- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മയേഴ്സും ഡി കോക്കും വീണതോടെ പോരാട്ടം അവസാനിപ്പിച്ച് ലക്‌നൗ; മികച്ച തുടക്കം ലഭിച്ചിട്ടും റൺമലയ്ക്ക് മുന്നിൽ പതറിവീണ് ക്രുനാലും സംഘവും; മോഹിത്തിന് നാല് വിക്കറ്റ്; ഗുജറാത്തിന്റെ വിജയം 56 റൺസിന്; പ്ലേ ഓഫിന് അരികെ
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 56 റൺസിന് കീഴടക്കി ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിന് തൊട്ടരികെ. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഗുജറാത്ത് ഉയർത്തിയ 228 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലക്‌നൗവിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ടൈറ്റൻസിനായി മോഹിത് ശർമ നാലു വിക്കറ്റ് വീഴ്‌ത്തി. അഹമ്മദാബാദിൽ 56 റൺസിന്റെ വിജയമാണ് ഹാർദിക് പാണ്ഡ്യയും സംഘവും പേരിൽ കുറിച്ചത്. ഇതോടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ പ്ലേ ഓഫ് മോഹങ്ങൾ തുലാസിലായി.
മറുപടി ബാറ്റിങ്ങിൽ ക്വിന്റൻ ഡി കോക്കും കൈൽ മേയർസും ചേർന്ന് ലക്‌നൗവിന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീടു വന്ന ബാറ്റർമാർക്ക് അതു മുതലെടുക്കാൻ സാധിച്ചില്ല. ഐപിഎൽ സീസണിൽ ആദ്യ മത്സരം കളിക്കുന്ന ഡി കോക്ക് 41 പന്തുകളിൽനിന്ന് 70 റൺസെടുത്തു പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ 88 റൺസാണ് ലക്‌നൗ താരങ്ങൾ കൂട്ടിച്ചേർത്തത്.
മേയർസ് 32 പന്തിൽ 48 റൺസുമായി മടങ്ങി. മോഹിത് ശർമയുടെ പന്തിൽ റാഷിദ് ഖാന്റെ ക്യാച്ചിലാണ് മേയർസിന്റെ പുറത്താകൽ. ലഖ്‌നൗ രണ്ടു കൽപ്പിച്ചാണെന്ന് കരുതിയിരിക്കുമ്പോൾ മയേഴ്‌സിനെ പുറത്താക്കി കൊണ്ട് മോഹിത് ശർമ്മ ഗുജറാത്തിന് ആശ്വാസം നൽകി. ദീപക് ഹൂഡയെ ഷമിയും വീഴ്‌ത്തിയതോടെ ഗുജറാത്ത് ആധിപത്യം ഉറപ്പിച്ചു.
മധ്യനിര താരങ്ങൾക്കു തിളങ്ങാനാകാതെ പോയത് ലക്‌നൗവിനു തിരിച്ചടിയായി. ദീപക് ഹൂഡ (11 പന്തിൽ 11), മാർകസ് സ്റ്റോയ്‌നിസ് (ഒൻപതു പന്തിൽ നാല്), നിക്കോളാസ് പുരാൻ (ആറ് പന്തിൽ മൂന്ന്) എന്നിവർ ഗുജറാത്തിന്റെ വമ്പൻ വിജയ ലക്ഷ്യത്തിനു മുന്നിൽ പൊരുതാതെ മടങ്ങി. 41 പന്തിൽ 70 റൺസാണ് ഡി കോക്ക് കുറിച്ചത്. 10 പന്തിൽ 21 റൺസുമായി ആയുഷ് ബദോണി ഒരിക്കൽ കൂടി പ്രതിഭ തെളിയിച്ചു.
ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ആയുഷ് ബദോനി 11 പന്തിൽ 21 റൺസെടുത്തു. മോഹിത് ശർമയുടെ പന്തിൽ നൂർ അഹമ്മദ് ക്യാച്ചെടുത്താണ് ബദോനിയെ പുറത്താക്കിയത്. ലക്‌നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ നേരിട്ട ആദ്യ പന്തിൽ മടങ്ങി. മുഹമ്മദ് ഷമി, റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. വൃദ്ധിമാൻ സാഹ (42 പന്തിൽ 81), ശുഭ്മൻ ഗിൽ (51 പന്തിൽ 94) എന്നിവർ ടൈറ്റൻസിനായി അർധ സെഞ്ചറി തികച്ചു. ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മൻ ഗില്ലും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗുജറാത്തിനെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. ഒന്നാം വിക്കറ്റിൽ 142 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. പവർപ്ലേയിൽ ആദ്യ 24 പന്തുകളിൽതന്നെ 50 പിന്നിട്ട ഗുജറാത്ത്, 50 ബോളിൽ നൂറിലെത്തി. പവർ പ്ലേ ഓവറുകളിൽ തകർത്തടിച്ച സാഹ 20 പന്തിൽ അർധ സെഞ്ചറി തികച്ചു. 29 പന്തുകളാണ് ഗില്ലിന് ഫിഫ്റ്റി തികയ്ക്കാൻ വേണ്ടിവന്നത്.
13ാം ഓവറിൽ ആവേശ് ഖാന്റെ പന്തിൽ സാഹ പുറത്തായി. നാല് സിക്‌സുകളും പത്ത് ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. ഗില്ലിന് കൂട്ടായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എത്തിയെങ്കിലും അധിക നേരം ക്രീസിൽനിന്നില്ല. രണ്ട് സിക്‌സുകൾ പറത്തിയ പാണ്ഡ്യ 15 പന്തിൽ 25 റൺസെടുത്തു. മുഹ്‌സിൻ ഖാന്റെ പന്തിൽ ലക്‌നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയാണ് ഹാർദിക്കിന്റെ ക്യാച്ചെടുത്തത്. 17.4 ഓവറുകളിൽ ഗുജറാത്ത് 200 പിന്നിട്ടു.
20ാം ഓവറിൽ സെഞ്ചറി നേടാൻ ഗില്ലിന് അവസരമുണ്ടായിരുന്നെങ്കിലും ലക്ഷ്യം നേടാനായില്ല. 12 പന്തുകളിൽ 21 റൺസുമായി ഡേവിഡ് മില്ലറും പുറത്താകാതെനിന്നു. ക്വിന്റൻ ഡി കോക്ക്, ദീപക് ഹൂഡ, നിക്കോളാസ് പുരാൻ എന്നിവരൊഴികെ എട്ടു താരങ്ങളാണ് ഇന്ന് ലക്‌നൗവിനായി പന്തെറിഞ്ഞത്. വിക്കറ്റ് കിട്ടിയത് മുഹ്‌സിൻ ഖാനും ആവേശ് ഖാനും മാത്രം.
സ്പോർട്സ് ഡെസ്ക്