- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻനിര മൂക്കുകുത്തി; ഏകദിന ശൈലിയിൽ തിരിച്ചടിച്ച് റിഷഭും ശ്രേയസും; ഇരുവർക്കും അർദ്ധ സെഞ്ചുറി; രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 87 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്; രണ്ടാം ദിനം ബംഗ്ലാദേശ് വിക്കറ്റ് നഷ്ടം കൂടാതെ ഏഴ് റൺസ്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 87 റൺസിൻെ നിർണായക ലീഡ്. ധാക്ക ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 314ന് അവസാനിച്ചു. മുൻനിര ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ അർദ്ധ സെഞ്ചുറിയുമായി ഏകദിന ശൈലിയിൽ തിരിച്ചടിച്ച ഋഷഭ് പന്തും ശ്രേയസ് അയ്യരുമാണ് ഇന്ത്യയുടെ രക്ഷകരായത്.
റിഷഭ് പന്ത് 104 പന്തിൽ ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സും അടക്കം 93 റൺസ് എടുത്തു പുറത്തായി. ശ്രേയസ് അയ്യർ 105 പന്തിൽ നിന്നും പത്ത് ബൗണ്ടറിയും രണ്ട് സിക്‌സുമടക്കം 87 റൺസ് നേടി. ഷാക്കിബ് അൽ ഹസൻ, തയ്ജുൽ ഇസ്ലാം എന്നിവർ നാല് വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റൺസ് എന്ന നിലയിലാണ്. നജ്മുൽ ഹുസൈൻ ഷാന്റോ (5), സാകിർ ഹസൻ (2) എന്നിവരാണ് ക്രീസിൽ. നേരത്തെ, ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 227ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് വീതം നേടിയ ഉമേഷ് യാദവ്, ആർ അശ്വിൻ എന്നിവരാണ് ബംഗ്ലാദേശിനെ തകർത്തത്.
രണ്ടാം ദിനം ആരംഭിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 19 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ (10) ഇന്ത്യക്ക് നഷ്ടമായി. തൊട്ടുപിന്നാലെ ശുഭ്മാൻ ഗില്ലും (20). തയ്ജുലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ഇരുവരും. ചേതേശ്വർ പൂജാരയും (24) വിരാട് കോലിയും (24) അധികനേരം ക്രീസിൽ നിന്നില്ല. കോലിയെ ടസ്‌കിൻ അഹമ്മദ്, നൂറുൽ ഹസന്റെ കൈകളിലെത്തിച്ചു. പൂജാര തയ്ജുലിനും വിക്കറ്റ് നൽകി.
തുടർന്നാണ് ഇന്ത്യ ആഗ്രഹിച്ച കൂട്ടുകെട്ട് പിറന്നനത്. പന്ത്- ശ്രേയസ് സഖ്യം 159 റൺസ് കൂട്ടിചേർത്തു. എന്നാൽ പന്തിനെ പുറത്താക്കി മെഹ്ദി ഹസൻ മിറാസ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നൽകി. 105 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. തുടർന്നെത്തിയ ആർക്കും തിളങ്ങാനായില്ല. അക്സർ പട്ടേൽ (4), ആർ അശ്വിൻ (12), ഉമേഷ് യാദവ് (14), മുഹമ്മദ് സിറാജ് (7) എന്നിവർക്കും തിളങ്ങാനായില്ല. ശ്രേയസ് 105 പന്തുകൾ നേരിട്ടു. രണ്ട് സിക്സും 10 ഫോറും ഇന്നിങ്സിലുണ്ടായിരുന്നു.
ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് നിരയിൽ മൊമിനുൽ ഹഖ് (84) ഒഴികെ മറ്റാർക്കും തിളങ്ങാൻ സാധിച്ചിരുന്നില്ല. നജ്മുൽ ഹുസൈൻ ഷാന്റോ (24), സാക്കിർ ഹസൻ (15), ഷാക്കിബ് (16), മുഷ്ഫിഖുർ റഹീം (26), ലിറ്റൺ ദാസ് (25), മെഹ്ദി ഹസൻ മിറാസ് (15) എന്നിങ്ങനെയാണ് മറ്റു പ്രമുഖരുടെ സ്‌കോറുകൾ. ഉമേഷ്, അശ്വിൻ എന്നിവർക്ക് പുറമെ ജയ്ദേവ് ഉനദ്കട് രണ്ട് വിക്കറ്റ് വീഴ്‌ത്തി.


