- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ പ്രീമിയർ ലീഗിന് തൊട്ടുപിന്നാലെ ഐപിഎൽ പോരാട്ടം; പതിനാറാം സീസണിന് തുടക്കമാവുക മാർച്ച് 31 മുതൽ; മെയ് 28ന് ഫൈനൽ; 12 വേദികളിലായി ഹോം - എവേ മത്സരങ്ങൾ; ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും ഗുജറാത്തും ഏറ്റുമുട്ടും
മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പതിനാറാം സീസണിലെ പോരാട്ടങ്ങൾക്ക് മാർച്ച് 31ന് അഹമ്മദാബാദിൽ തുടക്കമാകും. പ്രഥമ വനിതാ പ്രിമിയർ ലീഗ് പൂർത്തിയായി അഞ്ച് ദിവസത്തിനു ശേഷമാണ് ഐപിഎൽ പോരാട്ടങ്ങൾ തുടങ്ങുക. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും. മെയ് 28ന് ഐപിഎൽ കലാശപ്പോരിനും അഹമ്മദാബാദ് സ്റ്റേഡിയം വേദിയാവും.
ഏപ്രിൽ ഒന്നിന് രണ്ട് മത്സരങ്ങളുണ്ട്. ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും രണ്ടാം മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്സ് ഡൽഹി ക്യാപിറ്റൽസിനെയും നേരിടും.
സെപ്റ്റംബർ രണ്ടിനും രണ്ടു മത്സരമുണ്ട്. ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദും മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും.
ഈ സീസണിൽ ലീഗ് ഘട്ടത്തിലാകെ 70 മത്സരങ്ങളാണ് ഉണ്ടാവുക. ഒരു ടീമിന് 14 മത്സരങ്ങൾ കളിക്കാനുണ്ടാകും. 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മാർച്ച് 31 മുതൽ മെയ് 24 വരെയാണ് ലീഗ് ഘട്ടം. ഇടവേളയ്ക്കു ശേഷം ഓരോ ടീമിനും ഹോം, എവേ മത്സരങ്ങൾക്ക് അവസരം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മുൻപത്തേതുപോലെ ഇക്കുറി ഓരോ ടീമും ഏഴ് ഹോം മത്സരങ്ങളും ഏഴ് എവേ മത്സരങ്ങളും കളിക്കും.
ആകെ 12 വേദികളിലായാണ് ലീഗ് ഘട്ട മത്സരങ്ങൾ നടക്കുക. ആകെ 10 ടീമുകളാണ് ഉള്ളതെങ്കിലും പഞ്ചാബ് കിങ്‌സ് ധരംശാലയിലും രാജസ്ഥാൻ റോയൽസ് ഗുവാഹത്തിയിലും രണ്ട് ഹോം മത്സരങ്ങൾ വീതം കളിക്കുന്ന സാഹചര്യത്തിലാണ് വേദികളുടെ എണ്ണം 12 ആയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും രണ്ട് തവണ ഏറ്റുമുട്ടും. ഏപ്രിൽ എട്ടിനാണ് ഇരുടീമുകളും ആദ്യം മുഖാമുഖം വരുന്നത്. രണ്ടാം മത്സരം മെയ് ആറിന് നടക്കും. മെയ് ആറിന് നടക്കുന്ന ഈ പോരാട്ടം ഐ.പി.എല്ലിലെ 1000-ാമത് മത്സരം കൂടിയാണ് എന്ന പ്രത്യേകതയുമുണ്ട്.
മാർച്ച് 31 മുതൽ മെയ് 21 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നത്. ആകെ 10 ടീമുകൾ 70 മത്സരങ്ങൾ കളിക്കും. മലയാളി താരം സഞ്ജു സാംസൺ നായകനാകുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം ഏപ്രിൽ രണ്ടിന് വൈകുന്നേരം 7.30 ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്. ഹൈദരാബാദാണ് മത്സരത്തിന് വേദിയാകുന്നത്. മത്സരങ്ങൾ ഉച്ചയ്ക്ക് 3.30 നും വൈകുന്നേരം 7.30 നും നടത്താനാണ്.
മെയ് 21 നാണ് ലീഗിലെ അവസാന മത്സരം. ഈ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബെംഗളൂരുവിലാണ് മത്സരം. 52 ദിവസങ്ങളിലായി ലീഗ് മത്സരങ്ങൾ പൂർത്തിയാകും. പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങളുടെ തീയ്യതി പുറത്തുവന്നിട്ടില്ല.
ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ 10 ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്. അഹമ്മദാബാദ്, മൊഹാലി, ലഖ്നൗ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ജയ്പുർ, മുംബൈ, ഗുവാഹാട്ടി, ധരംശാല എന്നിവയാണ് വേദികൾ.