സിഡ്നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ചേതേശ്വർ പൂജാരയ്ക്ക് ഉജ്ജ്വല സെഞ്ച്വറി. 199 പന്തിൽ 13 ബൗണ്ടറികൾ സഹിതമാണ് പൂജാര സെഞ്ചുറി പൂർത്തിയാക്കിയത്. പൂജാരയുടെ 18-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ ദിനം പൂർത്തിയായപ്പോൾ 303/4 എന്ന മികച്ച സ്‌കോറിലാണ് ഇന്ത്യപൂജാരയ്‌ക്കൊപ്പം ഹനുമാ വിഹാരിയാണ് ക്രീസിൽ. രാഹുൽ ഇന്നും പരാജയപ്പെട്ടപ്പോൾ യുവതാരം മായങ്ക് അഗർവാൾ ഒരിക്കൽ കൂടി ഇന്ത്യയെ കളിയിൽ പിടിച്ചു നിർത്തി. ആറ് പന്തിൽ ഒമ്പത് റൺസെടുത്ത രാഹുലിനെ രണ്ടാം ഓവറിൽ പേസർ ഹേസൽവുഡ് സ്ലിപ്പിൽ ഷോൺ മാർഷിന്റെ കൈകളിലെത്തിച്ചു.

എന്നാൽ തന്റെ രണ്ടാം മത്സരത്തിലും മികവ് തുടർന്ന അഗർവാളും 'രണ്ടാം വന്മതിൽ' പൂജാരയും ചേർന്ന് ഇന്ത്യയെ അധികം വിക്കറ്റ് നഷ്ടങ്ങളില്ലാതെ ഉച്ചഭക്ഷണംവരെ ഇന്ത്യയെ നയിച്ചു. രാഹുൽ, മായങ്ക്, കോലി, രഹാനെ എന്നിവരാണ് പുറത്തായത്. ഉച്ചഭക്ഷണശേഷം ആവേശം അൽപം അതിരുകടന്നത് മായങ്കിന് വിനയായി.

ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ ഇന്ത്യ ഒരു വിക്കറ്റിന് 69 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം സെഷനിൽ അർദ്ധ സെഞ്ചുറിക്ക് പിന്നാലെ മായങ്ക് ഇന്നിങ്‌സിന് വേഗം കൂട്ടി. 34-ാം ഓവറിലെ നാലാം പന്തിൽ ലിയോണെ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. എന്നാൽ ഒരു പന്തിന്റെ ഇടവേളയിൽ വീണ്ടും കടന്നാക്രമിക്കാൻ ശ്രമിച്ചപ്പോൾ ലോങ് ഓണിൽ സ്റ്റാർക്ക് പിടിച്ച് പുറത്തായി. 112 പന്തുകളിൽ നിന്നും 77 റൺസാണ് മായങ്ക് നേടിയത്.

രണ്ടാം വിക്കറ്റിൽ 116 റൺസ് മായങ്ക്- പൂജാര സഖ്യം നേടി. പൂജാരയ്‌ക്കൊപ്പം നായകൻ വിരാട് കോലി ചേർന്നതോടെ ഇന്ത്യ വീണ്ടുമൊരു കൂട്ടുകെട്ട് പ്രതീക്ഷിച്ചു. എന്നാൽ 59 പന്തിൽ 23 റൺസെടുത്ത കോലിയെ ഹേസൽവുഡ് വിക്കറ്റ് കീപ്പർ പെയ്നിന്റെ കൈകളിലെത്തിച്ചു. പിന്നാലെ സ്റ്റാർക്കിന്റെ അപ്രതീക്ഷിത ബൗൺസറിൽ പന്ത് ഗ്ലൗസിൽ തട്ടി രഹാനെ(18) പെയ്നിന്റെ കൈകളിലവസാനിച്ചു. എന്നാൽ 73-ാം ഓവറിലെ അവസാന പന്തിൽ സ്റ്റാർക്കിനെ ബൗണ്ടറി കടത്തി പൂജാര സെഞ്ചുറി തികച്ചു.250 പന്ത് നേരിട്ട ഇന്ത്യ 130 റൺസുമായി പുറത്താകാതെ നിൽക്കുന്നുണ്ട്.

ഹെയ്സൽ വുഡിന് രണ്ട് വിക്കറ്റുകളും നഥാൻ ലിയോണിന് ഒരു വിക്കറ്റുമുണ്ട്. മായങ്കിനെ പുറത്താക്കിയത് ലിയോൺ ആണ്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ സ്പിന്നർ കുൽദീപ് യാദവ് മടങ്ങിയെത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് പേസർമാർ.