ചണ്ഡീഗഢ്: ഐപിഎല്ലിൽ വീണ്ടും ഗുജറാത്ത് ടൈറ്റൻസ് വിജയ വഴിയിൽ. പഞ്ചാബ് കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസ് മൂന്ന് വിക്കറ്റ് വിജയം നേടി. 143 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിൽക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി രാഹുൽ തെവാട്ടിയ ഫിനിഷിംഗിലാണ് ടൈറ്റൻസ് നേടിയത്. തെവാട്ടിയ 18 പന്തിൽ 36* റൺസുമായി പുറത്താവാതെ നിന്നു. സ്‌കോർ: പഞ്ചാബ്- 142 (20), ഗുജറാത്ത്- 146/7 (19.1).

ചണ്ഡീഗഢിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്സ്, ഗുജറാത്ത് സ്പിന്നർമാരുടെ മുന്നിൽ നിശ്ചിത 20 ഓവറിൽ 142 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ടൈറ്റൻസിനായി സ്പിന്നർ സായ് കിഷോർ 33 റൺസിന് നാല് വിക്കറ്റ് നേടി. നൂർ അഹമ്മദും മോഹിത് ശർമ്മയും രണ്ട് വീതവും റാഷിദ് ഖാൻ ഒരു വിക്കറ്റും പേരിലാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 25 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഓപ്പണർ വൃദ്ധിമാൻ സാഹയെ (11 പന്തിൽ 13) നഷ്ടമായി. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ അശുതോഷ് ശർമ പിടിച്ചാണ് താരം പുറതതായത്. കരുതലോടെ കളിച്ച ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പത്താം ഓവറിൽ റബാദയ്ക്ക് ക്യാച്ച് നൽകി മടങ്ങി. 29 പന്തിൽ 35 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ ഡേവിഡ് മില്ലറെ ലയാം ലിവിങ്സ്റ്റൺ കൂടാരം കയറ്റി. കേവലം 4 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

ഇംപാക്ട് പ്ലെയറായെത്തിയ സായ് സുദർശനെ സാം കറൻ ക്ലീൻ ബോൾഡാക്കി. 34 പന്തിൽ 3 റൺസാണ് സുദർശൻ നേടിയത്. 10 പന്തിൽ 13 റൺസെടുത്ത അസ്മത്തുല്ല ഒമർസായ് ഹർഷൽ പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതോടെ ടൈറ്റൻസ് 5ന് 103 എന്ന സ്‌കോറിലേക്ക് വീണു. സ്‌കോർ 138ൽ നിൽക്കേ ഷാറുഖ് ഖാനെ (8) ഹർഷൽ പട്ടേൽ ക്ലീൻ ബോൾഡാക്കി. അവസാന ഓളറുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയ (36*), റാഷിദ് ഖാനെ (3*) സാക്ഷിയാക്കി ഗുജറാത്തിനെ വിജയ തീരമണച്ചു. പഞ്ചാബിനായി ഹർഷൽ പട്ടേൽ മുന്നും ലിവിങ്സ്റ്റൺ രണ്ടു വീതം വിക്കറ്റുകൾ സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ 143 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഓപ്പണർമാർ നൽകിയ ഭേദപ്പെട്ട പ്രകടനം മുതലാക്കാനാകാതെ മധ്യനിര തകർന്നടിഞ്ഞത് പഞ്ചാബിന് തിരിച്ചടിയായി. നിശ്ചിത 20 ഓവറിൽ 142ന് പഞ്ചാബ് ഓൾ ഔട്ടായി. 21 പന്തിൽ 35 റൺസ് നേടിയ പ്രഭ്‌സിമ്രാൻ സിങ്ങാണ് അവരുടെ ടോപ് സ്‌കോറർ.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ഓപ്പണർമാർ 5.3 ഓവറിൽ 52 റൺസ് നേടി. 35 റൺസ് നേടിയ പ്രഭ്‌സിമ്രാനെ പുറത്താക്കി മോഹിത് ശർമയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയിറങ്ങിയ റിലി റൂസോയെ (7 പന്തിൽ 9) നൂർ അഹമ്മദ് മടക്കി. 8ാം ഓവറിൽ ക്യാപ്റ്റൻ സാം കറൻ (19 പന്തിൽ 20) കൂടി മടങ്ങിയതോടെ പഞ്ചാബ് 3ന് 67 എന്ന നിലയിലായി.

ലയാം ലിവിങ്സ്റ്റൺ (6), ശശാങ്ക് സിങ് (8), അശുതോഷ് ശർമ (3), ഹർപ്രീത് സിങ് ഭാട്യ (14), ഹർഷൽ പട്ടേൽ (0) എന്നിവരെല്ലാം ഗുജറാത്ത് ബോളർമാർക്കു മുന്നിൽ പൊരുതാതെ കീഴടങ്ങി. 12 പന്തിൽ 29 റൺസ് നേടിയ ഹർപ്രീത് ബ്രാർ മാത്രമാണ് മധ്യനിരയിൽ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്.