അന്റിഗ്വ: ഒരു പേശിവലിവ് കൊണ്ട് കായികലോകത്തിനൊപ്പം സോഷ്യൽ മീഡിയയുടെയും താരമായി മാറുകയായിരുന്നു അഫ്ഗാൻ ക്രിക്കറ്റർ ഗുൽബാദിൻ നയിബ്.അഫ്ഗാനിസ്ഥാന്റെ ചരിത്രപരമായ സെമിഫൈനൽ പ്രവേശനത്തിനിടയിലും ട്രോളന്മാരും ക്രിക്കറ്റ് നിരീക്ഷകരും നെയ്ബിനെ വിടാതെ പിടികൂടിയിരിക്കുകയാണ്.അഫ്ഗാനിസ്ഥാന്റെ സെമിഫൈനൽ പ്രവേശനം ഒരു ദിവസം പിന്നിടുമ്പോഴും നയിബിനെ വിടാൻ സോഷ്യൽ മീഡിയ ഒരുക്കമല്ല.വേദനപ്പിക്കാതെ എന്നാൽ ട്രോളിന്റെ എല്ലാ മുനകളും ഉള്ള അസ്ത്രങ്ങളാണ് അഫ്ഗാൻ താരത്തിന് നേരെ എയ്യപ്പെടുന്നത്.

പക്ഷെ ഈ ഒരു സംഭവത്തിന്റെ പേരിൽ മാത്രം അറിയപ്പെടേണ്ട പ്രതിഭയാണോ ഗുൽബാദിൻ നെയിബ്..ചുട്ടുപൊള്ളുന്ന അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന അച്ഛന്റെ ആഗ്രഹം സാധിപ്പിച്ച മകന്റെയും സാക്ഷാൻ ഓസ്ട്രേലിയയെ തളയ്ക്കാൻ ക്യാപ്റ്റൻ റാഷിദ്ഖാൻ കണ്ടുവച്ച വജ്രായുദ്ധത്തിന്റെയും കഥയറിയുമ്പോൾ ആരും പറഞ്ഞുപോവും തോൽക്കാൻ മനസ്സില്ലാത്ത ഒരു പോരാളിയെയാണ് ഇന്നലെ കളിക്കളത്തിൽ കണ്ടതെന്ന്.നേടാനുള്ളതെല്ലാം എന്ത് വില കൊടുത്തും നേടുന്ന അഫ്ഗാൻ പോരാട്ടവീര്യം.

സ്വന്തം ടീമിന്റെ കരുത്തിൽ വിശ്വാസം അർപ്പിച്ച് വിജയം നേടാനാണ് റാഷിദ്ഖാന്റെ ശ്രമമെങ്കിൽ അതിൽ നിന്ന് അൽപ്പം വ്യത്യസ്തനാണ് നയിബ്..കഴിവിനൊപ്പം തന്നെ ചില അടവുകളും അദ്ദേഹം കളിക്കളത്തിൽ വിജയത്തിനായി ഉപയോഗിക്കും.. പക്ഷെ അത് ആരെയും വേദിനിപ്പാക്കാതെ ആയിരിക്കും എന്നതിൽ തർക്കമില്ല.അതുകൊണ്ട് മാത്രമാണ് വ്യക്തിഅധിക്ഷേപത്തിലേക്കൊന്നും പോകാതെ വളരെ സരസമായി തന്നെ പലരും നയിബിന്റെ പ്രവൃത്തിയെ പരിഹസിച്ച് വിടുന്നത്.അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുമ്പോൾ സ്വന്തം പിതാവിന്റെ ആഗ്രഹങ്ങൾ കാത്ത ഒരു മകനിൽ നിന്നാണ് ഗുൽബാദിൻ നയിബിന്റെ കഥ തുടങ്ങേണ്ടത്..

പിതാവിന്റെ മനസ്സറിഞ്ഞ മകൻ..സ്വപ്നം യാഥാർത്ഥ്യമാക്കിയത് ഇങ്ങനെ

അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ഒരു കായികവിനോദം മാത്രമല്ല, അതിജീവനം കൂടിയാണ്.അഭയാർത്ഥി ക്യാമ്പിൽ നിന്നാണവർ ലോകത്തിന് മുന്നിൽ കളിക്കാൻ വരുന്നത്.ഓരോ കളിക്കാരനും പറയാനുണ്ടാകും, അവരുടെ പോരാട്ടത്തിന്റെ കഥ... ജീവനും, ഭക്ഷണത്തിനും താമസത്തിനുമൊക്കെ നടത്തിയ പോരാട്ടത്തിന്റെ.അസ്വസ്ഥതപ്പെടുത്തുന്ന ഓർമകളായതിനാൽ അവർ ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കാൻ ഭയപ്പെടുകയാണ് അവരിൽ പലരും.

അഫ്ഗാൻ താരം മുഹമ്മദ് നബി പറഞ്ഞൊരുകാര്യമുണ്ട്..'ഞങ്ങൾ കളിക്കുന്നിടത്തു നിന്നെല്ലാം ഞങ്ങൾക്ക് വളരെയധികം പിന്തുണ കിട്ടാറുണ്ട്, എങ്കിലും സ്വന്തം നാട്ടിൽ കളിക്കുമ്പോൾ കിട്ടുന്ന പിന്തുണ കുറച്ച് പ്രത്യേകയുള്ളതായിരിക്കുമെന്ന്.ഇത് ഒരു കായികതാരത്തിന്റെ മാത്രം വാക്കുകൾ അല്ല മറിച്ച് ആ ജനതയുടെ തന്നെ വാക്കുകളാണ്.ഇതേ ജീവിത പശ്ചാത്തലവും ആഗ്രഹവും ഒക്കെ തന്നെയാണ് നയിബും പങ്കുവെക്കുന്നത്.

കുഞ്ഞുനാളിൽ ഗുൽബാദിനും ഒരു അഭയാർത്ഥിയായിരുന്നു.അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ഭയന്ന ഗുൽബാദിന്റെ കുടുംബം പാക്കിസ്ഥാനിലേയ്ക്ക് ചേക്കേറിയതായിരുന്നു.പാക്കിസ്ഥാനിൽ വളർന്ന ഗുൽബാദിൻ എന്ന ബാലന് സ്വന്തം രാജ്യമായ അഫ്ഗാനിസ്ഥാനെക്കുറിച്ച് യാതൊരു ധാരണകളും ഇല്ലായിരുന്നുവെന്നതാണ് സത്യം.താൻ ഒരു അഭയാർത്ഥി ആണെന്നുപോലും ആ ബാലൻ തിരിച്ചറിഞ്ഞത് വളരെ വൈകി തന്റെ കുടുംബം പങ്കുവെച്ച കഥകളിലൂടെയാണ്.അഭയാർത്ഥി ക്യാമ്പിലെ ദുരിതങ്ങളും അഫ്ഗാനിസ്ഥാനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടും തിരിച്ചറിവ് വന്നപ്പോൾ ഗുൽബാദിൻ പിതാവിനോട് ചോദിച്ചു-"നമുക്ക് അഫ്ഗാനിസ്ഥാനിലേയ്ക്ക് തിരിച്ചുപോകണ്ടേ? വാപ്പയുടെ അവിടത്തെ പഴയ തുണി വ്യവസായം വീണ്ടും തുടങ്ങിക്കൂടേ?'

എന്നാൽ ഗുൽബാദിന്റെ പിതാവ് അതിന് വഴങ്ങിയില്ല.സ്വന്തം മണ്ണിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ അദ്ദേഹം പണ്ടേ ഉപേക്ഷിച്ചിരുന്നു. സമാധാനം എന്നത് ഭീകരതയുടെ അന്തരീക്ഷത്തിലെ ചെറിയ ഇടവേളകളായിരുന്ന അഫ്ഗാനിസ്താനിൽ, ആഗ്രഹമുണ്ടായിരുന്നാൽപ്പോലും ഒരു ജീവിതം എന്നത് അവർക്ക് സ്വപ്നം മാത്രമായിരുന്നു.ഒന്നുകിൽ അവർക്ക് ഏതെങ്കിലും ഒരു ഭാഗത്ത് നിൽക്കുന്ന പോരാളിയാകാം, അല്ലെങ്കിൽ ഇരകളും. ഇതു രണ്ടുമല്ലാതെ ജീവിതം മനുഷ്യരെപ്പോലെ ജീവിക്കണം എന്ന ആഗ്രഹമാണ് പലർക്കും സ്വന്തം നാട് എന്ന സ്വപ്നം പോലും ഒരു മരീചികയാക്കിത്തീർത്തത്.

അഭയർത്ഥി ക്യാമ്പുകളിലെ ക്രിക്കറ്റ് അവർക്ക് അതജീവനമായതും ഇങ്ങനെയാണ്.ആ സമയമാകുമ്പോഴേക്കും ഗുൽബാദിൻ ടേപ് ബോൾ ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചുതുടങ്ങിയിരുന്നു.അഫ്ഗാനിസ്ഥാനിൽ കായിക വിനോദത്തിനുള്ള നിരോധനം നീക്കിയതിന് പിന്നാലെ നയിബും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചെത്തി.ക്രിക്കറ്റിന്റെ ചിറകിലേറിയാണ് തന്റെ പിതാവിന്റെ ഉള്ളിലുള്ള സ്വപ്നത്തെ നയിബ് യാഥാർത്ഥ്യമാക്കിക്കൊടുത്തത്.

ആ കാലഘട്ടത്തെക്കുറിച്ചുള്ള ഗുൽബാദിന്റെ ഓർമ്മകൾ ഇങ്ങനെയാണ്-"ആളുകൾക്ക് ഞങ്ങളെ ഭയമായിരുന്നു. ഞങ്ങൾ തീവ്രവാദികളാണെന്ന് പലരും വിചാരിച്ചു.സഹകളിക്കാർ പോലും ഞങ്ങളോട് അകലം പാലിച്ചു.പക്ഷേ തോറ്റുകൊടുക്കാൻ താൻ തയ്യാറല്ലായിരുന്നു'.. ഗുൽബാദിൻ തോറ്റുകൊടുത്തില്ല.ക്രിക്കറ്റ് താരമായതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലേയ്ക്ക് താമസം മാറ്റി.അയാൾ ലോകം അറിയുന്ന ക്രിക്കറ്ററായി വളർന്നു.ഒടുവിൽ അഫഗാനിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനുമായി.സ്വന്തം മണ്ണ് കൈവിട്ടുപോയി എന്ന് ഉറപ്പിച്ച ഗുൽബാദിന്റെ പിതാവും ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ജീവിക്കുന്നുണ്ട്. അദ്ദേഹം കാബൂളിൽ വസ്ത്ര വ്യാപാരം ചെയ്യുകയാണ്.ക്രിക്കറ്റിന് ഒപ്പം തന്നെ നല്ലൊരു ബോഡിബിൽഡർ കൂടിയാണ് നയിബ്.

ഓസ്ട്രേലിയയെ അടിയറവ് പറയിച്ച റാഷിദ് ഖാന്റെ വജ്രായുധം

2023ലെ ഏകദിന ലോകകപ്പിൽ അഫ്ഗാൻ ഓസീസിനെ പരാജയപ്പെടുത്തേണ്ടതായിരുന്നു.ഗ്ലെൻ മാക്സ്വെല്ലിന്റെ ഡബിൾ സെഞ്ച്വറി ഇല്ലായിരുന്നുവെങ്കിൽ അഫ്ഗാനികൾ കഴിഞ്ഞ വർഷം തന്നെ അത്ഭുതം കാട്ടുമായിരുന്നു.ഏകദിന ലോകകപ്പിൽ തീർക്കാൻ ബാക്കിവെച്ച കണക്കുകൾ അഫ്ഗാനികൾ ടി-20 ലോകകപ്പിലൂടെ വീട്ടിയിരിക്കുന്നു.അതിന് മധുരം ഇത്തിരി കൂടും.. കാരണം കിരീടം ഉറപ്പിച്ചെത്തിയ ഓസ്ട്രേലിയക്ക് സെമിഫൈനലിൽ പോലും പ്രവേശിക്കാൻ സാധിക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നതിന്റെ പ്രധാനകാരണം അഫ്ഗാനോടേറ്റ തോൽവിയാണ്.

അഫ്ഗാന്റെ 148 എന്ന സ്‌കോർ ഓസീസ് അനായാസം മറികടക്കുമെന്നാണ് എല്ലാവരും കരുതിയത്.ഏകദിന ലോകകപ്പിലെ അഫ്ഗാൻ മോഹങ്ങളെ ഒറ്റയ്ക്ക് തല്ലിക്കെടുത്തിയ ഗ്ലെൻ മാക്സ്വെൽ എന്ന അതികായൻ ക്രീസിൽ നിന്നപ്പോൾ ആ കയ്‌പ്പേറിയ ഓർമ്മകൾ തന്നെയായിരിക്കണം അഫ്ഗാൻ കളിക്കാരുടെ മനസ്സു നിറയെ.ആ തോൽവി അഫ്ഗാന്റെ മനസ്സിൽ നീറിപ്പുകയുന്നുണ്ടായിരുന്നിരിക്കണം.ഇക്കഴിഞ്ഞ ഞായറാഴ്ച വിൻഡീസിലെ കിങ്സ്ടൗണിൽ ആ നീറ്റലിന് അഫ്ഗാൻ പരിഹാരം കണ്ടെത്തി.റാഷിദ് ഖാൻ 'ക്ലാസ് ബൗളർ' എന്നതിനപ്പുറം നായകനെന്ന മികവുകണ്ട കളിയായിരുന്നു അത്. എട്ട് ബൗളർമാരെയാണ് മാറി മാറി പരീക്ഷിച്ചത്.

കളി തീരുമ്പോൾ ടൂർണമെന്റിൽ ഇതുവരെ അഫ്ഗാൻ വിജയങ്ങൾക്കു ചുക്കാൻപിടിച്ച ഫസലാഖ് ഫാറൂഖിക്ക് ഒരോവർകൂടി ബാക്കിയുണ്ടായിരുന്നു.റാഷിദ് കഴിഞ്ഞാൽ അവരുടെ മികച്ച സ്പിന്നറായ നൂർ അഹമ്മദ് ഒരു ഓവറേ ബൗൾ ചെയ്തിരുന്നുള്ളു. നവീൻ ഉൾഹഖ് എന്ന അഫ്ഗാന്റെ ഓപ്പണിങ് ബൗളർ ഓസീസ് ബാറ്റിങ്ങിന്റെ തലയെടുത്തശേഷം ഓസീസ് കണക്കിന് ശിക്ഷിക്കും എന്നു തോന്നിച്ച പന്തേറുകാരെയൊന്നും റാഷിദ് വീണ്ടും കൊണ്ടുവന്നില്ല.കളിക്കളത്തിൽ വേഗം കുറഞ്ഞ പന്തുകളെകളിക്കാൻ ബുദ്ധിമുട്ടുന്ന ഒസ്ട്രേലിയൻ ബാറ്റ്സ്മാന്മാരായിരുന്നു റാഷിദിന്റെ കണ്ണിൽ അപ്പോൾ.

തന്റെ പക്കൽ ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന വജ്രായുധത്തെക്കുറിച്ചാണ് റാഷിദ് അപ്പോൾ ചിന്തിച്ചത്.
അഞ്ചുവർഷത്തെ അന്തരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ ആകെ വെറും 33 ഓവർ മാത്രം എറിഞ്ഞ ഒരു ബൗളർ.അദ്ദേഹത്തിന്റെ പന്തുകൾ എതിരാളികൾക്ക് അത്ര പരിചയമുണ്ടാകില്ല എന്നത് തന്നെയായിരുന്നു ആ തീരുമാനത്തിന് പിന്നിൽ.. ഗുൽബാദിന് നെയ്ബായിരുന്നു അത്.
ഗുൽബദീൻ നെയ്ബ് എന്ന ബോഡിബിൽഡർ ടീമിന്റെ സർപ്രൈസ് ആയുധമായി.4 ഓവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് മാക്സവെൽ,സ്റ്റോനിസ്,മാത്യു വെയ്ഡ്,പാറ്റ് കമ്മിൻസ് എന്നി നാലു നിർണ്ണായക വിക്കറ്റുകളാണ് നയിബ് സ്വന്തമാക്കിയത്.മത്സരത്തിലെ താരവും നയിബായിരുന്നു.പിതാവിന്റെ സ്വ്പനങ്ങൾ യാഥാർത്ഥ്യമാക്കിയ മകന്റെ സ്വ്പനങ്ങൾ പൂവണിഞ്ഞ രാത്രികൂടിയായിരുന്നു അത്.

മത്സരശേഷമുള്ള നയിബിന്റെ വാക്കുകളിൽ ഇത് വ്യക്തവുമായിരുന്നു..'റാഷിദ് ഖാൻ എന്നെ വിശ്വസിച്ചതിന് നന്ദി. ഇത് ഞങ്ങൾക്ക് ഒരു വലിയ ദിവസമാണ്.വർഷങ്ങളായി ഞങ്ങൾ അതിനായി കാത്തിരുന്നു, ഒടുവിൽ ഞങ്ങൾക്ക് ഓസ്ട്രേലിയയെ തോൽപ്പിക്കാൻ കഴിഞ്ഞു..എന്നാണ് നയിബ് പ്രതികരിച്ചത്.

ചതിച്ചത് ഞാനല്ല..സുര്യനാ.. ട്രോളന്മാരുടെ പ്രിയതാരമായത് പലതവണ

ബംഗ്ലാദേശിനെതിരെ ഉണ്ടായ മത്സരത്തിനിടെ ഉണ്ടായ പേശിവലിവ് അഭിനയമാണെന്നും അല്ലെന്നും ഉൾപ്പടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്.അഫ്ഗാൻ താരങ്ങൾക്കൊപ്പം പല പ്രമുഖ ക്രിക്കറ്റ് താരങ്ങളും വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നു.ട്രോളന്മാരും നയിബിനെ വിട്ടില്ല.നേടാനുള്ളതെല്ലാം എന്ത് വില കൊടുത്തും നേടുന്ന അഫ്ഗാൻ പോരാട്ടവീര്യത്തിന് മുൻപിൽ ഇ ട്രോളൊക്കെ എന്ത്..കാരണം ഇതാദ്യമായല്ല നയിബ് ട്രോളിന്റെ ഭാഗമാകുന്നത്. അഫ്ഗാനിസ്ഥാൻ നായകനായിരിക്കുന്ന സമയത്ത് പോലും നയിബ് ആരാധകരുടേയും സോഷ്യൽ മീഡിയയുടേയും ട്രോളുകൾക്ക് ഇരയായിട്ടുണ്ട്.

മോശം ഫീൽഡിങ്ങാണ് താരത്തിന് അന്ന് വിനയായത്.വെസ്റ്റ് ഇൻഡീസുമായുള്ള മത്സരത്തിനിടെ ഇന്നിങ്‌സിന്റെ അവസാന ഓവറിലായിരുന്നു സംഭവം.ബൗണ്ടറി ലൈനിന് അരികിലായിരുന്നു നയിബ് ഫീൽഡ് ചെയ്തിരുന്നത്.കാർലോസ് ബ്രാത്ത് വെയ്റ്റ് സിക്‌സ് ലക്ഷ്യമാക്കി പന്ത് അടിച്ചുയർത്തി.എന്നാൽ കൃത്യമായി കണക്ട് ചെയ്യാൻ സാധിച്ചില്ല. ഇതോടെ പന്ത് ഉയർന്ന് പൊന്തി നയിബിന്റെ കൈകളിലേക്ക്.ക്യാച്ചെടുക്കാനായി തയ്യാറെടുത്ത നയിബ് മുകളിലേക്ക് നോക്കിയതും സൂര്യ പ്രകാശം കാരണം കണ്ണ് തുറക്കാൻ പോലും സാധിച്ചില്ല.

സൂര്യപ്രകാശത്തിൽ നിന്നും രക്ഷ നേടാൻ നയിബ് തല കുനിച്ച് കൈ കൊണ്ട് മുഖം പൊത്തി. ഇതിനിടെ പന്ത് നയിബിന്റെ പിന്നിൽ വന്ന് വീണു.ഒന്ന് ബൗൺസ് ചെയ്ത് ബൗണ്ടറി ലൈനും കടന്നു.വെസ്റ്റ് ഇൻഡീസിന്റെ അക്കൗണ്ടിലേക്ക് നാല് റൺസ്. ഇതോടെ അഫ്ഗാൻ നായകനെതിരെ സോഷ്യൽ മീഡിയയിൽ ആരാധകർ രംഗത്തെത്തിയത്.ക്യാപ്റ്റനെന്ന നിലയിൽ മറ്റുള്ളവർക്ക് മാതൃകയാകേണ്ട ആളാണ് ഇതുപോലെ ഒട്ടും പ്രൊഫഷണലല്ലാതെ കളിക്കുന്നതൊണ് ആരോപണം.നിങ്ങൾ ശരിക്കും അഫ്ഗാനിസ്ഥാന്റെ നായകനാണോ എന്നുവരെ അന്ന് നയിബ് പഴി കേട്ടിരുന്നു അവിടെ നിന്നാണ് അഫ്ഗാന്റെ നാഷണൽ ഹീറോയായി അദ്ദേഹം മാറിയത്.

സോഷ്യൽ മീഡിയയിൽ നയിബിനെ കുറിച്ച് പങ്കുവെച്ച കുറിപ്പിൽ കളിയെഴുത്തുകാരൻ സന്ദീപ് ദാസ് ഇങ്ങനെ എഴുതുന്നു.. 16 വർഷങ്ങൾക്കുമുമ്പ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു."ഔട്ട് ഓഫ് ദ ആഷസ്" എന്നായിരുന്നു അതിന്റെ പേര്.അക്കാലത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് അതിന്റെ പാരമ്യത്തിലായിരുന്നു. തുടർച്ചയായി മൂന്ന് ഏകദിന ലോകകപ്പുകൾ ജയിച്ച കംഗാരുപ്പട ചരിത്രം സൃഷ്ടിച്ചിരുന്നുആ ഡോക്യുമെന്ററിയിൽ ഒരു കൊച്ചുപയ്യൻ മുഖംകാണിച്ചിരുന്നു. അവന് ബോഡി ബിൽഡിങ്ങിൽ അതീവ താത്പര്യം ഉണ്ടായിരുന്നു.

ആ കൗമാരക്കാരന്റെ പേര് ഗുൽബാദിൻ നയിബ് എന്നായിരുന്നു. അന്ന് ലോകം അവനെ കാര്യമായി ശ്രദ്ധിച്ചില്ല.വർഷങ്ങൾ കൊഴിഞ്ഞു വീണു.പഴയ ആ ബോഡി ബിൽഡർ സാക്ഷാൽ ഓസീസിനെ അടിയറവ് പറയിച്ചു. മൈതാനത്തിന് നടുവിൽ ഗുൽബാദിൻ മസിൽ പെരുപ്പിച്ച് നിന്നപ്പോൾ ലോകം കൈയടിച്ചു. എന്തൊരു ഹീറോയിസം. ഒരു പഴയ അഭിമുഖത്തിൽ ഗുൽബാദിൻ പറഞ്ഞിരുന്നു- "അഫ്ഗാനികൾക്ക് ഒരു സവിശേഷതയുണ്ട്.ഒരു കാര്യം നേടാൻ ഞങ്ങൾ തീരുമാനിച്ചാൽ ഞങ്ങൾ അത് നേടിയിരിക്കും.ആർക്കും ഞങ്ങളെ തടയാനാവില്ല'. കായികലോകവും കാത്തിരിക്കുന്നത് അതിനാണ്.. സമാനതകളില്ലാത്ത അഫ്ഗാൻ പോരാട്ടവീര്യം രണ്ട് ജയങ്ങൾക്കപ്പുറം ചരിത്രപരമായ ഒരു കിരീട നേട്ടത്തിലേക്കെത്തുമോ എന്ന് കണ്ടറിയാൻ.