- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഡ്വെയ്ൻ ബ്രാവോ; ടീമിൽ നിന്നും പടിയിറങ്ങുന്നത് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന പെരുമയോടെ; ചെന്നൈ ടീമിൽ ഇനി പുതിയ പദവിയിൽ

ചെന്നൈ: വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പർ കിങ്സ് താരമായ ഡ്വെയ്ൻ ബ്രാവോ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന അത്രവേഗത്തിൽ തകരാൻ സാധ്യതയില്ലാത്ത നേട്ടവുമായാണ് പടിയിറങ്ങുന്നത്. വിരമിച്ചെങ്കിലും തന്റെ ഇഷ്ട ടീമായ ചെന്നൈക്കൊപ്പം മറ്റൊരു റോളിൽ തുടരുമെന്ന് ബ്രാവോ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത സീസണിലേക്കുള്ള താരലേലത്തിനായി രജിസ്റ്റർ ചെയ്ത കളിക്കാരുടെ പട്ടികയിൽ ബ്രാവോയുടെ പേരുണ്ടായിരുന്നില്ല. താൻ ഐപിഎല്ലിൽ നിന്ന് വിരമിക്കുകയാമെന്ന് ബ്രാവോ വ്യക്തമാക്കി. ഐപിഎല്ലിൽ നിന്ന് വിരമിച്ചാലും ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബൗളിങ് പരിശീലകനായി ടീമിനൊപ്പം തുടരുമെന്നും ബ്രാവോ പറഞ്ഞു.
ചെന്നൈയുടെ ബൗളിങ് പരിശീലകനായിരുന്ന ലക്ഷ്മിപതി ബാലാജി ഒരു സീസണിലേക്ക് വിശ്രമം എടുക്കുന്നതിനാലാണ് ബ്രാവോ പകരം ബൗളിങ് പരിശീലകനാകുന്നത്. ചെന്നൈക്കായി കളിക്കുമ്പോഴെ ബൗളർമാർക്ക് മാർഗനിർദ്ദേശം നൽകുന്നതിനാൽ പുതിയ പദവി അധിക ഉത്തരവാദിത്തമായി കരുതുന്നില്ലെന്ന് ബ്രാവോ പ്രസ്താവനയിൽ വ്യക്തമാക്കി.
ആകെയുള്ള വ്യത്യാസം താൻ മിഡോഫിലോ മിഡ് ഓണിലോ ഫീൽഡ് ചെയ്യുന്നുണ്ടാവില്ല എന്നത് മാത്രമാകുമെന്നും ബ്രാവോ വ്യക്തമാക്കി. ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാകുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്ന് പറഞ്ഞ ബ്രാവോ ഐപിഎൽ ചരിത്രത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബൗളറാണ് ബ്രാവോ. 161 മത്സരങ്ങളിൽ 183 വിക്കറ്റുകളാണ് ബ്രാവോയുടെ പേരിലുള്ളത്. മുംബൈ ഇന്ത്യൻസ് വിട്ട് 2011ൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഭാഗമായ ബ്രാവോ ചെന്നൈയുടെ മൂന്ന് കിരീട നേട്ടങ്ങളിലും പങ്കാളിയായി.
ഡ്വെയ്ൻ ബ്രാവോക്ക് പുറമെ , റോബിൻ ഉത്തപ്പ, ആദം മിൽനെ, ഹരി നിശാന്ത്, ക്രിസ് ജോർദാൻ, ഭഗത് വർമ്മ, കെ എം ആസിഫ്, നാരായൻ ജഗദീശൻ എന്നിവരെ മിനി താരലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്‌സ് കൈവിട്ടിരുന്നു. നായകൻ എം എസ് ധോണിക്ക് പുറമെ ദേവോൺ കോൺവേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, സുഭ്‌രാൻശു സേനാപതി, മൊയീൻ അലി, ശിവം ദുബെ, രാജ്‌വർധൻ ഹങ്കരേക്കർ, ഡ്വെയ്ൻ പ്രിറ്റോറിയസ്, മിച്ചൽ സാന്റ്‌നർ, രവീന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീഷ് പതിരാനസ സിമർജീത്ത് സിങ്, ദീപക് ചാഹർ, പ്രശാന്ത് സോളങ്കി, മഹീഷ് തീഷ്ണ എന്നിവരെ ചെന്നൈ നിലനിർത്തി. ചെന്നൈയുടെ പേഴ്‌സിൽ 20.45 കോടി രൂപയാണ് അവശേഷിക്കുന്നത്. രണ്ട് വിദേശ താരങ്ങളുടെ സ്ലോട്ട് അവശേഷിക്കുന്നു.


