- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിങ്ങിൽ ഒന്നാമനായി ശുഭ്മാൻ ഗിൽ; സച്ചിന്റെ റെക്കോർഡ് തിരുത്തി; ഒന്നാം റാങ്കിലെത്തുന്ന പ്രായം കുറഞ്ഞ താരം; ബബർ അസമിനെ പിന്തള്ളി; ബോളർമാരിൽ സിറാജ് മുന്നിൽ; ഷമി ആദ്യ പത്തിൽ; ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യക്ക് കുതിപ്പ്
ദുബായ്: ഏകദിന ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗിൽ കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ. ബാറ്റിംഗിൽ ഒന്നാം സ്ഥാനം ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ സ്വന്തമാക്കി. ബൗളർമാരുടെ പട്ടികയിൽ മുഹമ്മദ് സിറാജും ഒന്നാമതെത്തി. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പിന്തള്ളിയാണ് ഗിൽ ഒന്നാമതെത്തിയത്.
മൂന്നു വർഷത്തോളം ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പർ ബറ്ററായിരുന്നു ബാബർ. ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ താരത്തിന് ഒന്നാം സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 92 റൺസാണ് ഗില്ലിനെ ഒന്നാമതെത്തിച്ചത്. ഇന്ത്യയിൽ ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നമതെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ഗിൽ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, എം എസ് ധോണി, വിരാട് കോലി എന്നിവരാണ് ഒന്നാമതെത്തിയിട്ടുള്ള മുൻ താരങ്ങൾ.
മാത്രമല്ല, ഒന്നാം റാങ്കിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്. സച്ചിന്റെ പേരിലുള്ള റെക്കോർഡാണ് ഗിൽ മറികടന്നത്. സച്ചിൻ 25 വയസായപ്പോഴാണ് ഒന്നാമതെത്തിയത്. ഗിൽ 24-ാം വയസിൽ ഒന്നാം റാങ്കിലെത്തി.
ഈവർഷം 26 ഏകദിനങ്ങളിൽ നിന്നായി 1149 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. ഈ വർഷം ഏകദിനക്രിക്കറ്റിൽ ഏറ്റവും കുടുതൽ റൺസ് നേടിയ മൂന്ന് താരങ്ങളിൽ ഒരാളും ഗിൽ തന്നെ.
ബുധനാഴ്ച പുറത്തുവന്ന പുതിയ റാങ്കിങ് പ്രകാരം 839 റേറ്റിങ് പോയിന്റുകളുമായാണ് ശുഭ്മൻ ഗിൽ ഒന്നാമതെത്തിയത്. 824 പോയിന്റുമായി പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം രണ്ടാം സ്ഥാനത്തുണ്ട്. 770 പോയിന്റുമായി വിരാട് കോലി നാലാമതും രോഹിത് ശർമ ആറാം സ്ഥാനത്തുമുണ്ട്. ഗില്ലിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണ് ഇത്.
മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് വിരാട് കോലി നാലമതെത്തിയത്. ബാബർ രണ്ടാമതും ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് മൂന്നാം സ്ഥാനത്തുമാണ്. ലോകകപ്പിൽ ഇതുവരെ നേടിയ 543 റൺസാണ് കോലിക്ക് മുന്നേറ്റമുണ്ടാക്കിയത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആറാം സ്ഥാനത്താണ്. ഇതിനിടയിൽ അഞ്ചാമത് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുണ്ട്.
റാസി വാൻ ഡർ ഡസ്സൻ, ഹാരി ടെക്റ്റർ, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മലാൻ എന്നവരാണ് ഏഴ് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ. അതേസമയം, ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ അഫ്ഗാനിസ്ഥാൻ താരം ഇബ്രാഹിം സദ്രാൻ 12-ാം സ്ഥാനത്തെത്തി. 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ശ്രേയസ് അയ്യർ പതിനെട്ടാം റാങ്കിലെത്തി.
അതേസമയം ബൗളർമാരുടെ റാങ്കിംഗിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് മുഹമ്മദ് സിറാജ് ഒന്നാം റാങ്ക് തിരിച്ചെടുത്തത്. പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീയെയാണ് സിറാജ് മറികടന്നത്. നിലവിൽ നാലാമതാണ് ഷഹീൻ. മൂന്ന് ഇന്ത്യൻ താരങ്ങൾ കൂടി ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
709 റേറ്റിങ് പോയിന്റുകളാണ് സിറാജിനുള്ളത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജാണു രണ്ടാമത്. ഇന്ത്യൻ താരങ്ങളിൽ കുൽദീപ് യാദവ് ജസ്പ്രീത് ബുമ്ര എന്നിവർ ആദ്യ പത്തിലെത്തി. ലോകകപ്പിൽ ഗംഭീര പ്രകടനം പുറത്തെടുക്കുന്ന മുഹമ്മദ് ഷമി പത്താം സ്ഥാനത്ത് കുതിച്ചെത്തി.. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഷമി ആദ്യ പത്തിലെത്തിയത്.
സ്പോർട്സ് ഡെസ്ക്