അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്‌സിനെ 35 റൺസിന് കീഴടക്കി. ശുഭ്മാൻ ഗില്ലിന്റെയും സായ് സുദർശന്റെയും സെഞ്ചറികളുടെ കരുത്തിലാണ് ഗുജറാത്ത് വിജയ ലക്ഷ്യം നേടിയത്.

പോയിന്റ് പട്ടികയിൽ താഴെ നിൽക്കുന്ന ഗുജറാത്ത് വലിയ മാർജിനിൽ ജയിച്ചതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. 34 പന്തിൽ 63 റൺസെടുത്ത ഡാരിൽ മിച്ചലും. 36 പന്തിൽ 56 റൺസ് സ്വന്തമാക്കിയ മോയിൻ അലിയും ചെന്നൈക്ക് വേണ്ടി പൊരുതി നോക്കി. അവസാന ഓവറുകളിൽ തകർത്തടിച്ച ധോണി 11പന്തിൽ മൂന്ന് സിക്സും ഒരു ഫോറും സഹിതം 26 റൺസുമായി പുറത്താവാതെ നിന്നു.

സ്‌കോർ: ഗുജറാത്ത്: 231/3( 20.0), ചെന്നൈ: 196/8(20.0)

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ഓപ്പണർമാർ സാന്റ്നർ എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ 14 റൺസ് നേടി. പവർ പ്ലേയിൽ 58 റൺസെടുത്തു. പത്ത് ഓവറായപ്പോഴേക്ക് 107 റൺസായി. ചെന്നൈ ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും കൂട്ടുകെട്ട് പൊളിക്കാനായില്ല. ഒരു ഘട്ടത്തിൽ 23 പന്തിൽ 28 റൺസ് എന്ന നിലയിലായിരുന്ന സുദർശനാണ് പിന്നീട് 51 പന്തിൽ 103 എന്ന നിലയിലേക്ക് കുതിച്ചുചാട്ടം നടത്തിയത്. അർദ്ധ സെഞ്ചുറിയിൽനിന്ന് സെഞ്ചുറിയിലെത്താൻ എടുത്തത് വെറും 18 പന്തുകൾ്. ഡേവിഡ് മില്ലർ (11 പന്തിൽ 16*) ഷാരൂഖ് ഖാൻ (മൂന്ന് പന്തിൽ രണ്ട്*) എന്നിങ്ങനെയാണ് ഗുജറാത്തിന്റെ മറ്റ് സ്‌കോറർമാർ.