- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിച്ചറിയാതെ വിക്കറ്റ് വലിച്ചെറിഞ്ഞ ഗില്ലും ശ്രേയസും; കളം അറിഞ്ഞ് ക്രീസിൽ നിലയുറപ്പിച്ച 'തല'! ഇന്ത്യൻ കിരീട മോഹങ്ങൾക്ക് മീതെ ബാറ്റ് വീശീ ട്രവീസ് ഹെഡ്; ആ സെഞ്ച്വറി ഓസ്ട്രേലിയൻ ക്രിക്കറ്റിന് നൽകിയത് സുന്ദര നിമിഷം; ടീമിന് വേണ്ടി കളിച്ച ലബുർഷെയ്ൻ; വെൽഡൺ ഹെഡ്.. വെൽഡൺ ലബൂഷെയ്ൻ; അഹമ്മദാബാദിൽ ഇന്ത്യയെ തോൽപ്പിച്ചത് ഈ കൂട്ടുകെട്ട്
അഹമ്മദാബാദ്: ക്രിസിൽ നിലയുറപ്പിക്കുക... മോശം പന്തുകൾ മാത്രം ശിക്ഷിക്കുക... ക്രിക്കറ്റ് കളിക്കാൻ എത്തുന്നവർക്ക് ആദ്യം പരിശീലകർ പറഞ്ഞു നൽകുന്ന ബാലപാഠം. ഇതിഹാസ താരങ്ങൾക്ക് ഇതൊന്നും കാര്യമാക്കാതെ വീശിക്കളിക്കാം. അത് പലപ്പോഴും ചരിത്രമാകും. പക്ഷേ പിച്ചിന്റെ സ്വഭാവം അത് നിർണ്ണായകമാണ്. ബാറ്റിലേക്ക് അനായാസം പന്തെത്തിക്കുന്ന പിച്ചിൽ എങ്ങനേയും എവിടേയും കളിക്കാം. പക്ഷേ വിക്കറ്റ് സ്ലോവാണെങ്കിൽ ആദ്യ പഠിക്കുന്ന പാഠം നിർണ്ണായകമാണ്. ക്രീസിൽ നിലയുറപ്പിക്കുക.. അതിന് ശേഷം മോശം പന്തുകൾ മാത്രം ബൗണ്ടറി കടത്തുക. 2023ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ മുൻനിര ഇത് മറന്നു. ആത്മവിശ്വാസത്തോടെ ഫൈനലിന് എത്തിയ ഇന്ത്യൻ മുൻ നിര തകർന്നത് ഇതുകൊണ്ട് മാത്രമാണ്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ പരാജയകാരണം തിരിച്ചറിഞ്ഞ രണ്ടു പേർ ഓസ്‌ട്രേലിയൻ നിരയിലുണ്ടായിരുന്നു. ട്രാവിസ് ഹെഡും ലബൂഷെയ്‌നും
ഇന്ത്യയിൽ നിന്ന് ആറാം ലോകകപ്പുമായി കങ്കാരുക്കൾ മടങ്ങുമ്പോൾ ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയിൽ ഇന്ത്യ. 2003 ഫൈനലിന് പിന്നാലെ ഇതാ 2023 ഫൈനലിലും ഇന്ത്യയ്ക്ക് കണ്ണീർ. സ്വന്തം കാണികൾക്ക് മുന്നിൽ ഓസ്ട്രേലിയയോട് ആറുവിക്കറ്റിന് തോറ്റ് ഇന്ത്യ തോൽവി സമ്മതിച്ചു. ഇന്ത്യ ഉയർത്തിയ 240 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കൽക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റൺസെടുത്തപ്പോൾ ലബൂഷെയ്ൻ 58 റൺസ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ തോൽപ്പിച്ചത് ഹെഡായിരുന്നു.
പിച്ചിന്റെ സ്വഭാവം അറിഞ്ഞ് ബാറ്റു ചെയ്തതാണ് ഹെഡിന് തുണയായത്. ഓസീസ് ഓപ്പണർ ഡേവിഡ് വാർണറും മിച്ചൽ മാർഷും സ്റ്റീവ് സ്മിത്തും വേഗത്തിൽ പുറത്തായപ്പോൾ ഇന്ത്യ വിജയം മണത്തു. എന്നാൽ ഹെഡിന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. ക്ലാസ് ബാറ്ററായ ലബുർഷെയ്‌നും പിച്ചിന്റെ സ്വഭാവം വേഗത്തിൽ തിരിച്ചറിഞ്ഞു. അവർ പന്തിനായി കാത്തു നിന്നു. ടീമിനെ വിജയത്തിലേക്ക് നയിക്കാൻ വേണ്ട കൂട്ടുകെട്ട് പടുത്തുയർത്തി. അഹമ്മദാബാദിലെ സ്ലോ പിച്ചിൽ 192 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 240 എന്ന സ്‌കോറിനെ മറികടക്കാൻ അത് ധാരാളമായിരുന്നു. ഇതു തന്നെയാണ് ഓസ്‌ട്രേലിയയെ ആറാം തവണയും ലോക ചാമ്പ്യന്മാരാക്കുന്നത്. ഹെഡാണ് ഫൈനലിലെ കളിയിലെ താരം. സെമിയിലും ഹെഡായിരുന്നു ഓസ്‌ട്രേലിയൻ വിജയ ശിൽപ്പി. ഈ ലോകകപ്പിൽ ആറു കളികളിൽ നിന്ന് 329 റൺസാണ് ഹെഡ് നേടിയത്.
ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ബുംറ ചെയ്ത ആദ്യ ഓവറിൽ തന്നെ 15 റൺസ് കിട്ടി. ഡേവിഡ് വാർണറും ട്രാവിസ് ഹെഡ്ഡുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ വാർണറെ മടക്കി ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ഏഴുറൺസെടുത്ത വാർണർ സ്ലിപ്പിൽ നിന്ന കോലിയുടെ കൈയിലൊതുങ്ങി. പിന്നാലെ മിച്ചൽ മാർഷ് ക്രീസിലെത്തി. ആദ്യ നാലോവറിൽ ഓസീസ് 41 റൺസാണ് അടിച്ചെടുത്തത്. എന്നാൽ അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ മിച്ചൽ മാർഷിനെ മടക്കി ബുംറ വമ്പൻ തിരിച്ചുവരവ് നടത്തി. 15 പന്തിൽ 15 റൺസെടുത്ത മാർഷിനെ ബുംറ വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈയിലെത്തിച്ചു. ഇതോടെ ഓസീസ് 41 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. പിന്നാലെ വന്ന സ്റ്റീവ് സ്മിത്തിനും പിടിച്ചുനിൽക്കാനായില്ല. വെറും നാല് റൺസ് മാത്രമെടുത്ത സ്മിത്തിനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കി. സ്മിത്ത് പുറത്താകുമ്പോൾ ഓസീസ് സ്‌കോർ 47 റൺസിലാണെത്തിയത്.
സ്മിത്തിന് പകരം വന്ന മാർനസ് ലബൂഷെയ്നിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് ടീമിനെ നയിച്ചു. 8.5 ഓവറിൽ ടീം സ്‌കോർ 50 കടന്നു. ലബൂഷെയ്ൻ പ്രതിരോധിച്ചപ്പോൾ മറുവശത്ത് ഹെഡ് അനായാസം ബാറ്റുവീശി. 19.1 ഓവറിൽ ടീം സ്‌കോർ 100 കടന്നു. പിന്നാലെ ഹെഡ് അർധസെഞ്ചുറി നേടി. 58 പന്തുകളിൽ നിന്നാണ് താരം അർധശതകം കുറിച്ചത്. ഹെഡ്ഡും ലബൂഷെയ്നും അനായാസം ബാറ്റിങ് തുടർന്നതോടെ ഇന്ത്യ പരാജിതരുടെ റോളിലെത്തി. ബാറ്റർമാർക്ക് അടി തെറ്റുമെന്ന് കരുതിയ അതേ പിച്ചിൽ ഹെഡ് വെറും 95 പന്തുകളിൽ നിന്ന് സെഞ്ചുറി നേടി. ഹെഡ് ബാറ്റുയർത്തി ഓസീസിന്റെ വീരനായകനായി. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ രണ്ടാമത്തെ കൂട്ടുകെട്ട് എന്ന റെക്കോഡ് ഹെഡ്ഡും ലബൂഷെയ്നും ചേർന്ന് സ്വന്തമാക്കി. പിന്നാലെ ലബൂഷെയ്ൻ അർധസെഞ്ചുറി നേടി. 99 പന്തിൽ നിന്നാണ് താരം അർധശതകം കുറിച്ചത്.
ജയിക്കാൻ വെറും രണ്ട് റൺസ് വേണ്ടിയിരുന്ന സമയത്ത് ഹെഡ് പുറത്തായി. താരത്തെ മുഹമ്മദ് സിറാജ് പുറത്താക്കി. 120 പന്തിൽ 15 ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 137 റൺസെടുത്ത് വിജയമുറപ്പിച്ച ശേഷമാണ് ഹെഡ് കളം വിട്ടത്. പിന്നാലെ വന്ന മാക്സ്വെൽ രണ്ട് റൺസ് നേടി ടീമിന് കിരീടം സമ്മാനിച്ചു. അത് വെറുമൊരു ഔപചാരികത മാത്രമായി.
മറുനാടന്‍ ഡെസ്‌ക്