- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പർ പോരാട്ടം ഞായറാഴ്ച; മൂന്നാം ജയത്തോടെ സെമി ഉറപ്പിക്കാൻ രോഹിതും സംഘവും; ബംഗ്ലാദേശ് - സിംബാബ്വെ പോരാട്ടവും നാളെ; ആദ്യ ജയം തേടി പാക്കിസ്ഥാൻ നെതർലൻഡ്സിനെതിരെ

പെർത്ത്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ നിർണായക മത്സരത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഞായറാഴ്ച ഏറ്റുമുട്ടും. തുടർച്ചയായ മൂന്നാം ജയത്തോടെ സെമി ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് രോഹിത് ശർമ്മയും സംഘവും ഇറങ്ങുന്നത്. ഇന്ത്യൻസമയം വൈകിട്ട് നാലരയ്ക്ക് പെർത്തിലാണ് മത്സരം.
പാക്കിസ്ഥാനെയും നെതർലൻഡ്‌സിനെയും തോൽപിച്ചാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. രണ്ട് കളിയിൽ നാല് പോയിന്റുള്ള ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശും സിംബാബ്വേയുമാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ ഇനിയുള്ള മറ്റ് എതിരാളികൾ.
കരുത്തരായ മറ്റൊരു എതിരാളിയെ കൂടി നേരിടാനൊരുങ്ങുമ്പോൾ ടീമിൽ മാറ്റമുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് കളിയിലും അർദ്ധ സെഞ്ചുറി നേടിയ വിരാട് കോലി തന്നെയാണ് പെർത്തിലും ശ്രദ്ധാകേന്ദ്രം. നെതർലൻഡ്സിനെതിരെ അർദ്ധ സെഞ്ചുറിയുമായി നായകൻ രോഹിത് ശർമയും റൺ വരൾച്ചക്ക് അറുതി വരുത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവ് പതിവ് പോലെ കത്തികയറുമെന്ന് കരുതാം.
മോശം ഫോമിന്റെ പേരിൽ എയറിലുള്ള രാഹുലിന് നിലത്തിറങ്ങാൻ ഇന്നൊരു ഉഗ്രൻ ഇന്നിങ്സിന്റെ ആവശ്യമുണ്ട്. താരത്തെ മാറ്റില്ലെന്ന് വാർത്തുകൾ പുറത്തുവരുന്നുണ്ട്. മികച്ച ഫോമിലുള്ള ഹാർദിക് പാണ്ഡ്യയും ടീമിൽ തുടരും. ദിനേശ് കാർത്തികിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തിനും ഇളക്കം തട്ടില്ല. ആദ്യ രണ്ട് കളികളിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കൻ ഹിറ്റർമാർക്ക് മുന്നിൽ ഇന്ന് പരീക്ഷിക്കപ്പെട്ടേക്കാം. ഇന്ത്യൻ പരമ്പരയിൽ സെഞ്വറി നേടിയ റീലി റൂസോ, കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെയും മൂന്നക്കം കുറിച്ചിരുന്നു. ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ തുടങ്ങിയ ബാറ്റർമാരും ഫോമിൽ.
എന്നാൽ ബൗളിങ് ഡിപ്പാർട്ട്മെന്റിലും മാറ്റങ്ങൾ ഉണ്ടാവിടയില്ല. പേസർമാരായ മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ് എന്നിവരെല്ലാം മികച്ച ഫോമിലാണ്. നെതർലൻഡ്സിനെതിരെ രണ്ട് വിക്കറ്റ് നേടി അക്സർ പട്ടേൽ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ആർ അശ്വിനും മികച്ച പ്രകടനം പുറത്തെടുക്കുന്നു. അതുകൊണ്ടുതന്നെ ബൗളിങ് ഡിപ്പാർട്ട്മെന്റിലും മാറ്റം പ്രതീക്കുന്നില്ല. ഇനി, അധിക പേസറെ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ, അശ്വിന് പകരം ഹർഷൽ പട്ടേൽ ടീമിലെത്തും. ലോകകപ്പിൽ അഞ്ച് തവണ നേർക്കുനേർ വന്നപ്പോൾ നാലിലും ജയം ഇന്ത്യക്കായിരുന്നു. ഒരു തവണ ദക്ഷിണാഫ്രിക്കയും ജയിച്ചു.
രണ്ടിൽ ഒരു മത്സരം മഴ കൊണ്ടുപോയതോടെ ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക മൂന്ന് പോയിന്റുമായി രണ്ടാമതാണ്. മുൻ ലോകകപ്പുകളിൽ നിർഭാഗ്യം പലതവണ വിനയായ ദക്ഷിണാഫ്രിക്കയ്ക്ക് സിംബാബ്വെക്കെതിരായ ആദ്യ മത്സരത്തിലെ മഴ കനത്ത ആഘാതം നൽകി. പാക്കിസ്ഥാനെതിരായ അടുത്ത മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകമാണ്.
ഞായറാഴ്ച സൂപ്പർ 12ലെ ഗ്രൂപ്പ് രണ്ടിൽ മറ്റ് രണ്ട് മത്സരം കൂടി നടക്കും. ബ്രിസ്ബേനിലെ ഗാബ വേദിയാവുന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻസമയം രാവിലെ 8.30ന് ബംഗ്ലാദേശിനെ സിംബാബ്വെ നേരിടും. 12.30ന് പെർത്തിലെ ആദ്യ കളിയിൽ പാക്കിസ്ഥാനും നെതർലൻഡ്സും മുഖാമുഖം വരും. ഇതിന് ശേഷമാണ് ഇന്ത്യയുടെ മത്സരം. ആദ്യ ജയം ലക്ഷ്യമിട്ടാണ് പാക്കിസ്ഥാനും ബംഗ്ലാദേശും നെതർലൻഡ്സും ഇറങ്ങുന്നത്. ഒരു ജയവും ഒരു സമനിലയുമുള്ള സിംബാബ്വെക്ക് ജയം തുടരാനായാൽ സെമി സാധ്യത നിലനിർത്താം.
സൂപ്പർ-12ലെ ആദ്യ മത്സരത്തിൽ അയൽക്കാരായ പാക്കിസ്ഥാനെ നാല് വിക്കറ്റിന് തോൽപിച്ച ഇന്ത്യ രണ്ടാം കളിയിൽ നെതർലൻഡ്സിനെതിരെ 56 റൺസിന്റെ ആധികാരിക ജയം നേടിയിരുന്നു. പാക്കിസ്ഥാൻ മുന്നോട്ടുവെച്ച 160 റൺസ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ നേടി. മൂന്നാമനായി ക്രീസിലെത്തി 53 പന്തിൽ 82* റൺസെടുത്ത വിരാട് കോലിയുടെ മികവിലായിരുന്നു പാക്കിസ്ഥാനെതിരെ ഇന്ത്യൻ ജയം. മൂന്ന് വിക്കറ്റും 37 പന്തിൽ 40 റൺസുമായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും തിളങ്ങി. പേസർ അർഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
നെതർലൻഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റിന് 179 റൺസ് നേടി. രോഹിത് ശർമ്മ(39 പന്തിൽ 53), വിരാട് കോലി(44 പന്തിൽ 62*), സൂര്യകുമാർ യാദവ്(25 പന്തിൽ 51*) എന്നിവർ ബാറ്റിംഗിൽ തിളങ്ങി. മറുപടി ബാറ്റിംഗിൽ നെതർലൻഡ്സ് ഇന്നിങ്സ് 20 ഓവറിൽ 123-9 എന്ന സ്‌കോറിൽ അവസാനിച്ചു. ഭുവനേശ്വർ കുമാറും അർഷ്ദീപ് സിംഗും അക്സർ പട്ടേലും രവിചന്ദ്ര അശ്വിനും രണ്ട് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.


