മുംബൈ: ഇന്ത്യക്കെതിരെ ആദ്യ ടി20യിൽ ശ്രീലങ്കയ്ക്ക് 163 റൺസ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ സഞ്ജു സാംസൺ (5) ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയ മത്സരത്തിൽ ദീപക് ഹൂഡയാണ് (41) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ഇഷാൻ കിഷൻ (29 പന്തിൽ 37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയ വാനിന്ദു ഹസരങ്ക ഒരു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസുൻ ഷനക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാൻ ഗിൽ, ശിവം മാവി എന്നിവർ ഇന്ത്യയുടെ ടി20 ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചു.

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ 17 റൺസ് ഇഷാൻ കിഷൻ അടിച്ചെടുത്തു. എന്നാൽ ആ ഒഴുക്ക് നിലനിർത്താൻ പിന്നീട് സാധിച്ചില്ല. മൂന്നാം ഓവറിൽ ഗിൽ പുറത്താവുകയും ചെയ്തു. മഹീഷ് തീക്ഷണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ഗിൽ. പേസർമാർക്കെതിരെ നന്നായി കളിച്ച കിഷൻ, തീക്ഷണ പന്തെറിയാനെത്തിയപ്പോൾ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടി.

തുടക്കം മുതൽ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ സൂര്യകുമാർ യാദവ്, ചാമിക കരുണാരത്നെക്കെതിരെ സ്‌കൂപ്പിന് ശ്രമിക്കുമ്പോൾ രജപക്സയ്ക്ക് ക്യാച്ച് നൽകി. ധനഞ്ജയ ഡിസിൽവയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ സഞ്ജുവും മടങ്ങി. അതിന് തൊട്ടുമുമ്പ് സഞ്ജു നൽകിയ അവസരം ലങ്കൻ ഫീൽഡർ വിട്ടുകളഞ്ഞിരുന്നു.

ഇതോടെ ഇന്ത്യ മൂന്നിന് 46 എന്ന നിലയിലായി. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ- ഇഷാൻ സഖ്യമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 31 റൺസ് കൂട്ടിചേർത്തു. എന്നാൽ ഇഷാനെ പുറത്താക്കി ഹസരങ്ക ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി. 29 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറം ഉൾപ്പെടെയാണ് താരം 37 റൺസെടുത്തത്.

സ്‌കോർ 94ൽ എത്തിനിൽക്കെ ഹാർദിക്കും മടങ്ങി. 27 പന്തിൽ 29 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് ദീപക് ഹൂഡ- അക്സർ പട്ടേൽ (20 പന്തിൽ 31) സഖ്യമാണ് ഇന്ത്യയുടെ സ്‌കോർ 150 കടത്തിയത്. ഇരുവരും 68 റൺസ് കൂട്ടിചേർത്തു. ഹസരങ്കയ്ക്ക് പുറമെ ദിൽഷൻ മധുഷനക, മഹീഷ് തീക്ഷണ, ചാമിക കരുണാരത്നെ, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.