ജയ്പുർ: ഐപിഎല്ലിൽ അഹമ്മദബാദിൽ ഏറ്റ തോൽവിക്ക് രാജസ്ഥാൻ റോയൽസിനെ അവരുടെ തട്ടകത്തിൽ ഒമ്പത് വിക്കറ്റിന് കീഴടക്കി പകരംവീട്ടി ഗുജറാത്ത് ടൈറ്റൻസ്. രാജസ്ഥാൻ ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം 13.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രാജസ്ഥാന്റെ നാലാം തോൽവിയാണിത്. 10 പോയന്റുമായി പട്ടികയിൽ നാലാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫിലേക്കുള്ള യാത്ര ഇനി കഠിനമാകും.

ഇതോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേരത്തെ ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാനോടേറ്റ തോൽവിക്കുള്ള മധുര പ്രതികാരമായി ഹാർദ്ദിക്കിന്റെയും സംഘത്തിന്റെയും ജയം. അന്ന് ഗുജറാത്ത് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം നാലു പന്ത് ശേഷിക്കേയാണ് ഏഴു വിക്കറ്റിന് രാജസ്ഥാൻ മറികടന്നത്. ഈ തോൽവിക്ക് എല്ലാ പഴുതുകളും അടച്ച് ഗുജറാത്ത് ഇത്തവണ മറുപടി നൽകി. ജയത്തോടെ 10 കളികളിൽ നിന്ന് 14 പോയന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

35 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 36 റൺസെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്ടമായത്. വൃദ്ധിമാൻ സാഹ 34 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 41 റൺസോടെ പുറത്താകാതെ നിന്നു. തകർത്തടിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 15 പന്തിൽ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 39 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ 17.5 ഓവറിൽ വെറും 118 റൺസിന് ഓൾഔട്ടായിരുന്നു. 20 പന്തിൽ നിന്ന് 30 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ.

ജോസ് ബട്ട്ലർ (8), ദേവ്ദത്ത് പടിക്കൽ (12), റിയാൻ പരാഗ് (4), ഷിംറോൺ ഹെറ്റ്മയർ (7), ദ്രുവ് ജുറെൽ (9) എന്നിവരെല്ലാം തീർത്തും പരാജയമായി. 11 പന്തിൽ നിന്ന് 14 റൺസെടുത്ത യശസ്വി ജയ്സ്വാൾ മികച്ച തുടക്കമിട്ടെങ്കിലും സഞ്ജു സാംസണുമായുള്ള ആശയക്കുഴപ്പത്തിൽ റണ്ണൗട്ടായതും രാജസ്ഥാന് തിരിച്ചടിയായി. 11 പന്തിൽ നിന്ന് 15 റൺസെടുത്ത ട്രെന്റ് ബോൾട്ടാണ് രാജസ്ഥാനെ 100 കടത്തിയത്. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ റാഷിദ് ഖാൻ ഗുജറാത്തിനായി തിളങ്ങി. നൂർ അഹമ്മദ് രണ്ട് വിക്കറ്റ് നേടി.