മിർപുർ: തോൽവിയുടെ വക്കിൽ നിന്നും ബംഗ്ലാദേശിനെ ചരിത്രജയത്തിലേക്ക് കൈപിടിച്ചുയർത്തി രക്ഷകനായി മെഹ്ദി ഹസൻ!. അവസാന വിക്കറ്റിൽ മുസ്തഫിസുർ റഹ്‌മാനെ കൂട്ടുപിടിച്ച് മെഹിദി ഹസൻ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് തോൽവിയിലേക്കു കുപ്പുകുത്തിയ ബംഗ്ലാദേശിന് നാടകീയ ജയം സമ്മാനിച്ചത്. 39 പന്തിൽ പുറത്താകാതെ 38 റൺസ് എടുത്ത മെഹ്ദിക്ക് പത്ത് റൺസുമായി മുസ്തഫിസുർ മികച്ച പിന്തുണ നൽകി. 42.3 ഓവറിൽ മെഹിദി ഹസൻ ഉയർത്തിയടിച്ച ഷോട്ട് രാഹുലിന്റെ ഗ്ലൗസിൽ തട്ടി തെറിച്ചതോടെ അവസാന ജയപ്രതീക്ഷയും ഇന്ത്യയ്ക്ക് പൊലിഞ്ഞു.

ജയപരാജയം ഒരോ ഘട്ടത്തിലും മാറിമറിഞ്ഞ മത്സരത്തിൽ അന്തിമ വിജയം ബംഗ്ലാദേശിനൊപ്പം നിന്നു. നിശ്ചിത 50 ഓവറിൽ ഇന്ത്യ നേടിയ 186 എന്ന ടോട്ടൽ തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് മറികടന്നു. 46 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ബംഗ്ലാദേശിന് മെഹ്ദി ഒറ്റയ്ക്ക് പൊരുതി ജയം സമ്മാനിക്കുകയായിരുന്നു. മുൻനിരയ്ക്കു പിന്നാലെ മധ്യനിരയും തകർന്നതോടെ ബംഗ്ലാദേശ് തോൽവി മുന്നിൽ കണ്ട സ്ഥിതി ഉണ്ടായി. മൂന്ന് വിക്കറ്റ് എടുത്ത മുഹ്‌മ്മദ് സിറാജ് ആണ് ഇന്ത്യൻ നിരയിലെ ഏറ്റവും അപകടകാരി. തുടക്കത്തിൽ വൻ പതർച്ച നേരിട്ട ബംഗ്ലാദേശിനെ നായകൻ ലിട്ടൺ ദാസ് (63 പന്തിൽ 41 റൺസ്) അനമുൽ ഹഖിനെ (29 പന്തിൽ നിന്ന് 14) കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവർത്തനമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.

10 ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് എടുത്ത് ഇന്ത്യൻ മുന്നേറ്റ നിരയുടെ നടുവൊടിച്ച ഷാക്കിബ് അൽ ഹസൻ (38 പന്തിൽ നിന്ന് 29) നിലയുറപ്പിച്ചതോടെ തുടക്കത്തിൽ ഇന്ത്യൻ ബൗളർ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ബംഗ്ലാദേശ് പുറത്ത് കടന്നു. മുഷ്ഫിഖുർ റഹീം (45 പന്തിൽ 18), ,മഹമ്മദുല്ല (35 പന്തിൽ നിന്ന് 14) എന്നിവരിലൂടെ ബംഗ്ലാദേശ് പൊരുതിയെങ്കിലും റഹീമിനെ വീഴ്‌ത്തി സിറാജും മഹമ്മദുല്ലയെ വീഴ്‌ത്തി ഷർദൂൽ താക്കൂറും വീഴത്തിയതോടെ ജയപരാജയം തുലാസിലായി. അവസാനവിക്കറ്റിൽ മെഹിദി ഹസൻ നടത്തിയ മിന്നുന്ന പ്രകടനം ഇന്ത്യയ്ക്ക് നാണം കെട്ട തോൽവി സമ്മാനിച്ചു.

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച .41 . 2 ഓവറിൽ 186 റൺസിന് ഇന്ത്യ ഓൾഔട്ടായി.രോഹിത് ശർമ( 31 പന്തിൽ 27), ശിഖർ ധവാൻ (17 പന്തിൽ 7), വിരാട് കോലി (15 പന്തിൽ 9), ശ്രേയ്യസ് അയ്യർ(39 പന്തിൽ 24), വാഷിങ്ടൻ സുന്ദർ( 43 പന്തിൽ 19), ഷഹബാസ് അഹമ്മദ് (4 പന്തിൽ 0), ഷർദൂൽ താക്കൂർ (3 പന്തിൽ നിന്ന് 2), ദീപക് ചാഹർ (3 പന്തിൽ നിന്ന് 0), മുഹമ്മദ് സിറാജ് ( 20 പന്തിൽ നിന്ന് 9), കുൽദീപ് സെൻ (4 പന്തിൽ നിന്ന് 2 ) എന്നിവർ കാര്യമായ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി.

73 പന്തിൽ നിന്ന് 70 റൺസ് എടുത്ത കെ.എൽ രാഹുലാണ് കൂടുതൽ പരുക്കിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. 10 ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് എടുത്ത ഷാക്കിബ് അൽ ഹസൻ, 8. 2 ഓവറിൽ 47 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് എടുത്ത എബദോട്ട് ഹൊസൈൻ എന്നിവരാണ് ഇന്ത്യയെ പതനത്തിലേക്ക് തള്ളിവിട്ടത്.

ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ലിട്ടൺ ദാസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലെ പിച്ചിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ ആദ്യത്തെ പത്ത് ഓവറിൽ ബാറ്റിങ് ദുഷ്‌കരമാകാനാണ് സാധ്യതയെന്ന ലിട്ടൺ ദാസിന്റെ കണക്കുകൂട്ടൽ ഫലം കണ്ടു. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും അണിനിരക്കുന്ന ബൗളിങ് നിര ശക്തമാണെന്നും ഇന്ത്യൻ ബാറ്റിങ് നിരയെ തച്ചുടയ്ക്കാൻ കഴിയുമെന്ന ലിട്ടൺ ദാസിന്റെ ശുഭപ്രതീക്ഷ ബംഗ്ലാദേശ് ബൗളർമാർ കളിക്കളത്തിൽ അക്ഷരാർഥത്തിൽ നടപ്പാക്കുകയായിരുന്നു.

ന്യൂസീലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന മുതിർന്ന താരങ്ങളൊക്കെ ഇന്ത്യൻ ടീമിൽ തിരികെ എത്തിയെന്നുള്ളത് പ്രത്യേകത. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ടീമിൽ ഇടം ലഭിച്ചില്ല. താരത്തെ ബിസിസിഐ സ്‌ക്വാഡിൽ നിന്ന് റിലീസ് ചെയ്തു. ടെസ്റ്റ് പരമ്പരയിൽ ഋഷഭ് തിരികെയെത്തും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരത്തെ റിലീസ് ചെയ്തത്.മധ്യ പ്രദേശ് പേസർ കുൽദീപ് സെൻ ഇന്ത്യക്കായി അരങ്ങേറി.