അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റൺമല ഉയർത്തി ഗുജറാത്ത് ജെയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 205 റൺസ് വിജയലക്ഷ്യമാണ് കുറിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്തിന് വിജയ് ശങ്കർ (24 പന്തിൽ 63), സായ് സുദർശൻ (38 പന്തിൽ 53) എന്നിവരുടെ അർധ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശുഭ്മാൻ ഗിൽ (39) മികച്ച പ്രകടനം പുറത്തെടുത്തു. ഗുജറാത്തിന് നഷ്ടമായ നാല് വിക്കറ്റുകളിൽ മൂന്നും വീഴ്‌ത്തിയത് സുനിൽ നരെയ്നായിരുന്നു.

അഞ്ചാമനായി ഇറങ്ങി ഓൾറൗണ്ടർ വിജയ് ശങ്കർ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗുജറാത്തിനെ 200 കടത്തിയത്. വെറും 24 പന്തുകൾ നേരിട്ട ശങ്കർ അഞ്ച് സിക്സും നാല് ഫോറുമടക്കം 63 റൺസോടെ പുറത്താകാതെ നിന്നു. ശാർദുൽ താക്കൂർ എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായ മൂന്ന് സിക്സറുകൾ പറത്തിയ ശങ്കർ 262.50 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

വൃദ്ധിമാൻ സാഹയുടെ (17) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. സുനിൽ നരെയ്നെ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിൽ നാരായൺ ജഗദീഷന് ക്യാച്ച് നൽകുകയായിരുന്നു താരം. പിന്നാലെ ഗിൽ- സായ് സഖ്യം 67 റൺസ് കൂട്ടിചേർത്തു. ഗിലും സുദർശനും കൃത്യമായ ഇടവേളകളിലാണ് മടങ്ങിയത്. എന്നാൽ വിജയ് ശങ്കറുടെ ഇന്നിങ്സ് ഗുജറാത്തിന്റെ സ്‌കോർ 200 കടത്തി. 24 പന്തുകൾ മാത്രം നേരിട്ട താരം 64 റൺസാണ് അടിച്ചെടുത്തത്. ഇതിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടും. ഷാർദുൽ ഠാക്കൂർ എറിഞ്ഞ അവസാന ഓവറിൽ മാത്രം മൂന്ന് സിക്സ് നേടി. മൂന്ന് പന്തിൽ രണ്ട് റൺസുമായി ഡേവിഡ് മില്ലർ പുറത്താവാതെ നിന്നു

സ്ഥിരം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. റാഷിദ് ഖാനാണ് ടീമിനെ നയിക്കുന്നത്. ഹാർദിക്ക് പൂർണമായും ഫിറ്റെല്ലെന്നാണ് റാഷിദ് വ്യക്തമാക്കി. ഹാർദിക്കിന് പകരം വിജയ് ശങ്കർ ടീമിലെത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊൽക്കത്ത ഇറങ്ങുന്നത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ ടീമിലെത്തി. മൻദീപ് സിംഗും പുറത്തായി. നാരായൺ ജഗദീഷനാണ് ടീമിലെത്തിയത്.