വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ചുറി നേടിയ യശസ്വി ജെയ്സ്വാൾ (51), ശ്രേയസ് അയ്യർ (4) എന്നിവരാണ് ക്രീസിൽ. രോഹിത് ശർമ (14), ശുഭ്മാൻ ഗിൽ (34) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിതിനെ ഷോയിബ് ബഷീറും ഗില്ലിനെ ആൻഡേഴ്സണുമാണ് വീഴ്‌ത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 40 റൺസാവുമ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ. രോഹിത്തിന് ബഷീർ കുടുക്കുയായിരുന്നു. ലെഗ് സ്ലിപ്പിൽ ഒല്ലി പോപ്പിന് ക്യാച്ച്. പിന്നീടെത്തിയ ഗിൽ നന്നായി തുടങ്ങി. ഫോം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങളും കാണിച്ചു. എന്നാൽ അധികനേരം ക്രീസിൽ തുടരാൻ ഗില്ലിനായില്ല. ആൻഡേഴ്ന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന് ക്യാച്ച്. അഞ്ച് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. ഇതിനിടെ ജെയ്സ്വാൾ അർധ സെഞ്ചുറി പൂർത്തിയാക്കി. ഒരു സിക്സും ആറ് ഫോറും ഉൾപ്പെടുന്നതാണ് ജെയ്സ്വാളിന്റെ ഇന്നിങ്സ്.

രജത് പടിദാറിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. കെ എൽ രാഹുലിന് പകരം ടീമിലെത്തിയ സർഫറാസ് ഖാൻ അരങ്ങേറ്റത്തിനായി കാത്തിരിക്കണം. പടിദാറിന്റെ ഉൾപ്പെടെ മൂന്ന് മാറ്റമാണ് ഇന്ത്യ വരുത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരം കുൽദീപ് യാദവ് ടീമിലെത്തി. മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാർ കളിക്കും. നേരത്തെ ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിരുന്നു. വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സൺ ടീമിൽ തിരിച്ചെത്തിയിരുന്നു. മാർക്ക് വുഡിന് പകരമാണ് ആൻഡേഴ്സൺ എത്തിയത്. കാൽമുട്ടിന് പരിക്കേറ്റ ജാക്ക് ലീച്ചിന് പകരം ഷൊയ്ബ് ബഷീറും ടീമിലെത്തി.

ആദ്യടെസ്റ്റിൽ 28 റൺസിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ കടവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അതിന്റെ സമ്മർദം ടീമിനുണ്ട്. ഇംഗ്ലണ്ടാകട്ടെ, ഒന്നിനെയും ഭയപ്പെടാത്ത 'ബാസ്ബോൾ' ശൈലി വിജയകരമായി നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്.

ഇന്ത്യ: യശസ്വി ജെയ്സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, രജത് പടിദാർ, ശ്രേയസ് അയ്യർ, കെ എസ് ഭരത്, ആർ അശ്വിൻ, അക്സർ പട്ടേൽ, ജസ്പ്രിത് ബുമ്ര, മുകേഷ് കുമാർ, കുൽദീപ് യാദവ്.

ഇംഗ്ലണ്ട്: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, റെഹാൻ അഹമ്മദ്, ടോം ഹാർട്ലി, ഷൊയ്ബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.