ഇൻഡോർ: കെ.എൽ. രാഹുലിനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയത് സിലക്ടർമാരുടെ തീരുമാനമാണെന്നും അതു പ്രത്യേകിച്ച് മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് വിഷയത്തിൽ ഇന്ത്യൻ നായകൻ പ്രതികരിച്ചത്. കഴിവുള്ള താരങ്ങൾക്ക് ആവശ്യത്തിന് അവസരങ്ങൾ നൽകുന്നതു തുടരുമെന്നും രോഹിത് ശർമ വ്യക്തമാക്കി.

''താരങ്ങൾ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചു സംസാരിക്കുകയാണെങ്കിൽ, കഴിവുള്ളവർക്ക് അതു തെളിയിക്കാൻ ആവശ്യത്തിനു സമയം നൽകുക തന്നെ ചെയ്യും. ടീമിൽ വൈസ് ക്യാപ്റ്റൻ ആണോ, അല്ലയോ എന്നതുകൊണ്ടു പ്രത്യേകിച്ച് ഒന്നുമില്ല. രാഹുൽ വൈസ് ക്യാപ്റ്റനായിരുന്നപ്പോൾ അദ്ദേഹം ടീമിലെ മുതിർന്ന താരങ്ങളിൽ ഒരാളായിരുന്നു. വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ടു മറ്റൊന്നും ഉദ്ദേശിക്കുന്നില്ല.'' രോഹിത് ശർമ പറഞ്ഞു.

''ടീമിലുൾപ്പെട്ട 17 താരങ്ങൾക്കും അന്തിമ ഇലവനിലെത്താനുള്ള സാധ്യതയുണ്ട്. കഴിവുള്ള താരങ്ങളെ പിന്തുണയക്കും. കെ.എൽ. രാഹുലും ശുഭ്മൻ ഗില്ലും ഏതൊരു മത്സരത്തിനു മുൻപും മണിക്കൂറുകളോളം പരിശീലിക്കാറുണ്ട്. മൂന്നാം ടെസ്റ്റിൽ ആരൊക്കെ കളിക്കാൻ ഇറങ്ങണമെന്നു ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. ടോസിന്റെ സമയത്തു മാത്രമായിരിക്കും ഇക്കാര്യം പ്രഖ്യാപിക്കുക.'' രോഹിത് ശർമ വ്യക്തമാക്കി. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.

മൂന്നും നാലും ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ മറ്റാർക്കും വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയുമില്ല. ഇതോടെ മൂന്നാം ടെസ്റ്റിൽ രാഹുലിനു പകരം യുവതാരം ഗില്ലിനെ കളിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നു. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്‌സുകളിൽനിന്ന് 38 റൺസ് നേടാൻ മാത്രമാണ് ഓപ്പണിങ് ബാറ്ററായ രാഹുലിനു സാധിച്ചത്.

രാഹുലിന് പകരം ഫോമിലുള്ള ശുഭ്മാൻ ഗില്ലിനെ പരിഗണിക്കണമെന്ന ആവശ്യം സെലക്ടർമാരുടെ ഭാഗത്ത് നിന്ന് ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ രാഹുൽ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നവരുമുണ്ട്. ഇത് ഒരവസരവും കൂടി നൽകുന്നതിലേക്കും നയിച്ചേക്കാം. ബോർഡർ ഗവാസ്‌കർ ട്രോഫി ടൂർണമെന്റിലെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് ഇതിനോടകം ഇന്ത്യ മുന്നിലാണ്.

അതേ സമയം മത്സരത്തിന് മുന്നോടിയായുള്ള നെറ്റ് സെഷനുകളിൽ രാഹുലിനും ഗില്ലിനുമൊപ്പം ഏറെ നേരം ദ്രാവിഡ് ചിലവഴിച്ചു. ഇൻഡോറിലെ നെറ്റ്‌സിൽ ശുഭ്മാൻ ഗില്ലിന് ഇന്ന് രാഹുൽ ദ്രാവിഡ് പന്തെറിഞ്ഞ് നൽകി. ഗിൽ ഇൻഡോർ ടെസ്റ്റിൽ കളിക്കുമെന്ന സൂചനയായി ഇതിനെ പലരും കാണുന്നു. ദ്രാവിഡിന് ഗില്ലിന് നെറ്റ്‌സിൽ പന്തെറിയുന്ന ചിത്രങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്.

യുവ താരങ്ങളെ പിന്തുണയ്ക്കുന്ന ദ്രാവിഡിനെ പലരും വാഴ്‌ത്തുന്നുമുണ്ട്. നിലവിലെ ഇന്ത്യൻ ടീമിലെ യുവതാരങ്ങളെയെല്ലാം വാർത്തെടുത്തയാളാണ് ദ്രാവിഡ്. മുഖ്യ പരിശീലകൻ എന്നാൽ കസേരയിൽ നോക്കിയിരിക്കേണ്ട ആളല്ല എന്ന് ദ്രാവിഡ് തെളിയിക്കുകയാണ്, അദേഹത്തിന്റെ പ്രയത്‌നങ്ങളെ അംഗീകരിച്ചേ മതിയാകൂ എന്നും ആരാധകർ പറയുന്നു. ഇന്നലെ കെ എൽ രാഹുലിനും ദ്രാവിഡ് പ്രത്യേക പരിശീലനം നൽകിയിരുന്നു.

ഇൻഡോറിൽ നാളെ രാവിലെ 9.30നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ 2-0ന് പരമ്പരയിൽ ലീഡ് ചെയ്യുകയാണ്. ഇൻഡോറിൽ ജയിച്ചാൽ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനമുറപ്പിക്കാം.

അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്