ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോർ അടിച്ചുകൂട്ടിയ സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 25 റൺസിന് കീഴടക്കി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെയും ( 41 പന്തിൽ 102) ഹെയ്ന്റിച്ച് ക്ലാസന്റെ അർദ്ധ സെഞ്ചുറിയുടെയും(67) മികവിലാണ് ഹൈദരാബാദ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എന്ന ഭീമൻ സ്‌കോർ സ്വന്തമാക്കിയത്.

ബെംഗളൂരുവിന് വേണ്ടി 35 പന്തിൽ 83 റൺസെടുത്ത ദിനേഷ് കാർത്തിക്കാണ് ടോപ് സ്‌കോറർ. 288 റൺസ് എന്ന വിജയലക്ഷ്യത്തിനായി പോരാടിയ ബെംഗളൂരുവിന് മുമ്പിൽ തടസ്സമായത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ പാറ്റ് കമ്മിൻസാണ്. കോലിയും ഡുപ്ലെസിയും ചേർന്ന് 6.2 ഓവറിൽ 80 റൺസ് ചേർത്തു. കോലിയെ പുറത്താക്കി മായങ്ക് മാർക്കാണ്ഡെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രണ്ട് സിക്സും ആറ് ഫോറുമടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.

പിന്നാലെ വിൽ ജാക്ക്സ് (7), രജത് പാട്ടിദാർ (9), സൗരവ് ചൗഹാൻ (0) എന്നിവർ തുടരെ മടങ്ങിയതോടെ ആർസിബി പതറി. ഡുപ്ലെസി മാത്രമാണ് ഈ സമയം പൊരുതിയത്. 28 പന്തിൽ നിന്ന് നാല് സിക്സും ഏഴ് ഫോറുമടക്കം 62 റൺസെടുത്ത ഡുപ്ലെസിയെ 10-ാം ഓവറിൽ പാറ്റ് കമ്മിൻസ് പുറത്താക്കി.

ടി 20 യിൽ രണ്ടിങ്്‌സുകളിലുമായി മൊത്തം 549 റൺസാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നത്. ഏറ്റവും കൂടുതൽ സിക്‌സുകൾ കണ്ട മത്സരവും (38).

ഹൈദരാബാദിന് എതിരെ ടോസ് നേടിയ ഡൂപ്ലസി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയിൽ, അഞ്ചുമത്സരങ്ങളിൽ, മൂന്നുജയങ്ങളും, രണ്ടുതോൽവിയുമായി നാലാം സ്ഥാനത്താണ് ഹൈദരാബാദ്. അതേസമയം, ആറ് കളിയിൽ, അഞ്ചുതോൽവിയും, ഒരുജയവുമായി പോയിന്റ് പട്ടികയിൽ താഴെയാണ്.