അഹമ്മദാബാദ്: തകർപ്പൻ സെഞ്ചുറിയുമായി ഉസ്മാൻ ഖവാജയും ആക്രമണ ബാറ്റിംഗിലൂടെ മികച്ച പിന്തുണ നൽകിയ കാമറൂൺ ഗ്രീനും നടത്തിയ വീറുറ്റ പോരാട്ടത്തിന്റെ മികവിൽ ഇന്ത്യക്കെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം സ്വന്തമാക്കി ഓസ്‌ട്രേലിയ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എന്ന നിലയിലാണ്. 104 റൺസുമായി ഖവാജയും 49 റൺസുമായി കാമറൂൺ ഗ്രീനും ക്രീസിൽ. ഓപ്പണർ ട്രാവിസ് ഹെഡിന്റെയും മാർനസ് ലാബുഷെയ്‌നിന്റെയും സ്റ്റീവ് സ്മിത്തിന്റെയും പീറ്റർ ഹാൻഡ്സ്‌കോംബിന്റെയും വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് ആദ്യദിനം നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു.

ഈ പരമ്പരയിൽ ഒരു ഓസീസ് താരം നേടുന്ന ആദ്യ സെഞ്ചറിയാണ് ഉസ്മാൻ ഖവാജ പേരിൽ കുറിച്ചത്. താരത്തിന് ഉറച്ച പിന്തുണയുമായി അർധസെഞ്ചറിയുടെ വക്കിലെത്തിയ പോരാട്ടവുമായി കാമറൂൺ ഗ്രീൻ ചെറുത്തുനിന്നതോടെ മികച്ച നിലയിൽ ആദ്യദിനം പൂർത്തിയാക്കാൻ ഓസിസിന് കഴിഞ്ഞു. ഇന്ത്യയുടെ സകല ബോളിങ് തന്ത്രങ്ങളെയും നിഷ്പ്രഭമാക്കി സെഞ്ചറിയിലേക്കു കുതിക്കുകയാണ് ഇവരുടെ കൂട്ടുകെട്ട്.

ടെസ്റ്റിലെ 14ാം സെഞ്ചറി പൂർത്തിയാക്കിയ ഉസ്മാൻ ഖവാജ, 104 റൺസുമായി അപരാജിതനായി ക്രീസിൽ തുടരുന്നു. അർധസെഞ്ചറിക്ക് ഒരു റൺ മാത്രം അകലെ കാമറൂൺ ഗ്രീനും ക്രീസിലുണ്ട്. ഇതുവരെ 251 പന്തുകൾ നേരിട്ട ഖവാജ, 15 ഫോറുകൾ സഹിതമാണ് 104 റൺസെടുത്തത്. ഗ്രീൻ ആകട്ടെ, 64 പന്തിൽ എട്ടു ഫോറുകളോടെ 49 റൺസുമെടുത്തു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതിനകം 116 പന്തിൽ 85 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.

അവസാന സെഷനിൽ 81-ാം ഓവറിൽ ന്യൂ ബോളെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം തിരിച്ചടിയാവുന്നതാണ് അഹമ്മദാബാദിൽ കണ്ടത്. ന്യൂബോളെടുത്തശേഷം അവസാന ഒമ്പതോവറിൽ ആറ് റൺസ് വീതമെടുത്ത ഗ്രീനും ഖവാജയും ചേർനന് 54 റൺസാണ് നേടിയത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഗ്രീൻ 64 പന്തിൽ എട്ട് ബൗണ്ടറിയടിച്ചാണ് 49 റൺസെടുത്തത്.

ഓപ്പണർമാരായ ട്രാവിസ് ഹെഡും ഉസ്മാൻ ഖവാജയും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി നൽകിയ മികച്ച തുടക്കം മുതലാക്കിയാണ് ഓസ്‌ട്രേലിയ ആദ്യ ദിനം സ്വന്തമാക്കിയത്. ബാറ്റിംഗിനെ തുണച്ച പിച്ചിൽ സ്റ്റീവ് സ്മിത്തിന്റെയും മാർനസ് ലാബുഷെയ്‌നിന്റെയും നിർണായക വിക്കറ്റുകൾ വീഴ്‌ത്താനായെങ്കിലും ഉസ്മാൻ ഖവാജയുടെ പ്രതിരോധം ഭേദിക്കാൻ ഇന്ത്യക്കായില്ല. ക്ഷമയുടെ പ്രതിരൂപമായി ക്രീസിൽ നിന്ന ഖവാജ 246 പന്തുകളിലാണ് ഈ പരമ്പരയിലെ ആദ്യ സെഞ്ചുറി നേടിയത്.

ആദ്യ ദിനം ചായക്ക് പിന്നാലെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും(38) പിന്നാലെ പീറ്റൻ ഹാൻഡ്‌സ്‌കോംബിനെയും(17) നഷ്ടമായി 170-4 എന്ന സ്‌കോറിൽ പതറിയ ഓസീസിനെ കാമറൂൺ ഗ്രീനിനെ കൂട്ടുപിടിച്ച് ഖവാജ കരകയറ്റി. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 85 റൺസടിച്ചിട്ടുണ്ട്.

ഓപ്പണർ ട്രാവിസ് ഹെഡ് (32), മാർനസ് ലബുഷെയ്ൻ (3), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (38), പീറ്റർ ഹാൻഡ്‌സ്‌കോംബ് (17) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. 44 പന്തിൽ ഏഴു ഫോറുകൾ സഹിതം 32 റൺസെടുത്ത ഹെഡിനെ അശ്വിൻ പുറത്താക്കി. രവീന്ദ്ര ജഡേജ ക്യാച്ചെടുത്തു. ഇതിനു മുൻപ് ജഡേജയുടെ പന്തിൽ ഹെഡ് നൽകിയ ക്യാച്ച് വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് കൈവിട്ടിരുന്നു.

20 പന്തിൽ മൂന്നു റൺസെടുത്ത ലബുഷെയ്ൻ, 27 പന്തിൽ മൂന്നു ഫോറുകളോടെ 17 റൺസെടുത്ത പീറ്റർ ഹാൻഡ്‌സ്‌കോംബ് എന്നിവരെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കി. 135 പന്തിൽ മൂന്നു ഫോറുകൾ സഹിതം 38 റൺസുമായി പ്രതിരോധിച്ചു നിന്ന ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജയും ബൗൾഡാക്കി.

ഓസീസിനായി ഓപ്പണിങ് വിക്കറ്റിൽ ട്രാവിസ് ഹെഡ് ഖവാജ സഖ്യവും (61), മൂന്നാം വിക്കറ്റിൽ സ്മിത്ത് ഖവാജ സഖ്യവും (79), പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഗ്രീൻ ഖവാജ സഖ്യവും (86) അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി 17 ഓവറഇൽ 65 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. അശ്വിൻ 25 ഓവറിൽ 57 റൺസ് വഴങ്ങിയും ജഡേജ 20 ഓവറിൽ 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.
ന്മ ഓസീസിന് ടോസ് ബാറ്റിങ്

മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. നിർണായക ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച പേസ് ബോളർ മുഹമ്മദ് ഷമി തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പകരക്കാരുടെ ബെഞ്ചിലേക്ക് മാറിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.

ഇൻഡോറിലെ തോൽവിയോടെ ബോർഡർ ഗാവസ്‌കർ പരമ്പരയിലെ സമ്പൂർണ ജയത്തിന്റെ 'വാതിൽ' അടഞ്ഞ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് മുൻവാതിലിലൂടെ പ്രവേശനം നേടാനുള്ള അവസാന അവസരമാണിത്. ഇവിടെ തോറ്റാൽ ശ്രീലങ്ക ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയിലെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ 'ഫൈനൽ' സാധ്യതകൾ. ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ.