- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ - ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കം; വലിയ വെല്ലുവിളിയെന്ന് രോഹിത് ശർമ്മ; ലോകകപ്പ് ടീം കോംബിനേഷനെ കുറിച്ച് വ്യക്തമായ ധാരണയെന്നും ഇന്ത്യൻ നായകൻ; റൺവേട്ടയിൽ റെക്കോർഡ് ലക്ഷ്യമിട്ട് വിരാട് കോലി

ധാക്ക: ഇന്ത്യ - ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഞായറാഴ്ച ധാക്കയിൽ തുടക്കമാകും. ഇന്ത്യൻ ടീമിന്റെ ഈ വർഷത്തെ അവസാന പരമ്പരയാണിത്. ഡിസംബർ 7, 10 തിയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങൾ. ധാക്കയിൽ എല്ലാ മത്സരങ്ങളും ഉച്ചയ്ക്കാണ് ആരംഭിക്കുന്നത്. ഇതിന് ശേഷം രണ്ട് ടെസ്റ്റുകളും ഇന്ത്യ ബംഗ്ലാ കടുവകൾക്കെതിരെ കളിക്കുന്നുണ്ട്. ഡിസംബർ 14-18, 22-26 തിയതികളിലാണ് ടെസ്റ്റുകൾ.
ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം കോംബിനേഷനെ കുറിച്ച് തനിക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും വ്യക്തമായ ധാരണയുണ്ടെന്ന് നായകൻ രോഹിത് ശർമ്മ വ്യക്തമാക്കി.
'ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര വലിയ ആകാംക്ഷ സൃഷ്ടിക്കുന്നു. ബംഗ്ലാദേശിലെ മത്സരങ്ങൾ എപ്പോഴും വെല്ലുവിളിയാണ്. ഹോം ടീമെന്ന നിലയിൽ അവർ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും' എന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ചരിത്ര നേട്ടം സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി ഇറങ്ങുന്നത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ 307 റൺസ് നേടിയാൽ കോലിക്ക് ഏകദിന റൺവേട്ടയിൽ ലങ്കയുടെ മഹേള ജയവർധനെയെ മറികടന്ന് അഞ്ചാമതെത്താം. നിലവിൽ 253 ഇന്നിങ്സിൽ 12,344 റൺസുമായി ആറാമതാണ് കിങ് കോലി. ജയവർധനെയ്ക്ക് 12650 റൺസാണുള്ളത്. ബംഗ്ലാദേശിനെതിരെ മികച്ച റെക്കോർഡുള്ള കോലിക്ക് ഈ നേട്ടത്തിലെത്താനായേക്കും. 15 ഇന്നിങ്സിൽ 80 ശരാശരിയിൽ 970 റൺസാണ് ബംഗ്ലാ കടുവകൾക്കെതിരെ കോലി അടിച്ചുകൂട്ടിയിട്ടുള്ളത്.
452 ഇന്നിങ്സുകളിൽ 18426 റൺസുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറാണ് ഏകദിന റൺവേട്ടയിൽ മുന്നിൽ. 404 ഇന്നിങ്സിൽ 14234 റൺസുമായി ലങ്കയുടെ കുമാർ സംഗക്കാര രണ്ടും 375 ഇന്നിങ്സിൽ 13704 റൺസുമായി ഓസീസിന്റെ റിക്കി പോണ്ടിങ് മൂന്നാമതും 445 ഇന്നിങ്സിൽ 13430 സനത് ജയസൂര്യ നാലാമതും നിൽക്കുന്നു.


