- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസി ടി20 റാങ്കിങ്; ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ; വൻ കുതിപ്പുമായി കരിയറിലെ മികച്ച സ്ഥാനവുമായി ശുഭ്മാൻ ഗിൽ; സ്ഥാനം മെച്ചപ്പെടുത്തി ഹാർദ്ദിക്കും
ദുബായ്: ഐസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ ടി20 ബാറ്റിങ് റാങ്കിംഗിലും ഒന്നാം റാങ്ക് നിലനിർത്തി സൂര്യകുമാർ യാദവ്. 906 റേറ്റിങ് പോയന്റുമായാണ് സൂര്യകുമാർ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടിയതിന് പിന്നാലെ ടി20യിൽ ആദ്യ സെഞ്ചുറി നേടി മിന്നുംഫോമിലുള്ള ശുഭ്മാൻ ഗില്ലും റാങ്കിംഗിൽ നേട്ടമുണ്ടാക്കി.
പുതിയ റാങ്കിംഗിൽ 30ാം സ്ഥാനത്തെത്തിയ ഗിൽ കരിയറിലെ മികച്ച റാങ്കാണ് സ്വന്തമാക്കിയത്. 23കാരനായ ഗിൽ ഏകദിനത്തിൽ ആറാം സ്ഥാനത്തും ടെസ്റ്റിൽ 62ആം റാങ്കിലുമുണ്ട്. ടി20 റാങ്കിംഗിൽ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി പതിനഞ്ചാം സ്ഥാനത്തായി. കെ എൽ രാഹുൽ 27ാം സ്ഥാനത്തും ക്യാപ്റ്റൻ രോഹിത് ശർമ 29-ാം സ്ഥാനത്തുമാണ്.
ന്യൂസിലൻഡിനെതിരെ നിറം മങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ മൂന്ന് സ്ഥാനം താഴേക്കിറങ്ങി 48-ാം സ്ഥാനത്തേക്ക് വീണു. ടി20 ബൗളിങ് റാങ്കിംഗിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ ബൗളർമാരുമില്ല. എന്നാൽ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയ പേസർ അർഷ്ദീപ് സിങ് പതിമൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ടി20 ലോകകപ്പിനുശേഷം ടി20 ടീമിൽ നിന്ന് പുറത്തായ ഭുവനേശ്വർ കുമാർ ഒരു സ്ഥാനം താഴേക്കിറങ്ങി 21-ാം സ്ഥാനത്തായപ്പോൾ ഹാർദ്ദിക് പാണ്ഡ്യ ബാറ്റിംഗിലും ബൗളിംഗിലും ഓൾ റൗണ്ടർമാരുടെ റാങ്കിംഗിലും നേട്ടം കൊയ്തു.
ബാറ്റിങ് റാങ്കിംഗിൽ ഹാർദ്ദിക് 53ൽ നിന്ന് 50ാം സ്ഥാനത്തെത്തിയപ്പോൾ ബൗളിങ് റാങ്കിംഗിൽ 66ൽ നിന്ന് 46-ാം സ്ഥാനത്തെത്തി. ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ഹാർദ്ദിക് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസന് തൊട്ടു പിന്നിലാണ് ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ഹാർദ്ദിക് ഇപ്പോൾ. ന്യൂസിലൻഡിനെതിരായ അവസാന ടി20യിൽ നാലു വിക്കറ്റും 17 പന്തിൽ 30 റൺസും അടിച്ചെടുത്തതാണ് ഹാർദ്ദിക്കിന് നേട്ടമായത്.