- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രണ്ടാം ഇന്നിങ്സിന്' ഗാംഗുലിയില്ല; ബിസിസിഐയിൽ ഇനി റോജർ ബിന്നി യുഗം; മുൻ ഇന്ത്യൻ താരത്തെ അധ്യക്ഷനായി നിയമിച്ചു; സെക്രട്ടറിയായി ജയ് ഷാ തുടരും; ട്രഷററായി ബിജെപി എംഎൽഎ ആശിഷ് ഷേലാർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തലപ്പത്ത് സൗരവ് ഗാംഗുലിയുടെ പിൻഗാമിയായി മുൻ താരം റോജർ ബിന്നിയെ നിയമിച്ചു. 2019-മുതൽ പ്രസിഡന്റ് പദത്തിലുണ്ടായിരുന്ന സൗരവ് ഗാംഗുലിക്ക് രണ്ടാം ടേം നിഷേധിച്ചാണ് ബിസിസിഐ ജനറൽ ബോഡി റോജർ ബിന്നിയെ തെരഞ്ഞെടുത്തത്. ബോർഡിന്റെ സെക്രട്ടറിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ തുടരും.
ബിജെപി നേതൃത്വത്തിന് അനഭിമതനായി മാറിയതോടെയാണ് സൗരവ് ഗാംഗുലിക്ക് സ്ഥാനമൊഴിയേണ്ടി വന്നത്. പിന്നാലെ ബെംഗളൂരു സ്വദേശിയായ റോജർ ബിന്നി പ്രസിഡന്റ് സ്ഥാനത്തെക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മുംബൈയിൽ നടക്കുന്ന ബിസിസിഐ വാർഷിക സമ്മേളനത്തിലാണ് 67-കാരനായ റോജർ ബിന്നിയെ പ്രസിഡന്റായി നിയമിച്ചത്.
ഇന്ന് ചേർന്ന ബിസിസിഐ ജനറൽ ബോഡിയിൽ ബിന്നി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിസിസിഐ ട്രഷററായി അരുൺ ധുമലിനെ മാറ്റി ബിജെപി എംഎൽഎ ആശിഷ് ഷേലാറിനെ നിയമിക്കുകയും ചെയ്തു.റോജർ ബിന്നി മാത്രമാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ബിസിസിഐയിലെ മറ്റ് സ്ഥാനങ്ങളിലേക്കും മത്സരമുണ്ടായിരുന്നില്ല. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ആരെയും ഇതുവരെ ബിസിസിഐ നിർദേശിച്ചിട്ടില്ല.
നിലവിൽ കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനായ റോജർ ബിന്നി, 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബോളർ റോജർ ബിന്നിയായിരുന്നു. ബിസിസിഐ സിലക്ഷൻ കമ്മിറ്റി അംഗമായും റോജർ ബിന്നി പ്രവർത്തിച്ചിട്ടുണ്ട്. ബോളിങ് ഓൾറൗണ്ടറായിരുന്ന ബിന്നി ഇന്ത്യയ്ക്കായി 27 ടെസ്റ്റ്, 72 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 47 ഉം ഏകദിനത്തിൽ 77 ഉം വിക്കറ്റുകൾ വീഴ്‌ത്തി.
ബിസിസിഐയിലെ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തെ മുൻ പ്രസിഡന്റ് എൻ ശ്രീനിവാസൻ രൂക്ഷമായി വിമർശിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസിഡന്റെന്ന നിലയിൽ ഗാംഗുലി ഒന്നും ചെയ്തില്ലെന്നും തികഞ്ഞ പരാജയമാണെന്നും ശ്രീനിവാസൻ തുറന്നടിച്ചതായായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ തന്റെ കാലത്തെ നേട്ടങ്ങൾ ഗാംഗുലി ഒരു സ്വകാര്യ ചടങ്ങിൽ എണ്ണിയെണ്ണി പറഞ്ഞതും ശ്രദ്ധേയമായിരുന്നു.
റോജർ ബിന്നി പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതിനെ 1983 ലോകകപ്പ് ടീമിൽ സഹതാരമായിരുന്ന ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്ത്രി സ്വാഗതം ചെയ്തിരുന്നു. 'കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന റോജർ ബിന്നി ബിസിസിഐ പ്രസിഡന്റാവുന്നത് സ്വാഭാവിക തുടർച്ചയാണ്. ബിന്നി പ്രസിഡന്റാവുന്നതിൽ സന്തോഷമേയുള്ളു. ഇതാദ്യമായാണ് ഒരു ലോകകപ്പ് ജേതാവ് ബിസിസിഐയെ നയിക്കാനെത്തുന്നത്. മാധ്യമ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് ആർക്കും രണ്ടാമൂഴം ലഭിച്ചിട്ടില്ല' എന്നുമായിരുന്നു മുംബൈ പ്രസ് ക്ലബ്ലിൽ മാധ്യമപ്രവർത്തരോട് രവി ശാസ്ത്രിയുടെ വാക്കുകൾ.


