ന്യൂയോർക്ക്: തന്നെ പരിഹസിച്ച ആരാധകനെ തല്ലാനായി ഓടിച്ച സംഭവത്തിൽ വിശദീകരണവുമായി പാക് പേസർ ഹാരിസ് റൗഫ്. എന്റെ മാതാപിതാക്കളെയോ കുടുംബത്തെയോ അവഹേളിക്കാൻ അവർക്ക് അവകാശമില്ല.അങ്ങനെ ചെയ്താൽ അത് ഞാൻ വകവെച്ചുകൊടുക്കില്ല.അപ്പോൾ തന്നെ പ്രതികരിക്കുമെന്നാണ് റൗഫ് പറഞ്ഞിരിക്കുന്നത്.ടി20 ലോകകപ്പിൽ നിന്ന് പാക്കിസ്ഥാൻ തോറ്റ് പുറത്തായതിന് പിന്നാലെ പേസറായ റൗഫിനെ ഒരു ആരാധകന്റെ വിമർശിച്ചിരുന്നു.തുടർന്ന് റൗഫ് അദ്ദേഹത്തെ തല്ലാനായി ഒടിയടുക്കുകയും ചെയ്തു.സംഭവം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായതിന് പിന്നാലെയാണ് താരം വിശദീകരണവുമായി എത്തിയത്.

സംഭവത്തിൽ ഹാരിസ് റൗഫ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വരരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതിൽ ഒരു വിശദീകരണം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ക്രിക്കറ്റ് താരമെന്ന നിലയിൽ ആരാധകരുടെ വിമർശനങ്ങളും അഭിപ്രായങ്ങളുമെല്ലാം കേൾക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അവർക്കതിനുള്ള അവകാശവുമുണ്ട്.എന്നാൽ എന്റെ മാതാപിതാക്കളെയോ കുടുംബത്തെയോ അവഹേളിക്കാൻ അവർക്ക് അവകാശമില്ല.അങ്ങനെ ചെയ്താൽ അത് ഞാൻ വകവെച്ചുകൊടുക്കില്ല.അപ്പോൾ തന്നെ പ്രതികരിക്കും. ഏത് പ്രഫഷനായാലും ആളുകളോടും അവരുടെ കുടുംബത്തോടും മാന്യമായി പെരുമാറുക എന്നത് പ്രധാനമാണെന്നും ഹാരിസ് റൗഫ് എക്സ് പോസ്റ്റിൽ പറഞ്ഞു.

ഭാര്യയുമായി നടന്നുപോകവെ പരിഹസിച്ച ആരാധകനെ നിയന്ത്രണം വിട്ട ഹാരിസ് റൗഫ് തല്ലാനായി ഓടിച്ചെല്ലുകയായിരുന്നു.ഭാര്യ ഹാരിസ് റൗഫിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റ് ചിലർ ചേർന്നാണ് റൗഫിനെ പിടിച്ചു മാറ്റിയത്.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ചർച്ചയായിരുന്നു.ടീമിന്റെ പരാജയവും ടീമംഗങ്ങളുടെ അസഹിഷ്ണുതയും ഒക്കെ വലിയ തോതിൽ ചർച്ചയായി.തല്ലാനായി ഓടുന്നതിനിടെ ആരാധകനോട് ഇന്ത്യക്കാരനായിരിക്കുമെന്ന് റൗഫ് പറയുന്നതും താൻ ഇന്ത്യക്കാരനല്ല പാക്കിസ്ഥാൻകാരനാണെന്ന് ആരാധകൻ പറയുന്നതും വീഡിയോയിൽ കേൾക്കാം.

ടൂർണമെന്റിൽ സൂപ്പർ എട്ടിലെത്താതെ പുറത്തായതിൽ വിമർശനങ്ങൾ വക വെക്കാതെ ഹാരിസ് റൗഫ് ഉൾപ്പെടെയുള്ള ചില പാക്ക് താരങ്ങൾ അവധിക്കാലം ആഘോഷിക്കാൻ ലണ്ടനിലേക്കു പോകാനുള്ള ഒരുക്കത്തിലാണെന്ന വാർത്തകൾ വന്നിരുന്നു. അതിനിടെയാണ് പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.ടി20 ലോകകപ്പിൽ ആതിഥേയരായ അമേരിക്കയോടും ഇന്ത്യയോടും തോറ്റതോടെയാണ് പാക്കിസ്ഥാന്റെ സൂപ്പർ 8 സാധ്യതകൾക്ക് തിരച്ചടിയേറ്റത്.

പിന്നീട് അമേരിക്ക-അയർലൻഡ് പോരാട്ടം മഴമൂലം ഉപേക്ഷിച്ചതോടെ പാക്കിസ്ഥാന്റെ സൂപ്പർ 8 സാധ്യതകൾ അവസാനിക്കുകയായിരുന്നു. ലോകകപ്പിൽ കാനഡക്കും അർലൻഡിനുമെതിരെ മാത്രമാണ് പാക്കിസ്ഥാന് ജയിക്കാനായത്.ആരാധകർക്കു പുറമേ, മുൻ ക്രിക്കറ്റ് താരങ്ങളും പാക്ക് ടീമിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. പാക്കിസ്ഥാൻ ടീമിനെ പൂർണമായും പൊളിച്ചുപണിയാനുള്ള ഒരുക്കത്തിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡെന്നും വിവരമുണ്ട്. പാക്ക് ടീമിലെ പ്രശ്‌നങ്ങളിൽ പരിശീലകൻ ഗാരി കേഴ്സ്റ്റനും അസ്വസ്ഥനാണ്. പാക്ക് താരങ്ങളിൽ ചിലർ പരസ്പരം സഹകരിക്കുന്നില്ലെന്ന് പരിശീലകൻ വെളിപ്പെടുത്തിയിരുന്നു.