ഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കരുത്തരായ ആസ്‌ത്രേലിയയെ തകർത്തെറിഞ്ഞ ഇന്ത്യക്ക് ഇരട്ടി മധുരമായി പുതിയ ഐ.സി.സി റാങ്കിങ്‌സ്. ഐസിസി ബുധനാഴ്ച ടെസ്റ്റ് ഓൾറൗണ്ടർമാരുടെ ഏറ്റവും പുതിയ റാങ്കിങ് ലിസ്റ്റ് പുറത്തിറക്കിയപ്പോൾ, ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ.

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ സ്ഥാനം അലങ്കരിക്കുന്നത് 460 പോയിന്റുകളുമായി രവീന്ദ്ര ജദേജയാണ്. ഓസീസിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ 12.1 ഓവറുകൾ എറിഞ്ഞ ജദേജ 42 റൺസ് വഴങ്ങി ഏഴു വിക്കറ്റുകളായിരുന്നു വീഴ്‌ത്തിയത്.

376 പോയിന്റുകളുമായി രവിചന്ദ്ര അശ്വിനാണ് രണ്ടാം സ്ഥാനത്തുള്ളത്. 283 പോയിന്റുകളുള്ള അക്ഷർ പട്ടേൽ അഞ്ചാം സ്ഥാനത്താണ്. ബംഗ്ലാദേശിന്റെ ശാക്കിബുൽ ഹസനാണ് 326 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സ് 320 പോയിന്റോടെ നാലാം സ്ഥാനത്താണ്. മിച്ചൽ സ്റ്റാർക് (265) ആറാം സ്ഥാനത്തുമുണ്ട്.

അതേസമയം, ആദ്യ രണ്ടു ടെസ്റ്റും ജയിച്ച ടീം ഇന്ത്യക്ക് ഒരു മത്സരം കൂടി സ്വന്തമാക്കിയാൽ പരമ്പര നേടുകയും ഒപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കുകയും ചെയ്യാം. നായകൻ പാറ്റ് കമ്മിൻസ് അടക്കം ടീമിലെ പ്രമുഖരിൽ പലരും തിരിച്ചുപോയ ആസ്‌ത്രേലിയ കടുത്ത പ്രതിസന്ധിയിലാണ്.