- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് ഏകദിനമോ ട്വന്റി ട്വന്റിയോ! ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം കൊണ്ട് 500ന് മുകളിലടിച്ച് ലോക റെക്കോർഡിട്ട് ഇംഗ്ലണ്ട്; ഇന്നിങ്ങ്‌സിൽ പിറന്നത് നാല് സെഞ്ചുറകൾ; മത്സരം നടന്നത് 75 ഓവറുകൾ മാത്രം; വെടിക്കെട്ട് ബാറ്റിങ്ങിൽ നാണം കെട്ട് പാക്കിസ്ഥാൻ ബൗളിങ്ങ് നിര; മത്സരത്തിലുടനീളം റെക്കോർഡുകളുടെ പെരുമഴയും

റാവൽപിണ്ടി: പാക്കിസ്ഥാന് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം റൺസ് വാരിക്കൂട്ടി ഇംഗ്ലണ്ട്.ആദ്യ ദിനം വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് 75 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 506 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടി20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗുമായാണ് ഇംഗ്ലണ്ട് ലോക റെക്കോർഡിട്ടത്.ഈതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ 112 വർഷത്തെ ചരിത്രത്തിൽ ഒരു ദിവസം 500ന് മുകളിൽ റൺസടിക്കുന്ന ആദ്യ ടീമായും ഇംഗ്ലണ്ട് മാറി.
ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്‌ട്രേലിയ നേടിയ 494-6 റൺസിന്റെ റെക്കോർഡാണ് ഇംഗ്ലണ്ട് ഇന്ന് പിന്നിലാക്കിയത്. വെളിച്ചക്കുറവ് മൂലം ഇന്ന് 75 ഓവർ മാത്രമാണ് മത്സരം നടന്നത്. 6.75 ഇക്കോണമിയിലാണ് ഇംഗ്ലണ്ട് ഇന്ന് റൺസടിച്ചത്.ഇതിനു പുറമെയും നിരവധി റെക്കോർഡുകൾ മത്സരത്തിൽ പിറന്നു.ഇംഗ്ലണ്ടിനായി നാലു ബാറ്റർമാർ സെഞ്ചുറി നേടി. ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീമിലെ നാലു പേർ സെഞ്ചുറി നേടുന്നതും ഇതാദ്യമായാണ്.
ആദ്യ ദിനത്തിലെ ആദ്യ സെഷനിൽ 174, രണ്ടാം സെഷനിൽ 158, മൂന്നാം സെഷനിൽ 174 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ട് സ്‌കോർ ചെയ്തത്. അവസാന 174 റൺസ് വെറും 21 ഓവറിലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ സാക്ക് ക്രോളിയും ബെൻ ഡക്കറ്റും ചേർന്ന് 13.5 ഓവറിൽ ഇംഗ്ലണ്ടിനെ 100 കടത്തി. 86 പന്തിൽ ക്രോളി സെഞ്ചുറി തികച്ചപ്പോൾ ഡക്കറ്റും പിന്നാലെ സെഞ്ചുറിയിലെത്തി.

ജോ റൂട്ട് നിരാശപ്പെടുത്തിയെങ്കിലും പിന്നാലെ വന്ന ഒലി പോപ്പും ഹാരി ബ്രൂക്കും സെഞ്ചുറികൾ നേടി.80 പന്തിലാണ് ബ്രൂക്ക് സെഞ്ചുറി തികച്ചത്.പാക് സ്പിന്നറായ സൗദ് ഷക്കീലിനെ ഒരോവറിൽ ആറു ഫോറടിച്ച് ബ്രൂക്ക് ഇംഗ്ലണ്ടിന്റെ അതിവേഗ ടെസ്റ്റ് സെഞ്ചുറിക്ക് അരികിലെത്തിയെങ്കിലും 90കളിൽ വേഗം കുറഞ്ഞതോടെ അതിവേഗ സെഞ്ചുറിയുടെ റെക്കോർഡ് കൈവിട്ടു.
ഓപ്പണർമാരായ സാക്ക് ക്രോളിയും ബെൻ ഡക്കറ്റും 233 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടുയർത്തിയശേഷമാണ് വേർപിരിഞ്ഞത്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ 81 പന്തിൽ 101 റൺസുമായി ബ്രൂക്കും, 15 പന്തിൽ 34 റൺസുമായി സ്റ്റോക്‌സുമാണ് ക്രീസിൽ. 73 ബൗണ്ടറികളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനം.
ഇംഗ്ലണ്ട് പര്യടനത്തിന് എത്തിയ കളിക്കാരെ അജ്ഞാത് വൈറസ് രോഗം ബാധിച്ചതിനാൽ മത്സരം ഇന്ന് നടക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു.ഈ വർഷമാദ്യം ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ ഉപയോഗിച്ച അതേ പിച്ചാണ് ഇന്നത്തെ മത്സരത്തിനും ഉപോഗിച്ചത്. അന്ന് 1,187 റൺസാണ് ഇരു ടീമും അടിച്ചെടുത്തത്. ആകെ വീണത് 14 വിക്കറ്റ് മാത്രവും. ശരാശരിയിലും താവെ നിലവാരമുള്ള പിച്ചെന്ന് ഐസിസി അന്ന് വിലയിരുത്തിയിരുന്നു.


