മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ടി20 നായകനായി സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടത് അടുത്തിടെയാണ്. ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞതായിരുന്നു ഈ നീക്കം. ഇതാണ് വിമര്‍ശനം ഉയരാന്‍ കാരണമായത്. എന്തുകൊണ്ടാണ് ഹാര്‍ദിക്കിനെ തഴഞ്ഞതെന്ന് വ്യക്തത വരുത്തിയിരിക്കയാണ് സൂര്യകുമാര്‍ യാദവ്.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തി മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ഫിറ്റ്നസ്, ഡ്രസിങ് റൂമിലെ സഹ താരങ്ങളുടെ അഭിപ്രായങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്നു അഗാര്‍ക്കര്‍. 'ഫിറ്റ്നസ് കാര്യമായ വെല്ലുവിളി തീര്‍ത്ത വിഷയമാണ്. എല്ലായ്പ്പോഴും ലഭ്യമാകാന്‍ സാധ്യതയുള്ള ആളെ വേണമെന്നാണ് സെലക്ഷന്‍ കമ്മിറ്റി മുഖ്യമായി പരിഗണിച്ചത്.'

'മികച്ച ടി20 ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ മത്സരങ്ങളിലും സാന്നിധ്യമുണ്ടാകാനും സാധ്യതയുണ്ട്. സൂര്യ നായകനാകാന്‍ യോഗ്യതയുള്ള ആളാണ്. ആ റോളില്‍ അദ്ദേഹം പൊരുത്തപ്പെടുന്നുണ്ടോ എന്നു കൃത്യമായി നിരീക്ഷിക്കും.' 'ഹര്‍ദിക്കിന്റെ ഫിറ്റ്നസാണ് വില്ലന്‍. എന്തായാലും സമയമുണ്ട്. എന്തു സംഭവിക്കുമെന്നു നോക്കാം. ഡ്രസിങ് റൂമില്‍ നിന്നു ക്യാപ്റ്റന്‍സി സംബന്ധിച്ചു അഭിപ്രായം തേടിയിരുന്നു'- അഗാര്‍ക്കര്‍ വ്യക്തമാക്കി.

ഇടക്കിടെ പരിക്കേല്‍ക്കുന്നതാണ് ഹര്‍ദിക് പാണ്ഡ്യക്കു വിനയായത്. മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് രോഹിതിനെ പോലെയുള്ള സമീപനം സ്വീകരിക്കുന്ന ആളാണെന്ന സഹ താരങ്ങളുടെ മറുപടികളും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി.