ഡൽഹി: ഇന്ത്യൻ ടീമിലെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോഴും സഞ്ജുവെന്ന താരത്തെ അവഗണിക്കാൻ ക്രിക്കറ്റ് ബോർഡിനോ സഹതാരങ്ങൾക്കോ പരിശീലകർക്കോ കഴിയില്ല.കാരണം തനിക്ക് ലഭിച്ച ഓരോ അവസരങ്ങളിലും ഒരോ പരീക്ഷണങ്ങളിലും തളരാതെ തന്റെ പ്രതിഭ അടയാളപ്പെടുത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്്.ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായപ്പോഴും അതിനൊത്ത പ്രകടനത്തോടെയും നിർണ്ണായക തീരമാനത്തോടെയും സഞ്ജു അവിടെയും തന്റെ പ്രതിഭ തെളിയിച്ചു.

ഇപ്പോഴിത ആദ്യമായി സഞ്ജുവിൽ ഒരു ക്യാപ്റ്റനെ കണ്ട സന്ദർഭത്തെക്കുറിച്ച് ഓർമ്മിക്കുകയാണ് ഇന്ത്യയുടെ മുൻ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ.അത് വെറും ഇടപെടൽ മാത്രമായിരുന്നില്ലെന്നും ഇന്ത്യയെ മത്സരത്തിൽ ജയിപ്പിച്ചത് സഞ്ജുവിന്റെ നിർണ്ണായകമായ ആ നിർദ്ദേശമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.ഒപ്പം ഒരിക്കലും തന്നെ കുറിച്ച് ചിന്തിക്കാതെ ടീമിന്റെ മൊത്തം വിജയത്തെക്കുറിച്ച് ചിന്തിക്കുന്നതാണ് സഞ്ജിവിന്റെ കാഴ്‌ച്ചപ്പാടെന്ന സർട്ടിഫിക്കറ്റും ശ്രീധർ സഞ്ജുവിന് നൽകുന്നുണ്ട്.

2020ൽ കാൻബറയിൽ നടന്ന ആസ്ട്രേലിയ-ഇന്ത്യ ടി20 മത്സരം ഏറെ വിവാദമായ സബ്സ്റ്റിറ്റിയൂട്ടിന്റെ പേരിലാകും ക്രിക്കറ്റ് ചരിത്രത്തിൽ ഓർക്കപ്പെടുന്നത്. മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ചഹൽ ബൗളിങ്ങിനിറങ്ങിയതായിരുന്നു സംഭവം. ഗംഭീര ബൗളിങ്ങിലൂടെ ചഹൽ ഓസീസ് സംഘത്തെ വരിഞ്ഞുമുറുക്കുകയും ചെയ്തു.

ആ ബുദ്ധിപരമായ നീക്കത്തിനു പിന്നിൽ മലയാളി താരം സഞ്ജു സാംസണായിരുന്നുവെന്നാണ് ഇന്ത്യയുടെ മുൻ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ വെളിപ്പെടുത്തുന്നത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 23 പന്തിൽ 44 റൺസുമായി മികച്ച നിലയിലെത്തിച്ച ശേഷമായിരുന്നു ജഡേജയുടെ ഹെൽമെറ്റിൽ ആസ്ട്രേലിയൻ ബൗളറുടെ പന്തുതട്ടുന്നത്. ക്രിക്കറ്റിലെ കൺകഷൻ നിയമം അനുസരിച്ച് ആ സമയത്തുതന്നെ താരത്തെ പിൻവലിച്ചാൽ മറ്റൊരു താരത്തെ പകരക്കാരനായി ഇറക്കാവുന്നതാണ്. പുറത്തായ താരത്തിനു സമാനമായി ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും പകരക്കാരനാകും.

അങ്ങനെയാണ് ഇന്ത്യ ജഡേജയെ തിരിച്ചുവിളിച്ച് ചഹലിനെ ഇറക്കിയത്. ഈ സബ് നീക്കത്തിനെതിരെ ഓസീസ് സംഘം അംപയർമാരോട് പരാതി ഉന്നയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുനൽകി ചഹൽ മൂന്ന് വിക്കറ്റെടുക്കുകയും ഇന്ത്യ 11 റൺസിന് മത്സരം ജയിക്കുകയും ചെയ്തു. ചഹൽ തന്നെയായിരുന്നു കളിയിലെ താരം.

ഡഗ്ഗൗട്ടിലിരിക്കെ സഞ്ജുവാണ് ഇത്തരമൊരു ആലോചനയുമായി തന്നെ വന്നു കാണുന്നതെന്നാണ് ആർ. ശ്രീധർ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 'കോച്ചിങ് ബിയോണ്ട്: മൈ ഡെയ്സ് വിത്ത് ദ ഇന്ത്യൻ ക്രിക്കറ്റ് ടീം' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. അന്ന് ഇന്ത്യൻ കോച്ചായിരുന്ന രവി ശാസ്ത്രിയോ നായകനായിരുന്ന വിരാട് കോഹ്ലിയോ ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമുണ്ടായിരുന്നില്ലെന്നും ശ്രീധർ പറഞ്ഞു.

'ആദ്യ ഇന്നിങ്സ് തീരാനിരിക്കെ ഫീൽഡിങ് ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. അപ്പോഴാണ് തൊട്ടടുത്തിരുന്ന സഞ്ജു സാംസൺ ഒരു ആശയം പറയുന്നത്: 'ആ പന്ത് ജഡ്ഡുവിന്റെ ഹെൽമെറ്റിൽ തട്ടിയിട്ടില്ലേ? നമുക്ക് കൺകഷൻ സബ്സ്റ്റിറ്റിയൂട്ടിനു ശ്രമിച്ചുകൂടേ? ജഡേജയ്ക്കു പകരം മറ്റൊരു ബൗളറെ ഇറക്കാലോ?'-ശ്രീധർ വെളിപ്പെടുത്തി.

'ആ യുവതാരത്തിൽ ഒരു ക്യാപ്റ്റനെ ഞാൻ കാണുന്നത് അപ്പോഴാണ്. ഉടൻ രവി ശാസ്ത്രിയുടെ അടുത്തുപോയി കാര്യം പറയാൻ പറഞ്ഞു ഞാൻ. സഞ്ജുവിന്റെ ബുദ്ധി രവിക്കും ബോധിച്ചു. അങ്ങനെ ജഡേജ ഗ്രൗണ്ട് വിട്ടപ്പോൾ രവി ഡ്രെസിങ് റൂമിൽ പോയി വിശ്രമിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.'

രവി ശാസ്ത്രിക്കോ വിരാട് കോഹ്ലിക്കോ ആ ബുദ്ധി ഉദിച്ചിരുന്നില്ല. ചഹലിനെ കൊണ്ടുവന്ന സഞ്ജുവിന്റെ ആ അതിവേഗത്തിലുള്ള ചിന്ത ഞാൻ ഒരുകാലത്തും മറക്കില്ല. സഞ്ജുവിൽ ഒരു ക്യാപ്റ്റനെ കണ്ടത് അപ്പോഴാണ്. കളിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു നായകൻ. താൻ പുറത്തായതിനെക്കുറിച്ചല്ല അദ്ദേഹം ചിന്തിച്ചത്; ടീമിനെക്കുറിച്ചായിരുന്നു.- ശ്രീധർ പുസ്തകത്തിൽ വിശദീകരിച്ചു.

മത്സരത്തിൽ നാലാമനായി ഇറങ്ങിയ സഞ്ജു 15 പന്തിൽ ഓരോ വീതം സിക്സും ബൗണ്ടറിയുമായി 23 റൺസെടുത്ത് പുറത്തായിരുന്നു. അർധസെഞ്ച്വറി നേടിയ കെ.എൽ രാഹുൽ(51) ഒഴികെയുള്ള താരങ്ങളെല്ലാം പരാജയപ്പെട്ട മത്സരത്തിൽ അവസാന ഓവറുകളിൽ ജഡേജ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ ചഹലിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയയെ ഇന്ത്യ 150 റൺസിലൊതുക്കുകയും ചെയ്തു. മൂന്നു വിക്കറ്റുമായി ടി. നടരാജനും മത്സരത്തിൽ തിളങ്ങി.