കേപ്ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ നിർണായക സെമി ഫൈനൽ പോരാട്ടത്തിൽ കൈയെത്തും ദൂരത്തുനിന്നും ഇന്ത്യയുടെ ജയം തട്ടിയകറ്റിയത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ റണ്ണൗട്ടായിരുന്നു. ജെമീമയെ കൂട്ടുപിടിച്ച് ഹർമൻ നടത്തിയ പോരാട്ടം ഇന്ത്യയെ ഐതിഹാസിക ജയത്തിലേക്ക് കൈപിടിച്ചുയർത്തുമെന്ന് കരുതിയിരിക്കെ നിർഭാഗ്യത്തിന്റെ രൂപത്തിൽ വന്ന റണ്ണൗട്ട് കളി മാറ്റിമറിച്ചു.

മത്സരത്തിൽ ഇന്ത്യ ജയത്തിലേക്ക് നീങ്ങവെയാണ് ഹർമൻ അപ്രതീക്ഷിതമായി റണ്ണൗട്ടായത്. അനായാസം രണ്ട് റൺസ് പൂർത്തിയാക്കാമായിരുന്നെങ്കിലും ക്രിസിനടുത്തുവെച്ച് ഹർമന്റെ ബാറ്റ് ഗ്രൗണ്ടിൽ തട്ടി നിന്നതോടെ ഓസീസ് വിക്കറ്റ് കീപ്പർ അലീസ ഹീലി ബെയ്ൽസിളക്കുകയായിരുന്നു.

ഹർമൻ പുറത്താകുമ്പോൾ 33 പന്തിൽ 41 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഓവറുകളിൽ തകർപ്പൻ ബൗളിംഗും ഫീൽഡിംഗും കാഴ്ചവെച്ച ഓസീസ് അഞ്ച് റൺസിന്റെ ജയവുമായി ഫൈനലിലേക്ക് മാർച്ച് ചെയ്തു. തോൽവിക്കുശേഷം ഹർമന് അടുത്തെത്തിയ മുൻ ക്യാപ്റ്റൻ അഞ്ജും ചോപ്രക്ക് മുന്നിൽ ഹർമന് സങ്കടം അടക്കാനായില്ല. അഞ്ജുമിന്റെ തോളിൽ തലവെച്ച് പൊട്ടിക്കരഞ്ഞ ഹർമനെ ആശ്വസിപ്പിക്കാൻ സഹതാരം ഹർലീൻ ഡിയോളിനു പോലും കഴിഞ്ഞിരുന്നില്ല.

ഹർമന്റെ കണ്ണീർ തുടച്ച് ഡിയോൾ അടുത്തു നിന്നു. മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ ഹർമൻ പറഞ്ഞത്, തന്റെ കണ്ണീർ രാജ്യം കാണാതിരിക്കാനാണ് ഈ സൺഗ്ലാസ് ധരിച്ചിരിക്കുന്നത് എന്നായിരുന്നു. ഹർമന്റെ സങ്കടം കുറക്കാനാണ് താൻ ഇന്ത്യൻ ക്യാപ്റ്റന്റെ അടുത്തേക്ക് പോയതെന്നും കളിക്കാരിയെന്ന നിലയിൽ ആ സങ്കടം തനിക്ക് മനസിലാവുമെന്നും അഞ്ജും ചോപ്രയും പറഞ്ഞിരുന്നു.

എന്നാൽ ഹർമന്റെ റണ്ണൗട്ടായതിനെ സ്‌കൂൾ കുട്ടികൾ പോലും വരുത്താത്ത പിഴവെന്ന് കമന്ററിക്കിടെ വിശേഷിപ്പിച്ച മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈന് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ രംഗത്ത് എത്തിയിരിക്കുകയാണ്.

സ്‌കൂൾ ക്രിക്കറ്റിലോ ക്ലബ്ബ് ക്രിക്കറ്റിലോ പോലും വരുത്താത്ത പിഴവാണ് ഹർമന്റേതെന്നും അവസാന ചുവടുകൾ വെച്ചപ്പോൾ വേഗം കുറഞ്ഞതാണ് റണ്ണൗട്ടിന് കാരണമെന്നും നാസർ ഹുസൈൻ വിമർശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് മത്സരശേഷം ചോദിച്ചപ്പോഴാണ് ഹർമൻപ്രീത് പ്രതികരിച്ചത്

നാസർ ഹുസൈൻ അങ്ങനെ പറഞ്ഞോ എന്നായിരുന്നു ഹർമന്റെ ചോദ്യം. അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് അറിയില്ല. പക്ഷെ ഇത്തരം നിർഭാഗ്യകരമായ പുറത്താകലുകൾ ക്രിക്കറ്റിൽ സംഭവിക്കാറുണ്ട്. അതിനെ നിർഭാഗ്യം എന്നു തന്നെയാണ് ഞാൻ കാണുന്നത്. സെമി ഫൈനലുകളിൽ നിന്ന് ഫൈനലിലെത്താൻ ഞങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ മെച്ചപ്പെട്ടാലെ സെമി കടമ്പ കടന്ന് ഫൈനലിലെത്താനാവു.

അതുകൊണ്ടുതന്നെ എന്റെ പുറത്താകൽ സ്‌കൂൾ കുട്ടികൾ പോലും വരുത്താത്ത പിഴവായല്ല, നിർഭാഗ്യമായാണ് കാണുന്നത്. ഞങ്ങളാരും സ്‌കൂൾ കുട്ടികളല്ല, മുതിർന്ന പക്വതയുള്ള കളിക്കാരാണ്. രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നവരാണ്. നാസർ ഹുസൈൻ പറഞ്ഞത് അദ്ദേഹത്തിന്റെ ചിന്താഗതിയാണ്. ഞാനങ്ങനെയല്ല അതിനെ കാണുന്നത്-ഹർമൻപ്രീത് പറഞ്ഞു.

മുമ്പ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കളിക്കാനാകുമോ എന്ന വലിയ ആശങ്കയിലായിരുന്നു ഇന്ത്യൻ ടീം. പരിക്കുമൂലം പൂജ വസ്ട്രാക്കർ കളിക്കില്ലെന്ന് ഉറപ്പായതോടെ ഹർമനും കൂടി കളിച്ചില്ലെങ്കിൽ കരുത്തരായ ഓസീസിനെതിരെ ആദ്യ പന്തെറിയും മുമ്പെ തോൽവി സമ്മതിക്കേണ്ടിവരുമോ എന്നതായിരുന്നു ഇന്ത്യയുടെ വലിയ ആശങ്ക.

കടുത്ത പനിമൂലം മത്സരത്തലേന്ന് ആശുപത്രിയിലായിരുന്നെങ്കിലും അതെല്ലാം അവഗണിച്ച് ടോസിനായി ഹർമൻ ഗ്രൗണ്ടിലെത്തിയപ്പോഴാണ് ആരാധകർക്കും ശ്വാസം നേരെ വീണത്. ടോസ് സമയത്ത് ഹർമന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും മത്സരത്തിന് സജ്ജയാണെന്നും ആത്മവിശ്വാസത്തോടെ ഹർമൻ പറയുകയും ചെയ്തിരുന്നു.