ബെംഗളൂരു: സൂപ്പർ താരങ്ങൾ അണിനിരന്ന കരുത്തരായ വെസ്റ്റ് സോണിനെ 75 റൺസിന് മലർത്തിയടിച്ച് ദുലീപ് ട്രോഫി സ്വന്തമാക്കി സൗത്ത് സോൺ. രണ്ടാം ഇന്നിങ്‌സിൽ 298 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് സോൺ 222ൽ ഓൾഔട്ടാവുകയായിരുന്നു. വെസ്റ്റ് സോണിന് അഞ്ച് വിക്കറ്റ് കയ്യിലിരിക്കേ അഞ്ചാം ദിനം 116 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 182/5 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച അവർക്ക് 40 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റുകളും നഷ്ടമായി.

ബെംഗളുരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ ഹനുമ വിഹാരിയുടെ നേതൃത്വത്തിലുള്ള സൗത്ത് സോൺ വിജയം ഉറപ്പിച്ചു. സൗത്ത് സോൺ പതിനാലാം തവണയാണ് ദുലീപ് ട്രോഫി സ്വന്തമാക്കുന്നത്.

കരുത്തരായ താരങ്ങളുടെ നീണ്ട നിരയുള്ള വെസ്റ്റ് സോണിന് അവസാന ഇന്നിങ്‌സിൽ 298 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ നാല് വിക്കറ്റ് വീതവുമായി വാസുകി കൗശിക്കും രവിശ്രീനിവാസൻ സാ കിഷോറും ഓരോ വിക്കറ്റ് നേടി വിദ്വത് കവരെപ്പയും വിജയകുമാർ വൈശാഖും വരിഞ്ഞുമുറുക്കി.

94 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച നായകൻ പ്രിയങ്ക് പാഞ്ചലിനെ തുടക്കത്തിലെ പുറത്താക്കിയ കവരെപ്പയാണ് മത്സരം സൗത്ത് സോണിന് അനുകൂലമാക്കിയത്. പാഞ്ചലിന് ഒരു റൺസ് കൂടിയേ ഇന്ന് നേടാനായുള്ളൂ. അദേഹം 95ൽ മടങ്ങി. ഷാംസ് മലാനി(2), ദർമേന്ദ്ര സിങ് ജഡേജ(15), ചിന്ദൻ ഗാജ(0), അതിദ് ഷേത്(9), അർസാൻ നാഗവസ്വാല(0*) എന്നിങ്ങനെയായിരുന്നു പിന്നിടുള്ളവരുടെ സ്‌കോറുകൾ.

പ്രിയങ്ക് പാഞ്ചലിന്റെ സഹ ഓപ്പണറായ പൃഥ്വി ഷാ(7), വിക്കറ്റ് കീപ്പർ ഹാർവിക് ദേശായി(4), ചേതേശ്വർ പൂജാര(14), സൂര്യകുമാർ യാദവ്(4), സർഫറാസ് ഖാൻ(48) എന്നീ പ്രമുഖ ബാറ്റർമാരുടെ വിക്കറ്റ് നാലാം ദിനം വെസ്റ്റ് സോണിന് നഷ്ടമായിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്ത് സോൺ ഒന്നാം ഇന്നിങ്‌സിൽ 213 റൺസ് നേടിയപ്പോൾ വെസ്റ്റ് സോണിന്റെ മറുപടി ഇന്നിങ്‌സ് 146 റൺസിൽ അവസാനിച്ചിരുന്നു.

രണ്ടാം ഇന്നിങ്‌സിൽ 230 റൺസും നേടി വ്യക്തമായ ലീഡെടുത്ത സൗത്ത് സോൺ 298 റൺസിന്റെ വിജയലക്ഷ്യം വച്ചുനീട്ടുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ 7 അടക്കം എട്ട് വിക്കറ്റ് ഫൈനലിൽ നേടിയ സൗത്തിന്റെ വിദ്വത് കവരെപ്പയാണ് കലാശപ്പോരിലേയും ടൂർണമെന്റിലേയും മികച്ച താരം.