ഗുവാഹത്തി: തകർപ്പൻ സെഞ്ചുറിയുമായി അവസാന ഓവർ വരെ പൊരുതിയ ശ്രീലങ്കൻ നായകൻ ദസുൻ ശനകയുടെ മികവിൽ  ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ വീരോചിതമായി പൊരുതിവീണ് ശ്രീലങ്ക. ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യ 67 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 373 റൺസ്. ശ്രീലങ്കയുടെ മറുപടി 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1 - 0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും.

ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഒൻപതാം വിക്കറ്റിലേക്ക് കാത്തുവച്ച് പോരാടിയ ശ്രീലങ്കൻ നായകൻ ദസുൻ ശനകയാണ് ഇന്ത്യൻ വിജയം അവസാന ഓവർ വരെ നീട്ടിയത്. ഏകദിനത്തിലെ രണ്ടാം സെഞ്ചറി കുറിച്ച ശനക തന്നെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോററും. 88 പന്തുകൾ നേരിട്ട ഷനക, 12 ഫോറും മൂന്നു സിക്‌സും സഹിതമാണ് സെഞ്ചറിയിലേക്കെത്തിയത്. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിൽ ഫോറടിച്ച് സെഞ്ചറി തികച്ച ശനക, അവസാന പന്തിൽ സിക്‌സും നേടി ഏകദിനത്തിൽ തന്റെ ഉയർന്ന സ്‌കോറും കുറിച്ചു.

ഒൻപതാം വിക്കറ്റിൽ കസുൻ രജിതയെ കൂട്ടുപിടിച്ച് ശനക സെഞ്ചറി കൂട്ടുകെട്ടും തീർത്തു. വെറും 73 പന്തിൽ നിന്നാണ് ഇരുവരും 100 റൺസ് കൂട്ടിച്ചേർത്തത്. രജിത 19 പന്തിൽ ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ നിരയിൽ ഷനകയ്ക്കു പുറമെ ചെറുത്തുനിന്നത് അർധസെഞ്ചറി നേടിയ ഓപ്പണർ പാത്തും നിസ്സങ്ക, അർധസെഞ്ചറിയുടെ വക്കിൽ പുറത്തായ ധനഞ്ജയ ഡിസിൽവ എന്നിവരും മാത്രം. നിസ്സങ്ക 80 പന്തിൽ 11 ഫോറുകൾ സഹിതം 72 റൺസെടുത്തും ഡിസിൽവ 40 പന്തിൽ ഒൻപതു ഫോറുകളോടെ 47 റൺസെടുത്തും പുറത്തായി. നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 72 റൺസാണ് ലങ്കൻ നിരയിലെ മറ്റൊരു അർധസെഞ്ചറി കൂട്ടുകെട്ട്.

ആവിഷ്‌ക ഫെർണാണ്ടോ (12 പന്തിൽ അഞ്ച്), കുശാൽ മെൻഡിസ് (0), ചരിത് അസാലങ്ക (28 പന്തിൽ 23), വാനിന്ദു ഹസരംഗ (ഏഴു പന്തിൽ 16), ദുനിത് വെലാലഗെ (0), ചാമിക കരുണരത്നെ (21 പന്തിൽ 14) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇന്ത്യയ്ക്കായി ഉംറാൻ മാലിക്ക് എട്ട് ഓവറിൽ 57 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ് ഏഴ് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 373 റൺസെടുത്തു. 113 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. രോഹിത് ശർമ (83), ശുഭ്മാൻ ഗിൽ (70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. രോഹിത്താണ് കൂടുതൽ ആക്രമിച്ച് കളിച്ചത്. 41 പന്തുകളിൽ നിന്ന് ഇന്ത്യൻ നായകൻ അർധസെഞ്ചുറി നേടുകയും ചെയ്തു. പിന്നാലെ ഗില്ലിനെ കൂട്ടുപിടിച്ച് താരം ടീം സ്‌കോർ 100 കടത്തി. 14. 5 ഓവറിലാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയത്.

ടീം മൂന്നക്കം കണ്ടതോടെ ഗില്ലും ടോപ് ഗിയറിലായി. അനായാസം റൺസ് നേടിക്കൊണ്ട് താരവും അർധസെഞ്ചുറി നേടി. 51 പന്തുകളിൽ നിന്നാണ് ഗിൽ അർധസെഞ്ചുറി നേടിയത്. 19-ാം ഓവർ ചെയ്ത ദുനിത് വെല്ലലാഗെയുടെ ആദ്യ മൂന്ന് പന്തുകളും ബൗണ്ടറി കടത്തി ഗിൽ കഴിവ് തെളിയിച്ചു.

എന്നാൽ 20-ാം ഓവറിലെ നാലാം പന്തിൽ താരം ഗില്ലിനെ പുറത്തായി ശ്രീലങ്കൻ നായകൻ ഡാസൺ ശനക ഇന്ത്യയുടെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. 70 റൺസെടുത്ത ഗില്ലിനെ ശനക വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 60 പന്തുകളിൽ നിന്ന് 11 ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം 70 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ രോഹിത്തിനൊപ്പം 143 റൺസ് ചേർത്ത ശേഷമാണ് താരം ക്രീസ് വിട്ടത്. ഗില്ലിന് പകരം സൂപ്പർ താരം വിരാട് കോലി ക്രീസിലെത്തി.

ഗിൽ വീണിട്ടും രോഹിത് അനായാസം ബാറ്റിങ് തുടർന്നു. എന്നാൽ 24-ാം ഓവറിലെ ആദ്യ പന്തിൽ രോഹിത്തിനെ അമ്പരപ്പിച്ചുകൊണ്ട് ദിൽഷൻ മധുശങ്ക വിക്കറ്റ് പിഴുതു. രോഹിത്തിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കടപുഴക്കി. 67 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 83 റൺസെടുത്താണ് താരം ക്രീസ് വിട്ടത്. രോഹിത്തിന് പകരം ശ്രേയസ്സ് അയ്യരാണ് ക്രീസിലെത്തിയത്. കോലിയോടൊപ്പം ബാറ്റുചെയ്ത ശ്രേയസ് 27 ഓവറിൽ ടീം സ്‌കോർ 200 കടത്തി.

ശ്രേയസ്സും കോലിയും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിക്കുന്നതിനിടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 24 പന്തുകളിൽ നിന്ന് 28 റൺസെടുത്ത ശ്രേയസ്സിനെ ധനഞ്ജയ ഡി സിൽവ ആവിഷ്‌ക ഫെർണാണ്ടോയുടെ കൈയിലെത്തിച്ചു. ശ്രേയസ്സിന് പകരം കെ.എൽ.രാഹുലാണ് ക്രീസിലെത്തിയത്. രാഹുലിനെ കൂട്ടുപിടിച്ച് കോലി അനായാസം ബാറ്റുവീശി. പിന്നാലെ 36-ാം ഓവറിൽ താരം അർധശതകം കുറിച്ചു. 47 പന്തുകളിൽ നിന്നാണ് കോലി അർധസെഞ്ചുറി നേടിയത്.

മറുവശത്ത് രാഹുലും നന്നായി ബാറ്റുവീശിയതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 90 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ 29 പന്തുകളിൽ നിന്ന് 39 റൺസെടുത്ത രാഹുലിനെ പുറത്താക്കി കസുൻ രജിത ഈ കൂട്ടുകെട്ട് പൊളിച്ചു. രാഹുലിനെ രജിത ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ടീം സ്‌കോർ 300 കടത്തിയ ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്.

പിന്നാലെ വന്ന ഹാർദിക്ക് പാണ്ഡ്യ 12 പന്തിൽ 14 റൺസെടുത്ത് മടങ്ങി. ഹാർദിക്കിന് പകരം അക്ഷർ പട്ടേൽ ക്രീസിലെത്തി. അക്ഷറിനെ സാക്ഷിയാക്കി കോലി അത്യുഗ്രൻ സെഞ്ചുറിയടിച്ചു. 80 പന്തുകളിൽ നിന്ന് 10 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെയാണ് കോലി മൂന്നക്കം കണ്ടത്. തുടർച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടാൻ കോലിക്ക് കഴിഞ്ഞു. ഡിസംബർ 10 ന് നടന്ന ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലും കോലി സെഞ്ചുറി നേടിയിരുന്നു. കോലിയുടെ 45-ാം ഏകദിന സെഞ്ചുറിയാണിത്.

ഈ സെഞ്ചുറിയോടെ ശ്രീലങ്കയ്ക്കെതിരേ ഏകദിനത്തിൽ ഏറ്റവുമധികം ശതകങ്ങൾ നേടുന്ന താരം എന്ന സച്ചിന്റെ റെക്കോഡ് കോലി മറികടന്നു. ഒപ്പം ഇന്ത്യയിൽ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടുന്ന താരം എന്ന സച്ചിന്റെ റെക്കോഡിനൊപ്പം എത്താനും കോലിക്ക് കഴിഞ്ഞു. എന്നാൽ കോലി സെഞ്ചുറി നേടിയതിന് പിന്നാലെ അക്ഷർ പട്ടേൽ പുറത്തായി. വെറും ഒൻപത് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ കോലിയും മടങ്ങി. കസുൻ രജിതയാണ് കോലിയെ പുറത്താക്കിയത്. രജിതയുടെ സ്ലോ ബോൾ സിക്സ് നേടാനുള്ള കോലിയുടെ ശ്രമം വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് കൈയിലൊതുക്കി. 87 പന്തുകളിൽ നിന്ന് 12 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 113 റൺസെടുത്താണ് കോലി ക്രീസ് വിട്ടത്.

പിന്നാലെ ക്രീസിലൊന്നിച്ച മുഹമ്മദ് ഷമിയും (4), മുഹമ്മദ് സിറാജും (7) പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി കസുൻ രജിത മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ദിൽഷൻ മധുശങ്ക, ചമിക കരുണരത്നെ, ഡാസൺ ശനക, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.