കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബട്‌ലറുടെ ബാറ്റിങ് മികവിലാണ് കൊൽക്കത്തയെ ഇന്നലെ തൂത്തെറിഞ്ഞത്. ഇതോടെ ഇന്നലത്തെ ബട്‌ലറുടെ ഇന്നിങ്‌സിനെ പ്രശംസിച്ചു കൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്തി. ഇതിനിടെ നന്നായി കളിച്ച ബട്‌ലറിനെ പ്രശംസിച്ചും അവസരം മുതലാക്കാതിരുന്ന യുവതാരങ്ങളെ വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ഹർഭജൻ സിങ്.

ബട്‌ലർ മികച്ചതും വ്യത്യസ്തനുമായ താരമാണ്. അവസരങ്ങൾ ലഭിക്കുമ്പോൾ ബട്‌ലർ അത് മുതലാക്കുന്നു. സിക്‌സും ഫോറും സിംഗിളും ഡബിളും ആ ഇന്നിങ്‌സിന്റെ ഭാഗമാണ്. മറ്റ് താരങ്ങളുടെ വിക്കറ്റുകൾ നഷ്ടമാകുമ്പോൾ സ്വതസിദ്ധമായ ശൈലിയിൽ നാം കളിക്കേണ്ടതുണ്ട്. യുവതാരങ്ങൾ ബട്‌ലറിനെ കണ്ട് പഠിക്കണമെന്നും ഹർഭജൻ പറഞ്ഞു.

റിയാൻ പരാഗ് മികച്ച താരമാണ്. 14 പന്തിൽ 34 റൺസ് നല്ല പ്രകടനമാണ്. എന്നാൽ മത്സരം ജയിക്കണമെങ്കിൽ വിക്കറ്റ് നഷ്ടപ്പെടുത്തരുത്. ഓരോ ബൗളർക്കെതിരെയും എങ്ങനെ കളിക്കണമെന്ന് ബാറ്റർക്ക് അറിവുണ്ടാകണം. ബട്‌ലർ ആദ്യമായല്ല ഇങ്ങനെയൊരു ഇന്നിങ്‌സ് കളിക്കുന്നത്. ഭാവിയിൽ ബട്‌ലർ ഒരു ഇതിഹാസമായി മാറുമെന്നും ഹർഭജൻ വ്യക്തമാക്കി.