- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2022ലെ ഏറ്റവും മികച്ച ട്വന്റി 20 ഇലവനെ പ്രഖ്യാപിച്ച് ഐസിസി; വിരാട് കോലി അടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ; ബട്ലർ നായകൻ; രണ്ട് പാക്കിസ്ഥാൻ താരങ്ങളും; ഓസിസ് വിൻഡീസ് താരങ്ങൾക്ക് ഇടമില്ല
ദുബായ്: കഴിഞ്ഞ വർഷത്തെ പ്രകടന മികവ് വിലയിരുത്തി 2022ലെ ഏറ്റവും മികച്ച ട്വന്റി 20 ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ നായകൻ ജോസ് ബട്ലർ നയിക്കുന്ന ഐസിസി ട്വന്റി 20 ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടം നേടി. പാക്കിസ്ഥാനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും രണ്ട് താരങ്ങൾ വീതം ടീമിലെത്തി. ഓസ്ട്രേലിയയിൽ നിന്നും വെസ്റ്റ് ഇൻഡീസിൽ നിന്നും ഒറ്റ താരം പോലും ഐസിസി ടീമിൽ ഇടം നേടിയില്ല.
ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിൽ നിന്ന് രണ്ട് കളിക്കാർ മാത്രമാണ് ഐസിസി ഇലവനിലുള്ളത്. ഇന്ത്യയിൽ നിന്ന് മൂന്ന് പാക്കിസ്ഥാനിൽ നിന്ന് രണ്ട്, ശ്രീലങ്ക, സിംബാബ്വെ, ന്യൂസിലൻഡ്, അയർലൻഡ് ടീമുകളിൽ നിന്ന് ഓരോരുത്തർ വീതവും ടീമിലെത്തി.
ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് സമ്മാനിച്ച ബട്ലറാണ് ടീമിന്റെ നായകനും ഓപ്പണറും വിക്കറ്റ് കീപ്പറും. പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനാണ് ബട്ലറുടെ സഹ ഓപ്പണർ. ബാറ്റിങ് നിരയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങളാണ്. മൂന്നാം നമ്പറിൽ വിരാട് കോലിയും നാലാം നമ്പറിൽ സൂര്യകുമാർ യാദവും. ന്യൂസിലൻഡിന്റെ ഗ്ലെൻ ഫിലിപ്സ്, സിംബാബ്വെയുടെ സിക്കന്ദർ റാസ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിൽ ഇന്ത്യയുടെ ഹാർദ്ദിക് പാണ്ഡ്യയും ഇംഗ്ലണ്ടിന്റെ സാം കറനുമാണ് പേസ് ഓൾ റൗണ്ടർമാർ.
ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്ക സ്പിൻ ഓൾ റൗണ്ടറാവുമ്പോൾ പാക്കിസ്ഥാന്റെ ഹാരിസ് റൗഫും അയർലൻഡ് പേസർ ജോഷ് ലിറ്റിലും ടീമിൽ ഇടം നേടി. റിസ്വാനൊപ്പം കഴിഞ്ഞ വർഷം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പാക്കിസ്ഥാൻ നായകൻ ബാബർ അസമിന് അവസാന 11ൽ ഇടം നേടാനായില്ല.
കഴിഞ്ഞ വർഷം ബട്ലർ 15 മത്സരങ്ങളിൽ നിന്ന് 160.41 പ്രഹരശേഷിയിൽ 462 റൺസടിച്ചു. മുഹമ്മദ് റിസ്വാനാകാട്ടെ കഴിഞ്ഞവർഷം 992 റൺസടിച്ച് റൺവേട്ടയിൽ രണ്ടാമതെത്തിയപ്പോൾ വിരാട് കോലി 276 റൺസുമായി ടി20 ലോകകപ്പിലെ ടോപ് സ്കോററായി. കഴിഞ്ഞ വർഷം ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസടിച്ച ബാറ്ററാണ് 187.43 പ്രഹരശേഷിയിൽ 1164 റൺസടിച്ച സൂര്യകുമാർ.
ഗ്ലെൻ ഫിലിപ്സാകട്ടെ 21 മത്സരങ്ങളിൽ 156.33 പ്രഹരശേഷിയിൽ 716 റൺസടിച്ചാണ് ഐസിസി ടീമിലെത്തിയത്. സിംബാബ്വെക്കായി ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ സിക്കന്ദർ റാസ 735 റൺസും 25 വിക്കറ്റും നേടി. കഴിഞ്ഞ വർഷം 607 റൺസും 20 വിക്കറ്റും നേടിയാണ് ഹാർദ്ദിക് പാണ്ഡ്യ ബാറ്റിങ് ഓൾ റൗണ്ടറായി ടീമിലെത്തിയത്.
ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനായിരുന്നു സാം കറൻ. ലോകകപ്പിൽ 15 വിക്കറ്റുമായിവിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയതാണ് വാനിന്ദു ഹസരങ്കക്ക് ടീമിലിടം നൽകിയത്. ഏഷ്യാ കപ്പിലും ലോകകപ്പിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് ഹാരിസ് റൗഫിന് ടീമിലിടം നൽകിയതെങ്കിൽ കഴിഞ്ഞ വർഷം 39 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ രണ്ടാമതെത്തിയ ബൗളറാണ് ജോഷ് ലിറ്റിൽ.
സ്പോർട്സ് ഡെസ്ക്