ധാക്ക: അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. ഇതിന്റെ ഭാഗമായി ധാക്കയിൽ ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ നാടകീയ തോൽവിയാണ് ടീം ഇന്ത്യ വഴങ്ങിയത്. ജയിക്കാമായിരുന്ന മത്സരം ഫീൽഡിംഗിലെ പിഴവുകൾ മൂലം ഇന്ത്യ കൈവിടുകയായിരുന്നു. ബൗളിങ് കരുത്തുകൊണ്ട് അനായാസം ജയിക്കുമെന്ന് തോന്നിച്ച മത്സരമാണ് ഇന്ത്യ അലസത കൊണ്ട് കൈവിട്ടത്.

ഇന്ത്യയുടെ 186 റൺസ് പിന്തുടരവെ 39.3 ഓവറിൽ 136 റൺസിൽ വച്ച് ഒൻപത് വിക്കറ്റുകൾ ബംഗ്ലാദേശിന് നഷ്ടമായിരുന്നു. ഈസമയം ഇന്ത്യ ജയമുറപ്പിച്ചതാണ്. എന്നാൽ ഷർദ്ദുൽ ഠാക്കൂറും ദീപക് ചാഹറും മുഹമ്മദ് സിറാജും കുൽദീപ് സെന്നും മാറിമാറി പന്തെറിഞ്ഞിട്ടും അവസാന ബംഗ്ലാ വിക്കറ്റ് പിഴുതെടുക്കാനായില്ല. വീറോടെ പൊരുതിയ മെഹിദി ഹസന്റെ നിർണായകമായ ക്യാച്ച് കെ എൽ രാഹുൽ പാഴാക്കിയതാണ് മത്സരത്തിൽ ഇന്ത്യയുടെ തോൽവിക്ക് വഴിവച്ചത്.

ക്യാച്ചെടുക്കാനുള്ള അവസരങ്ങളൊക്കെ ഇന്ത്യൻ ഫീൽഡർ നഷ്ടപ്പെടുത്തുകയും ചെയ്തു. ഒന്നും ചെയ്യാനില്ലാതെ നിസ്സഹായനായി നോക്കിനിൽക്കാനേ തന്ത്രങ്ങളുടെ ആശാനെന്ന് വാഴ്‌ത്തപ്പെടുന്ന രോഹിത് ശർമ്മയ്ക്കായുള്ളൂ. സിറാജിന്റെ ഓവറുകൾ പെട്ടെന്ന് തീർന്നതോടെ രോഹിത്തിന്റെ തന്ത്രങ്ങളെല്ലാം പിഴച്ചെന്ന് വ്യക്തം.

ധാക്കയിലെ ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റിന്റെ നാടകീയ ജയമാണ് ബംഗ്ലാദേശ് നേടിയത്. 39 പന്തിൽ 38* റൺസമായി മെഹിദി ഹസനും 11 പന്തിൽ 10* റൺസെടുത്ത് മുസ്താഫിസൂർ റഹ്‌മാനുമാണ് കടുവകൾക്ക് 46 ഓവറിൽ ത്രില്ലർ ജയം സമ്മാനിച്ചത്. ഇരുവരും 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സിറാജ് മൂന്നും കുൽദീപും വാഷിങ്ടണും രണ്ട് വീതവും ചാഹർ, ഷർദുൽ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തിയിട്ടും ഇന്ത്യക്ക് ജയമുറപ്പിക്കാനായില്ല.

മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങി എന്നതിനേക്കാൾ ഉപരി, ലോകകപ്പ് ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങളിൽ ഇന്ത്യൻ ടീം അധികൃതർ നടത്തുന്ന സമീപനങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ടോസിന് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ ഒഴിവാക്കിയപ്പോഴും പകരക്കാരനായി സഞ്ജു സാംസണിനെ സ്‌ക്വാഡിലേക്ക് വിളിക്കാത്തത് വലിയ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. അടുത്ത വർഷം ഏകദിന ലോകകപ്പ് വരാനിരിക്കേ സഞ്ജു സാംസണെയോ ഇഷാൻ കിഷനെയോ പരീക്ഷിക്കാനുള്ള അവസരം ബംഗ്ലാദേശിനെതിരെ ലഭിക്കില്ലായിരുന്നോ എന്ന് ക്രിക്കറ്റ് വിദഗ്ദ്ധർ ചോദിക്കുന്നു.

ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ തുടർച്ചയായി തഴയുന്നതിൽ വിമർശനം ശക്തമായിരിക്കേ പ്രതികരണവുമായി ദിനേശ് കാർത്തിക് രംഗത്തെത്തിയിരുന്നു. സഞ്ജു ലഭിച്ച കുറഞ്ഞ അവസരങ്ങളിൽ ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണെന്നും അയാളെ കുറിച്ച് സംസാരിക്കേണ്ടതുണ്ട് എന്നുമാണ് ഡികെ പ്രതികരിച്ചത്.

ന്യൂസിലൻഡിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ അടുത്ത രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ മാറ്റി റിഷഭിന് ടീം അവസരം കൊടുത്തു. ബംഗ്ലാദേശ് പര്യടനത്തിലേക്ക് സഞ്ജുവിനെ പരിഗണിച്ചുമില്ല. ഇഷാൻ കിഷനാണ് ബംഗ്ലാ പര്യടനത്തിൽ ബാക്ക്അപ് വിക്കറ്റ് കീപ്പർ. റിഷഭ് പന്ത് പുറത്തായതോടെ കെ എൽ രാഹുലാണ് ആദ്യ ഏകദിനത്തിൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞത്. ഇഷാൻ കിഷനും അവസരം നൽകിയില്ല.

'നമ്മൾ വിട്ടുപോയ മറ്റൊരു പേര്. സഞ്ജു സാംസണിനെ കുറിച്ച് സംസാരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. അയാൾ എന്റെ ഫേവറൈറ്റ് താരങ്ങളിലൊരാളാണ്. ഏകദിന ഫോർമാറ്റിൽ മധ്യനിരയിൽ ലഭിച്ച കുറഞ്ഞ അവസരങ്ങളിൽ സഞ്ജു തിളങ്ങിയിട്ടുണ്ട്. മൂന്ന് വിക്കറ്റ് കീപ്പർമാരിൽ ആരാണ് സ്പെഷ്യലിസ്റ്റ് എന്ന് നോക്കേണ്ടതുണ്ട്. ടീമിലെ കാര്യങ്ങളൊക്കെ മാറിക്കൊണ്ടിരിക്കും. എന്നാൽ വരുന്ന വർഷം ഓഗസ്റ്റോടെ 15 അംഗ ടീമിനെ കണ്ടെത്തേണ്ടതുണ്ട്' എന്നും ഡികെ പറഞ്ഞു.

ടീം ഇന്ത്യക്കായി ഇതുവരെ 11 ഏകദിനങ്ങൾ മാത്രം കളിച്ച സഞ്ജു 66 ശരാശരിയിലും 104.76 സ്‌ട്രൈക്ക് റേറ്റിലും 330 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ കഴിഞ്ഞ വർഷമായിരുന്നു സഞ്ജുവിന്റെ അരങ്ങേറ്റം.

സമാനമായ അഭിപ്രായമാണ് ഇന്ത്യൻ കമന്റേറ്ററും ക്രിക്കറ്റ് വിദഗ്ധനുമായ ഹർഷ ഭോഗ്ലെ പങ്കുവച്ചത്. ഏകദിനത്തിൽ പന്തിനെ കൂടാതെ മുന്നേറാൻ രോഹിത് ശർമ്മയുടെ സംഘം പദ്ധതിയിടുമ്പോൾ, 50 ഓവർ പരമ്പരയിൽ കെഎൽ രാഹുലിന് അവസരം നൽകി പരീക്ഷണം പാളുന്നുവെന്നാണ് ഹർഷ ഭോഗ്ലെ പറഞ്ഞത്. ഇത് അടുത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എന്താണ് അർത്ഥമാക്കുന്നത്. 2023 ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കത്തിൽ ആശയക്കുഴപ്പം തുടരുന്നുവെന്ന് ഭോഗ്ലെ തുറന്നു പറയുന്നു.

റിഷഭിനെ ടീമിൽ നിന്നും ഒഴിവാക്കി സഞ്ജു സാംസൺ ഇന്ത്യയിലാണ്, കീപ്പർമാർ അവസരത്തിനായി കാത്തിരിക്കുമ്പോൾ കെഎൽ രാഹുൽ വിക്കറ്റ് കീപ്പറാക്കുന്നു. ഇഷാൻ കിഷൻ ഒപ്പമുണ്ട്, 'തികച്ചും ആശയക്കുഴപ്പത്തിലാണെന്ന്' ഭോഗ്ലെ ട്വീറ്റിൽ പറയുന്നു.

ന്യൂസീലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന മുതിർന്ന താരങ്ങളൊക്കെ ഇന്ത്യൻ ടീമിൽ തിരികെ എത്തിയപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ടീമിൽ എടുത്ത ശേഷം മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വിശ്രമം അനുവദിക്കുകയായിരുന്നു. ടെസ്റ്റ് പരമ്പരയിൽ ഋഷഭ് തിരികെയെത്തും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരത്തെ റിലീസ് ചെയ്തത്. ടീമിൽ ഉൾപ്പെടുത്തിയ ശേഷം ഒഴിവാക്കിയതിലൂടെ മറ്റൊരു താരത്തിന്റെ അവസരമാണ് ബിസിസിഐ നഷ്ടപ്പെടുത്തിയതെന്ന വിമർശനം ഇതിനകം ഉയർന്നുകഴിഞ്ഞു.