ന്യൂഡൽഹി: ലോക ക്രിക്കറ്റിന്റെ നെറുകയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഹർമൻപ്രീത്. അഞ്ച് താരങ്ങളുടെ പട്ടികയിലാണ് ഹർമൻ ഇടംപിടിച്ചത്. ട്വന്റി 20യിലെ പ്രകടനത്തിന് പുരുഷ താരം സൂര്യകുമാർ യാദവിനും വിസ്ഡന്റെ അംഗീകാരമുണ്ട്. ഓസ്‌ട്രേലിയൻ ബാറ്റർ ബേത്ത് മൂണിയാണ് മികച്ച വനിതാ ക്രിക്കറ്റർ.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന മികവിനാണ് ഹർമൻപ്രീത് കൗറിന് വിസ്ഡന്റെ ക്രിക്കറ്റർ ഓഫ് ദി ഇയർ അംഗീകാരം. ഇംഗ്ലണ്ടിൽ ഏകദിന പരമ്പര വിജയത്തിലേക്കും കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലിലേക്കും ഇന്ത്യയെ നയിച്ച പ്രകടനമാണ് ഹർമന് വിസ്ഡന്റെ പുരസ്‌കാരത്തിന് അർഹയാക്കിയത്.

മാത്യു പോട്‌സ്, ബെൻ ഫോക്സ്, ഡാരിൽ മിച്ചൽ, ടോം ബ്ലൻഡൽ എന്നിവരടങ്ങിയ അഞ്ചംഗ പട്ടികയിലെ ഏക വനിതാ താരവും ഹർമൻപ്രീതാണ്. സൂര്യകുമാർ യാദവിനെ ലീഡിങ് പുരുഷ ട്വന്റി 20 ക്രിക്കറ്ററായാണ് തെരഞ്ഞെടുത്തത്. രണ്ട് സെഞ്ചുറിയടക്കം ഒറ്റ വർഷം ആയിരത്തിലേറെ റൺസ് നേടിയ പ്രകടനത്തിനാണ് സ്‌കൈക്ക് അംഗീകാരം.

ലീഡിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനാണ്. മൂന്നാം തവണയാണ് സ്റ്റോക്‌സ് വിസ്ഡന്റെ പുരസ്‌കാരം നേടുന്നത്. കപിൽ ദേവ്, വിരേന്ദർ സെവാഗ്, സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി എന്നിവരാണ് വിസ്ഡന്റെ ലീഡിങ് ക്രിക്കറ്റർ പുരസ്‌കാരം നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ. 1889 മുതൽ ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്നത് വിസ്ഡനാണ്.

ഹർമൻപ്രീതിന്റെ പുരസ്‌കാര നേട്ടം അപ്രീക്ഷിതമല്ല എന്നാണ് ഇന്ത്യൻ ഇതിഹാസ പേസർ ജൂലൻ ഗോസ്വാമിയുടെ പ്രതികരണം. ഹർമൻ പുരസ്‌കാരം അർഹിച്ചിരുന്നതായി ഇന്ത്യൻ മുൻ താരം ആർ പി സിംഗും വ്യക്തമാക്കി.