രാജ്‌കോട്ട്: ട്വന്റി 20 പരമ്പര ആർക്കെന്ന് നിർണായകമായ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ രാജ്‌കോട്ടിൽ റൺമഴ തീർത്ത് സൂര്യകുമാറും സംഘവും. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഉയർത്തിയത് 229 റൺസ് വിജയലക്ഷ്യം. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 228 റൺസ് നേടിയത്. 51 പന്തുകൾ നേരിട്ട സൂര്യ ഒമ്പത് സിക്സും ഏഴ് ഫോറുമടക്കം അടിച്ചുകൂട്ടിയത് 112 റൺസ്. 45 പന്തിൽ നിന്നായിരുന്നു താരത്തിന്റെ മൂന്നാം സെഞ്ചുറി.

മൂന്ന് റണ്ണിനിടെ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്കായി യുവതാരം രാഹുൽ ത്രിപാഠിയാണ് ബാറ്റിങ് വെടിക്കെട്ടിന് തുടക്കമിട്ടത്. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ ഇഷാൻ കിഷന്റെ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം.

ഇഷാൻ കിഷൻ ഇന്ത്യൻ ഇന്നിങ്സിൽ ദിൽഷൻ മധുശങ്കയുടെ ആദ്യ ഓവറിലെ നാലാം പന്തിൽ ഫസ്റ്റ് സ്ലിപ്പിൽ ധനഞ്ജയ ഡിസിൽവയുടെ ക്യാച്ചിൽ പുറത്തായി. രണ്ട് പന്തിൽ 1 റണ്ണാണ് ഇഷാൻ നേടിയത്. മൂന്നാമനായി ക്രീസിലെത്തി നേരിട്ട രണ്ടാം പന്തിൽ എഡ്ജിൽ നിന്നും രക്ഷപ്പെട്ട രാഹുൽ ത്രിപാഠി പിന്നാലെ കടന്നാക്രമിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി.

ആറാം ഓവറിലെ മൂന്ന്, നാല് പന്തുകളിൽ കരുണരത്നെയെ തകർപ്പൻ സിക്സർ പറത്തിയ ത്രിപാഠിക്ക് തൊടുത്തടുത്ത പന്തിൽ പിഴച്ചു. തേഡ് മാനിലേക്ക് കളിക്കാനുള്ള ത്രിപാഠിയുടെ ശ്രമം മധുശങ്കയുടെ ക്യാച്ചിൽ തീർന്നു. എങ്കിലും രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഇന്നിങ്സിൽ ഭയരഹിതമായി കളിച്ച ത്രിപാഠി അഞ്ച് ഫോറും രണ്ട് സിക്സും പറത്തി. പവർപ്ലേയിൽ 53-2 എന്നതായിരുന്നു ഇന്ത്യയുടെ സ്‌കോർ.

പിന്നാലെ ക്രീസിലൊന്നിച്ച ശുഭ്മാൻ ഗിൽ-സൂര്യകുമാർ സഖ്യം ഇന്ത്യയെ മുന്നോട്ടുനയിച്ചു. എട്ടാം ഓവറിൽ കരുണരത്‌നെയുടെ ആദ്യ പന്ത് ഫോറിനും രണ്ടാമത്തേത് സിക്സിനും പായിച്ച് സൂര്യ നയം വ്യക്തമാക്കി. ഇരുവരും 11 ഓവറിൽ സ്‌കോർ 100 കടത്തി. 13-ാം ഓവറിൽ മധുശങ്കയെ തലങ്ങും വിലങ്ങും പായിച്ച് സൂര്യകുമാർ ടോപ് ഗിയറിലായി. ഈ ഓവറിൽ രണ്ട് സിക്സും ഒരു ഫോറും സഹിതം 18 റൺസ് പിറന്നപ്പോൾ സൂര്യ 26 പന്തിൽ 14-ാം രാജ്യാന്തര ഫിഫ്റ്റി പൂർത്തിയാക്കി.

പിന്നാലെ തീക്ഷനയെ 23 അടിച്ച് സൂര്യയും ഗില്ലും തകർത്താടി. എന്നാൽ പതിനഞ്ചാം ഓവറിൽ സിക്സിനും ഡബിളിനും പിന്നാലെ ഗില്ലിനെ(36 പന്തിൽ 46) ബൗൾഡാക്കി ഹസരങ്ക ഇരുവരുടേയും 111 റൺസിന്റെ കൂട്ടുകെട്ട് പൊളിച്ചു.

തുടർന്നെത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും (4), ദീപക് ഹൂഡയ്ക്കും (4) കാര്യമായ സംഭാവന നൽകാനായില്ല. എന്നാൽ പതിവ് ഫോം തുടർന്ന അക്ഷർ പട്ടേൽ വെറും ഒമ്പത് പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 21 റൺസോടെ പുറത്താകാതെ നിന്നു. ലങ്കയ്ക്കായി പന്തെടുത്തവരിൽ കസുൻ രജിത ഒഴികെയുള്ളവരെല്ലാം നന്നായി തല്ലുവാങ്ങി. ദിൽഷൻ മധുഷങ്ക രണ്ട് വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി. ശ്രീലങ്കൻ ടീമിൽ ഒരു മാറ്റമുണ്ട്. ഭാനുക രജപക്സയ്ക്ക് പകരം അവിഷ്‌ക ഫെർണാണ്ടോ ഇടംനേടി.