ജയ്പുർ: അവസാന പന്തുവരെ നീണ്ട ആവേശപോരാട്ടത്തിൽ കൈവിട്ടെന്ന് കരുതിയ കളി ബാറ്റിങ് മികവിലൂടെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ടൈറ്റൻസിനേയും റോയൽസിനേയും ഒരുപോയെ ആവേശത്തിലാക്കിയ മത്സരം അസാന പന്തുവരെ ആകാംക്ഷയുടെ മുൾമുനയിൽ ആരാധകരെ എത്തിച്ചു. അവസാന പന്തിൽ ഫോർ അടിച്ചായിരുന്നു വിജയം. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ (72) നേതൃത്വത്തിലാണ് ടൈറ്റൻസ് റോയൽസിന്റെ അപരാജിത കുതിപ്പിന് തടയിട്ടത്. രാജസ്ഥാൻ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് 7 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ വിജയക്കുറി തൊട്ടു. സ്‌കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 3ന് 196, ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 7ന് 199.

രാജസ്ഥാന്റെ സീസണിലെ ആദ്യ തോൽവിയാണിത്. 44 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 72 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ പ്രകടനമാണ് ഗുജറാത്ത് ഇന്നിങ്സിന്റെ നട്ടെല്ല്. 12 പന്തിൽ ജയിക്കാൻ 35 റൺസ് വേണമെന്നിരിക്കേ കുൽദീപ് സെൻ എറിഞ്ഞ 19-ാം ഓവറിൽ 20 റൺസും ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 17 റൺസും അടിച്ചെടുത്ത രാഹുൽ തെവാട്ടിയ - റാഷിദ് ഖാൻ സഖ്യമാണ് ഗുജറാത്തിന് ആവേശ ജയം സമ്മാനിച്ചത്. 11 പന്തിൽ നിന്ന് 22 റൺസെടുത്ത തെവാട്ടിയ അവസാന ഓവറിൽ റണ്ണൗട്ടായെങ്കിലും 11 പന്തിൽ നിന്ന് 24 റൺസെടുത്ത റാഷിദ് അവസാന പന്തിൽ ഫോറടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

സഞ്ജു - പരാഗ് സഖ്യം റോയൽസിനു വേണ്ടി കളം നിറഞ്ഞു. 197 എന്ന വിജയലക്ഷ്യവുമായി ടീം മടങ്ങി. എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ ടൈറ്റൻസിന് 197 റൺസ് വിജയലക്ഷ്യത്തിലേക്ക് ഭേദപ്പെട്ട തുടക്കമായിരുന്നു. ഗില്ലും സായ് സുദർശനും നിലയുറപ്പിച്ച് ബാറ്റ് ചെയ്തതോടെ ഓപ്പണിങ് വിക്കറ്റിൽ 64 റൺസ് ഗുജറാത്ത് സ്‌കോറിലെത്തി. അഞ്ചു ബൗളർമാരെ പരീക്ഷിച്ച ശേഷം ഒമ്പതാം ഓവറിൽ കുൽദീപ് സെന്നിനെ കൊണ്ടുവന്ന സഞ്ജുവിന്റെ തീരുമാനം ഫലം കണ്ടു. 29 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 35 റൺസെടുത്ത സായ് സുദർശൻ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്ത്. ഇതിനിടെ മഴയെത്തിയതോടെ മത്സരം കുറച്ചുസമയം തടസപ്പെട്ടു.

മഴമാറി അടുത്ത ഓവറിൽ മാത്യു വെയ്ഡിനെയും (4), അഭിനവ് മനോഹറിനെയും (1) മടക്കിയ കുൽദീപ് കളി രാജസ്ഥാന് അനുകൂലമാക്കി. തുടർന്നെത്തിയ വിജയ് ശങ്കറിനും (16) കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ഇതിനിടെ ഒറ്റയ്ക്ക് പൊരുതുകയായിരുന്ന ഗില്ലിനെ യുസ്വേന്ദ്ര ചെഹൽ ബുദ്ധിപരമായി പുറത്താക്കി. തന്നെ കയറിയടിക്കാനുള്ള ഗില്ലിന്റെ തന്ത്രം മനസിലാക്കി വൈഡ് എറിഞ്ഞ ചെഹൽ താരത്തെ ബീറ്റണാക്കി. സഞ്ജു ഒട്ടും സമയം കളയാതെ ബെയ്ൽസിളക്കുകയും ചെയ്തു.

എട്ടു പന്തിൽ നിന്ന് 14 റൺസെടുത്ത ഷാരൂഖ് ഖാനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാനുവേണ്ടി കുൽദീപ് മൂന്നും ചെഹൽ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തിരുന്നു.

മൂന്നാം വിക്കറ്റിൽ 130 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു - പരാഗ് സഖ്യമാണ് രാജസ്ഥാൻ ഇന്നിങ്‌സിന്റെ നട്ടെല്ല്. തുടക്കത്തിൽ വേഗം കുറഞ്ഞ, ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ റാഷിദ് ഖാൻ അടക്കമുള്ള ബൗളർമാരെ അർഹിച്ച ബഹുമാനത്തോടെ കളിച്ച ഇരുവരും പിന്നീട് ഗിയർ മാറ്റുകയായിരുന്നു. വിക്കറ്റ് കളയാതെ പിടിച്ചുനിന്ന ഇരുവരും പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ ബാറ്റുവീശി.

48 പന്തിൽ നിന്ന് അഞ്ചു സിക്‌സും മൂന്ന് ഫോറുമടക്കം 76 റൺസെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. 38 പന്തുകൾ നേരിട്ട സഞ്ജു രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 68 റൺസോടെ പുറത്താകാതെ നിന്നു. സീസണിൽ ഇരുവരുടെയും മൂന്നാം അർധ സെഞ്ചുറിയാണിത്. പരാഗ് പുറത്തായ ശേഷം ക്രീസിലെത്തിയ ഷിംറോൺ ഹെറ്റ്മയെർ 13 റൺസെടുത്തു.

കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി മികച്ച തുടക്കം ലഭിച്ച ഓപ്പണർ യശസ്വി ജയ്‌സ്വാളിന് പക്ഷേ അത് നല്ല സ്‌കോറിലേക്കെത്തിക്കാനായില്ല. 19 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 24 റൺസെടുത്ത താരം അഞ്ചാം ഓവറിൽ മടങ്ങി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി ഫോമിലേക്ക് തിരികെയെത്തിയ ജോസ് ബട്ട്‌ലർക്ക് പക്ഷേ എട്ടു റൺസെടുക്കാനേ സാധിച്ചുള്ളൂ.