- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ചീട്ടുകൊട്ടാരമായി ഓസ്‌ട്രേലിയ; മൂന്നാം ദിനം 32.3 ഓവറിൽ ഓൾഔട്ട്; രണ്ടാം ഇന്നിങ്‌സിൽ നേടിയത് 91 റൺസ് മാത്രം; ഇന്ത്യൻ ജയം ഇന്നിങ്‌സിനും 132 റൺസിനും; വീണ്ടും അഞ്ച് വിക്കറ്റ് നേട്ടവുമായി അശ്വിൻ; പരമ്പരയിൽ മുന്നിൽ
നാഗ്പൂർ: നാഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ചീട്ടുകൊട്ടാരമായി ഓസ്‌ട്രേലിയൻ ബാറ്റിങ് നിര തകർന്നടിഞ്ഞതോടെ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം. 223 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം 32.3 ഓവറിൽ വെറും 91 റൺസിന് ഓൾ ഔട്ടായി. ഇന്നിങ്‌സിനും 132 റൺസിനുമാണ് ഇന്ത്യ ഒന്നാം ടെസ്റ്റിൽ ജയം നേടിയത്. ജയത്തോടെ നാലു മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിങ്‌സിൽ കറക്കി വീഴ്‌ത്തിയത്. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്‌ത്തി. സ്‌കോർ ഓസ്‌ട്രേലിട 177, 91, ഇന്ത്യ 400.
51 പന്തിൽ 25 റൺസെടുത്തു പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. ഉസ്മാൻ ഖവാജ (ഒൻപതു പന്തിൽ അഞ്ച്), ഡേവിഡ് വാർണർ (41 പന്തിൽ 10), മാർനസ് ലബുഷെയ്ൻ (28 പന്തിൽ 17), മാറ്റ് റെൻഷോ (ഏഴു പന്തിൽ രണ്ട്), പീറ്റർ ഹാൻഡ്‌സ്‌കോംബ് (ആറു പന്തിൽ ആറ്), അലെക്‌സ് കാരി (ആറ് പന്തിൽ പത്ത്), പാറ്റ് കമ്മിൻസ് (13 പന്തിൽ ഒന്ന്), ടോഡ് മർഫി (15 പന്തിൽ രണ്ട്), നേഥൻ ലയൺ (20 പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ ഓസ്‌ട്രേലിയൻ താരങ്ങളുടെ ബാറ്റിങ് പ്രകടനങ്ങൾ.
രണ്ടാം ഇന്നിങ്‌സിൽ ഓസീസ് സ്‌കോർ ഏഴിൽ നിൽക്കെ ഉസ്മാൻ ഖവാജയെ വിരാട് കോലിയുടെ കൈകളിലെത്തിച്ച് ആർ. അശ്വിനാണു വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. അധികം പിടിച്ചു നിൽക്കാതെ ലബുഷെയ്ൻ ജഡേജയ്ക്കും ഡേവിഡ് വാർണർ അശ്വിനും വിക്കറ്റു നൽകി മടങ്ങി. ഇന്ത്യ നടത്തിയ സ്പിൻ ആക്രമണത്തെ സ്റ്റീവ് സ്മിത്ത് മാത്രമാണു കുറച്ചെങ്കിലും പ്രതിരോധിച്ചത്.
മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലെക്‌സ് കാരി എന്നിവരെ എൽബിയിൽ കുരുക്കി അശ്വിൻ അഞ്ച് വിക്കറ്റ് ഉറപ്പിച്ചു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ രവീന്ദ്ര ജഡേജ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന്റെ കൈകളിലെത്തിച്ചു. ടോഡ് മർഫിയെ അക്‌സർ പട്ടേൽ പുറത്താക്കി. നേഥൻ ലയണിന്റെയും സ്‌കോട്ട് ബോളണ്ടിന്റെയും വിക്കറ്റുകൾ പേസർ മുഹമ്മദ് ഷമിക്കാണ്.
കൂറ്റൻ ലീഡ് വഴങ്ങിയതിന്റെ സമ്മർദ്ദത്തിൽ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് രണ്ടാം ഓവറിലെ തിരിച്ചടിയേറ്റു. ഉസ്മാൻ ഖവാജയെ(5) സ്ലിപ്പിൽ വിരാട് കോലിയുടെ കൈകളിലെത്തിച്ച് അശ്വിൻ വിക്കറ്റ് വേട്ട തുടങ്ങി. തൊട്ടു പിന്നാലെ അശ്വിന്റെ പന്തിൽ ഡേവിഡ് വാർണർ നൽകിയ അനായാസ ക്യാച്ച് കോലി കൈവിടുകയും ചെയ്തു.
മാർനസ് ലാബുഷെയ്‌നും വാർണറും ചേർന്ന് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ലാബുഷെയ്‌നിനെ(17) വിക്കറ്റിന് മുന്നിൽ കുടുക്കി ജഡേജ ആ കൂട്ടുകെട്ട് പൊളിച്ചു. അശ്വിനെതിരെ രണ്ട് ബൗണ്ടറിയടിച്ച് ആക്രമിച്ചു കളിക്കാൻ ശ്രമിച്ച വാർണറെ അടുത്ത പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ ഓസീസിന് മൂന്നാം പ്രഹരമേൽപ്പിച്ചു.
പിന്നാലെ മാറ്റ് റെൻഷോ(2), പീറ്റർ ഹാൻഡ്‌സ്‌കോംബ്(6), അലക്‌സ് ക്യാരി(10) എന്നിവരെകൂടി അശ്വിൻ അഞ്ച് വിക്കറ്റ് തികക്കുമ്പോൾ ഓസീസ് സ്‌കോർബോർഡിൽ 52 റൺസെ ഉണ്ടായിരുന്നുള്ളു. പാറ്റ് കമിൻസിന് ജഡേജയുടെ സ്പിന്നിനെ അതിജീവിക്കാനായില്ല. ഒരു റണ്ണെടുത്ത കമിൻസിനെ ജഡേജയുടെ പന്തിൽ കെ എസ് ഭരത് പിടികൂടിയതോടെ ഓസീസ് 67-7ലേക്ക് കൂപ്പുകുത്തി.
പിടിച്ചു നിൽക്കാൻ ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ ഒരറ്റത്ത് നിർത്തി ജഡേജയും അക്‌സറും ഷമിയും ചേർന്ന് ഓസീസിന്റെ വാലരിഞ്ഞു. ടോഡ് മർഫിയെ(2) അക്‌സർ മടക്കിയപ്പോൾ ലിയോണിനെയും(8) ബൊളാണ്ടിനെയും(0) വീഴ്‌ത്തി ഓസീസ് ചെറുത്തു നിൽപ്പ് അവസാനിപ്പിച്ചു. 25 റൺസെടുത്ത സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സിലെ പോലെ ജഡേജ സ്മിത്തിനെ ബൗൾഡാക്കിയെങ്കിലും നോ ബോളായതാണ് സ്മിത്തിനെ തുണച്ചത്.
നേരത്തെ വാലറ്റക്കാരെ കൂട്ടുപിടിച്ച് അക്‌സർ പട്ടേൽ നടത്തിയ പോരാട്ടത്തിന്റെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ മികച്ച സ്‌കോർ കുറിച്ചത്. 321-7 എന്ന സ്‌കോറിൽ മൂന്നാം ദിനം ക്രീസിലിറങ്ങി ഇന്ത്യ ലഞ്ചിന് തൊട്ടു മുമ്പ് 400 റൺസിന് ഓൾ ഔട്ടായി. 84 റൺസെടുത്ത അക്‌സർ പട്ടേലും 37 റൺസടിച്ച മുഹമ്മദ് ഷമിയുമാണ് വാലറ്റത്ത് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. 223 റൺസിന്റെ കൂറ്റൻ ലീഡാണ് ഇന്ത്യക്കിപ്പോഴുള്ളത്. ഒമ്പതാം വിക്കറ്റിൽ അക്‌സർ-ഷമി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തിയശേഷമാണ് വേർപിരിഞ്ഞത്.