- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രക്ഷകനായി കെ എൽ രാഹുൽ; മിന്നുന്ന അർധ സെഞ്ചുറിയും ജഡേജയ്ക്ക് ഒപ്പം സെഞ്ചുറി കൂട്ടുകെട്ടും; മുൻനിര വീണിട്ടും ഇന്ത്യക്ക് ഏകദിന പരമ്പരയിൽ വിജയത്തുടക്കം; ഓസിസിനെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം. ഓസിസ് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 39.5 ഓവറിൽ ഇന്ത്യ മറികടന്നു. മുൻനിര ബാറ്റർമാർ വീണിട്ടും കെ എൽ രാഹുൽ (91 പന്തിൽ പുറത്താവാതെ 75) നേടിയ മിന്നുന്ന അർധ സെഞ്ചുറിയാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. രാഹുലിന് ഒപ്പം സെഞ്ചുറി കൂട്ടുകെട്ട് ഒരുക്കിയ രവീന്ദ്ര ജഡേജ (45) വിജയത്തിൽ തുല്യപങ്കാളിയായി.
മോശം പ്രകടനങ്ങളിലൂടെ ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടപ്പെട്ട കെ എൽ രാഹുൽ ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായി മാറുന്ന കാഴ്ചയാണ് വാംഖഡെ സ്റ്റേഡിയത്തിൽ കണ്ടത്. വിരാട് കോലിയും ടെസ്റ്റിൽ രാഹുലിന്റെ സ്ഥാനം 'കയ്യടക്കിയ' ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഒക്കെ നിരാശപ്പെടുത്തിയ മത്സരത്തിൽ അവസരോചിതമായ അർധസെഞ്ചറിയുമായി രാഹുൽ ഒരറ്റത്ത് ഉറച്ചുനിന്നതോടെ, ഓസിസിന്റെ പോരാട്ട വീര്യവും വാശിയും കെട്ടടങ്ങി.
ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലും പിന്നീട് അഞ്ചിന് 83 റൺസ് എന്ന നിലയിലും തകർന്ന ഇന്ത്യയ്ക്ക്, പിരിയാത്ത ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം രാഹുൽ പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് വിജയത്തിന് അടിത്തറയായത്. 123 പന്തുകൾ നേരിട്ട ഇരുവരും അടിച്ചുകൂട്ടിയത് 108 റൺസാണ്. അഞ്ചാമനായി ക്രീസിലെത്തിയ രാഹുൽ 75 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ടോപ് സ്‌കോററായി.
91 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും ഒരു സിക്‌സും സഹിതമാണ് 75 റൺസെടുത്തത്. രാഹുലിന്റെ 13ാം ഏകദിന അർധസെഞ്ചറിയാണിത്. ഓസീസിന്റെ ക്ഷമ പരീക്ഷിച്ച് ക്രീസിൽ ഉറച്ചുനിന്ന രവീന്ദ്ര ജഡേജ, രാഹുലിന് ഉറച്ച പിന്തുണ നൽകി. ജഡേജ 69 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 36 റൺസെടുത്തു.
നേരത്തെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ഓസീസ് 188ന് പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിരയിൽ മിച്ചൽ മാർഷ് (81) മാത്രമാണ് തിളങ്ങിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ഏകദിനം ഞായറാഴ്‌ച്ച വിശാഖപട്ടണത്ത് നടക്കും.
ഇഷാൻ കിഷനാണ് (3) ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. രോഹിത് ശർമയ്ക്ക് പകരം ടീമിലെത്തിയ ഇഷാൻ കിഷന് അവസരം മുതലാക്കാനായില്ല. എട്ട് പന്ത് മാത്രമായിരുന്നു ഇഷാന്റെ ആയുസ്. സ്റ്റോയിനിസിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. അഞ്ചാം ഓവറിൽ കോലിയും സൂര്യയും മടങ്ങി. ഇരുവരേയും അടുത്തടുത്ത പന്തുകളിൽ സ്റ്റാർക്ക് വിക്കറ്റിന് മുന്നിൽ കുടുക്കി. ശുഭ്മാൻ ഗില്ലിനെ (20) സ്റ്റാർക്ക് ലബുഷെയ്നിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാലിന് 39 എന്ന നിലയിലായി ഇന്ത്യ.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഹാർദിക് പാണ്ഡ്യ (25) രാഹുൽ സഖ്യമാണ് തകർച്ച ഒഴിവാക്കിയത്. ഇരുവരും 44 റൺസ് കൂട്ടിചേർത്തു. എന്നാൽ ഹാർദിക്കിനെ പുറത്താക്കി കാമറൂൺ ഗ്രീൻ ഓസീസിന് ബ്രേക്ക് ത്രൂ നൽകി. അഞ്ചിന് 83 എന്ന നിലയിലേക്ക് ഓസീസ് വീണെങ്കിലും രാഹുൽ- ജഡേജ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. ജഡേജ അഞ്ച് ഫോർ നേടി. മിച്ചൽ സ്റ്റാർക്ക് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ഓസീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ ട്രാവിസ് ഹെഡ്ഡാണ് (5) ആദ്യം പുറത്തായത്. ഹെഡിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കി. പിന്നാലെ മാർഷ്- സ്റ്റീവ് സ്മിത്ത് (22) സഖ്യം 72 റൺസ് കൂട്ടിചേർത്തു. എന്നാൽ ഓസീസ് ക്യാപ്റ്റനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. ഇതോടെ രണ്ടിന് 77 എന്ന നിലയിലായി ഓസീസ്. തുടർന്നെത്തിയ മർനസ് ലബുഷെയ്നൊപ്പം 52 റൺസ് കൂട്ടിചേർക്കൻ മാർഷിനായി. എന്നാൽ ജഡേജ മാർഷിനെ മടക്കി. ഇതോടെ മൂന്നിന് 129 എന്ന നിലയിലായി ഓസീസ്. പിന്നാലെ ഓസീസിന്റെ തകർച്ചയും ആരംഭിച്ചു. 15 റൺസെടുത്ത ലബുഷെയ്നെ കുൽദീപ് യാദവ് പുറത്താക്കി.
മധ്യനിരയാവട്ടെ ഷമിക്ക് മുന്നിൽ തകർന്നു. ജോഷ് ഇൻഗ്ലിസ് (26), കാമറൂൺ ഗ്രീൻ (12), മാർകസ് സ്റ്റോയിനിസ് (8) എന്നിവരെയാണ് ഷമി മടക്കിയത്. ഗ്ലെൻ മാക്സ്വെല്ലിനെ (8) ജഡേജ പുറത്താക്കി. സീൻ അബോട്ട് (0), ആഡം സാംപ (0) എന്നിവരെ സിറാജ് മടക്കിയതോടെ ഓസീസ് കൂടാരം കയറി. മിച്ചൽ സ്റ്റാർക്ക് (4) പുറത്താവാതെ നിന്നു.