി 20 യിൽ 26.38 ശരാശരിയിൽ 686 റൺസും നേടി. ടെസ്റ്റിൽ 42 ഇന്നിങ്സുകളിൽ നിന്ന് 1025 റൺസാണ് കാർത്തിക്കിന്റെ സമ്പാദ്യം. ടെസ്റ്റ് ഫോർമാറ്റിൽ ഒരു സെഞ്ചുറി നേടിയപ്പോൾ മൂന്ന് ഫോർമാറ്റുകളിലുമായി 17 അർധ സെഞ്ചുറി സ്വന്തമാക്കി. ഐപിഎല്ലിൽ 257 മത്സരങ്ങളിൽ നിന്ന് 135.36 സ്ട്രൈക് റേറ്റിൽ 4842 റൺസ് നേടിയിട്ടുണ്ട്.