പൊച്ചെഫെസ്ട്രൂം: ട്വന്റി 20 ഫോർമാറ്റിൽ നടക്കുന്ന പ്രഥമ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യക്ക് 69 റൺസിന്റെ വിജയദൂരം. ഫൈനലിൽ ഇംഗ്ലണ്ടിനെ കുഞ്ഞൻ സ്‌കോറിൽ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു.

ഇന്നിങ്സിലെ നാലാം പന്തിൽ ഇന്ത്യൻ വനിതകൾ വിക്കറ്റ് മഴയ്ക്ക് തുടക്കമിട്ടപ്പോൾ ഇംഗ്ലണ്ട് 17.1 ഓവറിൽ വെറും 68 റൺസിൽ കൂടാരം കയറി. ഇംഗ്ലണ്ട് നിരയിൽ നാല് താരങ്ങൾ മാത്രമാണ് രണ്ടക്കം കണ്ടത്. 19 റൺസ് നേടിയ റയാൻ മക്ഡൊണൾഡാണ് ടോപ് സ്‌കോറർ. ഇന്ത്യക്കായി തിദാസ് സന്ധുവും അർച്ചന ദേവിയും പർഷാവി ചോപ്രയും രണ്ട് വീതം വിക്കറ്റ് നേടി. മന്നത് കശ്യരും ഷെഫാലി വർമ്മയും സോനം യാദവും ഓരോരുത്തരെ പുറത്താക്കി.

നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ടൈറ്റസ് സധുവാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. അർച്ചന ദേവി, പാർഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. രണ്ട് തകർപ്പൻ ക്യാച്ചുകളും ഒരു ഡയറക്ട് ത്രോ റണ്ണൗട്ടും ഇന്നിങ്സിലുണ്ടായിരുന്നു.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ഷെഫാലി വർമ്മയുടെ തീരുമാനം ശരിവച്ചാണ് മത്സരം തുടങ്ങിയത്. തിദാസ് സന്ധുവിന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ ഇംഗ്ലീഷ് ഓപ്പണർ ലിബേർട്ടി ഹീപ്(2 പന്തിൽ 0) പുറത്തായി. മൂന്നാം നമ്പറിലെത്തിയ ഫിയോണ ഹോളണ്ട് അർച്ചന ദേവി എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തിൽ പുറത്തായി. 8 പന്തിൽ 10 റൺസാണ് ഫിയോണ നേടിയത്. ഇതേ ഓവറിൽ ക്യാപ്റ്റനും മറ്റൊരു ഓപ്പണറുമായ ഗ്രേസ് സ്‌കീവൻസ് 12 പന്തിൽ 4 റൺസുമായി അർച്ചയ്ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

പിന്നാലെ സേറേൻ സ്‌മേലിനെ(9 പന്തിൽ 3) ബൗൾഡാക്കി തിദാസ് സന്ധു വീണ്ടും ആഞ്ഞടിച്ചു. പവലിയെ(9 പന്തിൽ 2) റയാൻ മക്ഡൊണൾഡിനെയും(24 പന്തിൽ 19) പർഷാവി ചോപ്രയും പുറത്താക്കിയപ്പോൾ ജോസീ ഗ്രോവ്സിനെ സൗമ്യ തിവാരി റണ്ണൗട്ടാക്കി. ഹന്നാ ബേക്കറിനെ ഷെഫാലി വർമ്മ ഗോൾഡൻ ഡക്കാക്കി. അലക്സാ സ്റ്റോൺഹൗസിനെ(25 പന്തിൽ 12) മന്നത് കശ്യപും സോഫിയ സ്‌മേലിനെ(7 പന്തിൽ 11) സോനം യാദവും പുറത്താക്കിയതോടെ ഇംഗ്ലീഷ് വനിതകളുടെ പോരാട്ടം അവസാനിച്ചു. എല്ലീ ആൻഡേഴ്സൺ അക്കൗണ്ട് തുറക്കാതെ പുറത്താകാതെ നിന്നു. തിദാസ് സന്ധു നാല് ഓവറിൽ വെറും 6 റൺസ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് നേടിയത്.