റായ്പൂർ: ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ഏകദിനത്തിന്റെ ടോസിനിടെ അരങ്ങേറിയ രസകരമായ സംഭവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ മറവി തന്നെയായിരുന്നു അത്. ടോസ് നേടിയിട്ടും എന്ത് തിരഞ്ഞെടുക്കണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിൽ നിന്ന രോഹിത് പിന്നീട് ഇക്കാര്യം കമന്റേറ്റർ രവിശാസ്ത്രിയോട് തുറന്നുപറഞ്ഞിരുന്നു. ഈ വീഡിയോ അടക്കമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ടോസ് നേടിയ ശേഷം നെറ്റിയിൽ തടവി എന്ത് തെരഞ്ഞെടുക്കണമെന്ന് 30 സെക്കൻഡോളം ആലോചിച്ച രോഹിത് ഒടുവിൽ ചെറു ചിരിയോടെ ബൗളിങ് എന്ന് ടോം ലാഥമിനെ അറിയിക്കുകയായിരുന്നു. ടോസിനുശേഷം എന്ത് ചെയ്യണമെന്നറിയാതെ ക്യാപ്റ്റൻ ആലോചിച്ചു നിൽക്കുന്നത് ക്രിക്കറ്റ് ചരിത്രത്തിൽ മുമ്പ് ഉണ്ടായിട്ടില്ലെന്നായിരുന്നു കമന്റേറ്റർമാർ തമാശയായി പറഞ്ഞത്.

ഈ രംഗം തമാശരൂപത്തിൽ സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയാണ്. സഹതാരം വിരാട് കോലി മുമ്പ് രോഹിത്തിനെ കുറിച്ച് പറഞ്ഞ ഒരു വീഡിയോയും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. ചെറിയ ചെറിയ സാധനങ്ങളെല്ലാം പലപ്പോഴായി രോഹിത് മറക്കാറുണ്ടെന്ന് കോലി മുമ്പ് പറഞ്ഞിരുന്നു. പലവിധത്തിലുള്ള ട്വിറ്ററിൽ നിറയുന്നത്.

ടോസിന് ശേഷം എന്താണ് ആശയക്കുഴപ്പമെന്ന് രവി ശാസ്ത്രി ചോദിച്ചപ്പോൾ, ടോസ് നേടിയാൽ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ടീം മീറ്റിംഗിൽ ഒരുപാട് ചർച്ചകൾ നടന്നിരുന്നുവെന്നും അവസാനം എന്താണ് തീരുമാനിച്ചതെന്ന് മറന്നുപോയതായിരുന്നുവെന്നും രോഹിത് ചിരിയോടെ പറഞ്ഞു.

ന്യൂസിലൻഡ് നായകൻ ടോം ലാഥമിനും മാച്ച് റഫറി ജവഗൽ ശ്രീനാഥിനും അവതാകരൻ രവി ശാസ്ത്രിക്കും ഒപ്പം ടോസിനെത്തിയ രോഹിത് ആഗ്രഹിച്ച പോലെ ടോസ് നേടുകയായിരുന്നു. രോഹിത്താണ് ടോസ് ജയിച്ചത് എന്ന് മാച്ച് റഫറി ജവഗൽ ശ്രീനാഥ് അറിയിച്ചു. എന്നാൽ ടോസ് ജയിച്ച ഉടൻ ബാറ്റിംഗാണ് ഫീൽഡിംഗാണോ തെരഞ്ഞെടുക്കുക എന്നത് ക്യാപ്റ്റന്മാർ പ്രഖ്യാപിക്കാറുണ്ട്.

എന്നാൽ ഇത്തവണ രോഹിത്ത് എന്ത് തെരഞ്ഞെടുക്കണമെന്നറിയാതെ കുഴങ്ങി- നെറ്റിയിൽ തടവി എന്ത് തെരഞ്ഞെടുക്കണമെന്ന് അര മിനിറ്റ് നേരം ആലോചിച്ച രോഹിത് ഒടുവിൽ ചെറു ചിരിയോടെ ഫീൽഡിങ് എന്ന് അറിയിക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്നതിന്റെ വെല്ലുവിളി കൂടി ഏറ്റെടുക്കാനാണ് ടോസ് നേടിയപ്പോൾ ഫീൽഡിങ് തെരഞ്ഞെടുത്തതെന്നും രോഹിത് വിശദീകരിച്ചു. എന്ത് ചെയ്യണമെന്ന് ഓർത്തെടുക്കാനാണ് കുറച്ച് സമയം ആലോചിച്ചതെന്നും രോഹിത് രവി ശാസ്ത്രിയോട് പറഞ്ഞു.

എന്തായാലും രോഹിത്തിന്റെ തീരുമാനം തെറ്റിയില്ല. റായ്പൂരിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സന്ദർശകർ ബാറ്റിങ് തകർച്ച നേരിടുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 21 ഓവറിൽ ആറ് വിക്കറ്റിന് 64 റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ്. ഗ്ലെൻ ഫിലിപ്സ് (19) സാന്റനർ (6 ) എന്നിവരാണ് ക്രീസിൽ.

ഓപ്പണർ ഫിൻ അലൻ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ ഡെവോൺ കോൺവെ (16 പന്തിൽ ഏഴ്), ഹെന്റി നിക്കോൾസ് (20 പന്തിൽ രണ്ട്), ഡാരിൽ മിച്ചൽ (മൂന്ന് പന്തിൽ ഒന്ന്), ടോം ലാതം (17 പന്തിൽ ഒന്ന്) മിച്ചൽ ബ്രേസ്‌വെൽ ( 30 പന്തിൽ 22) എന്നിങ്ങനെയാണു മറ്റു കിവീസ് താരങ്ങളുടെ സ്‌കോറുകൾ.

ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ കിവീസ് റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിലെ പിച്ചിന്റെ സ്വഭാവം മനസ്സിലാകാതെ കുഴങ്ങിപ്പോകുന്ന കാഴ്ചയാണ് മത്സരത്തിന്റെ ആദ്യ ഓവറുകളിൽ. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ഫിൻ അലനെ മുഹമ്മദ് ഷമി ബോൾഡാക്കി. പന്തുകൾ പ്രതിരോധിച്ച് ക്രീസിൽ തുടരാൻ കിവീസ് താരങ്ങൾ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബോളർമാർക്കു മുന്നിൽ അധിക നേരം പിടിച്ചുനിൽക്കാനായില്ല. സിറാജിന്റെ പന്തിൽ ഗില്ലിന് ക്യാച്ച് നൽകി ഹെന്റി നിക്കോൾസും ഷമിക്ക് രണ്ടാം വിക്കറ്റു നൽകി ഡാരിൽ മിച്ചലും പുറത്തായി.

ഡെവോൺ കോൺവെയെ സ്വന്തം പന്തിൽ ഹാർദിക് പാണ്ഡ്യ ക്യാച്ചെടുത്തു മടക്കി. കിവീസ് ക്യാപ്റ്റനെ ഷാർദൂൽ താക്കൂർ ഗില്ലിന്റെ കൈകളിലെത്തിച്ചു. ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ കിവീസിനെ ബാറ്റിങ്ങിനുവിടുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ന്യൂസീലൻഡിലും മാറ്റങ്ങളില്ല.