പെർത്ത്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾ ഓസ്‌ട്രേലിയയിൽ പുരോഗമിക്കവെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഹോട്ടൽ മുറിയിൽ കയറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നടപടിയുമായി ഹോട്ടൽ അധികൃതർ. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച ഹോട്ടൽ ജീവനക്കാരനെ പുറത്താക്കി. കോലിയുടെ മുറിയിൽ കയറിയ ആളെ ജോലിയിൽനിന്നു പുറത്താക്കിയതായി ഹോട്ടൽ പ്രസ്താവനയിൽ അറിയിച്ചു.

കോലിയുടെ മുറിയിൽ താരമില്ലാത്ത സമയത്ത് മറ്റൊരാൾ കയറുകയും വീഡിയോ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായ കോലി രംഗത്തെത്തുകയും ചെയ്തു. പിന്നാലെ 'ക്രൗൺ പെർത്ത്' ഹോട്ടൽ അധികൃതർ നടപടി സ്വീകരിച്ചത്.

പെർത്തിലെ ക്രൗൺ ഹോട്ടൽ അധികൃതരാണ് സംഭവത്തിൽ താരത്തോടും ഇന്ത്യൻ ടീമിനോടും ഐസിസിയോടും ക്ഷമ ചോദിച്ച് പ്രസ്താവനയിറക്കിയത്. സംഭവത്തിൽ ഉൾപ്പെട്ടത് ഹോട്ടലുമായി ബന്ധപ്പെട്ടവർ തന്നെയാണെന്നും ഇവരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തുവെന്നും ക്രൗൺ ഹോട്ടൽ പ്രസ്താവനയിൽ വ്യക്തമാക്കി. ഇവർ പകർത്തിയ ഹോട്ടൽ മുറിയുടെ വീഡിയോ അവരവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് നീക്കം ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.

ഇത്തരം പെരുമാറ്റങ്ങളോട് സഹിഷ്ണുത കാണിക്കുന്നില്ലെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമുമായും ഐസിസിയുമായും സഹകരിക്കുമെന്നും ക്രൗൺ ഹോട്ടൽ വ്യക്തമാക്കി.

'അതിഥികളുടെ സുരക്ഷയും സ്വകാര്യതയുമാണ് ഞങ്ങളുടെ പ്രഥമ പരിഗണന, ഇത്തരമൊന്ന് സംഭവിച്ചതിൽ ഞങ്ങൾ നിരാശരാണ്. ഇതിൽ ഉൾപ്പെട്ട അതിഥിയോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി തുടരുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. പ്രശ്നം പരിഹരിക്കാൻ ഉടനടി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വ്യക്തികളെ സസ്പെൻഡ് ചെയ്യുകയും യഥാർഥ വീഡിയോ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് എത്രയും വേഗം നീക്കം ചെയ്യുകയും ചെയ്തു' - ഹോട്ടൽ പ്രസ്താവനയിൽ വ്യക്തമാക്കി.



താൻ താമസിക്കുന്ന ഹോട്ടൽ മുറിയിൽ കയറി അജ്ഞാതൻ ദൃശ്യങ്ങൾ പകർത്തിയതായി കോലി തന്നെയാണ് തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. അജ്ഞാതൻ ഹോട്ടൽ മുറിയിൽ കയറി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്താണ് കോലി സ്വകാര്യത ഹനിക്കപ്പെട്ടതിൽ രൂക്ഷമായി പ്രതികരിച്ചത്. തന്റെ സ്വകാര്യതയിൽ ആശങ്കയുണ്ടെന്നും വിരാട് കോലി പ്രതികരിച്ചു.

വിരാട് കോലി മുറിയിൽ ഇല്ലാത്ത സമയത്താണ് ഹോട്ടൽ ജീവനക്കാരൻ ദൃശ്യങ്ങൾ പകർത്തിയതെന്നു വിഡിയോയിൽനിന്നു വ്യക്തമാണ്. എന്നാൽ ആരാണ് അനുമതിയില്ലാതെ മുറിയിൽ അതിക്രമിച്ചു കടന്നതെന്നു കോലി വെളിപ്പെടുത്തിയിരുന്നില്ല. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ ആരാധകർ തയാറാകണമെന്നും വിനോദത്തിനുള്ള വസ്തുക്കളായി താരങ്ങളെ കാണരുതെന്നും കോലി പ്രതികരിച്ചു.

''പ്രിയപ്പെട്ട താരങ്ങളെ കാണുന്നത് ആരാധകർക്കു വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് എനിക്കു മനസ്സിലാകും. എന്നാൽ ഈ വിഡിയോ ഭയപ്പെടുത്തുന്നതാണ്. എന്റെ സ്വകാര്യതയിൽ ആശങ്കയുണ്ട്. എന്റെ ഹോട്ടൽ മുറിയിൽ സ്വകാര്യത ലഭിച്ചില്ലെങ്കിൽ മറ്റെവിടെയാണു ഞാൻ അതു പ്രതീക്ഷിക്കേണ്ടത്.'' കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

''ഇത്തരം ഭ്രാന്തമായ ആരാധനയോട് എനിക്കു യോജിപ്പില്ല. ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. സ്വകാര്യതയെ മാനിക്കുക, വിനോദത്തിനുള്ള ഉപാധിയായി അവരെ കാണരുത്.'' കോലി പ്രതികരിച്ചു. കോലിയെ പിന്തുണച്ച് ഭാര്യ അനുഷ്‌ക ശർമയും രംഗത്തെത്തി. തനിക്കും മുൻപ് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇതു വളരെ മോശമാണെന്നും അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും കോലിക്കു പിന്തുണയറിയിച്ചു. ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണിതെന്ന് വാർണർ പ്രതികരിച്ചു.

കോലി മുറിയിൽ ഇല്ലാത്ത സമയത്താണ് അജ്ഞാതൻ ദൃശ്യങ്ങൾ പകർത്തിയതെന്നു വിഡിയോയിൽനിന്നു വ്യക്തമാണ്. ബോളിവുഡ് താരം അർജുൻ കപൂർ ഉൾപ്പെടെയുള്ളവർ കോലിയെ പിന്തുണച്ച് രംഗത്തെത്തി.