ബാർബഡോസ്: ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായിട്ടും വെസ്റ്റ് ഇൻഡീസ് പാഠം പഠിച്ചില്ല. ഇന്ത്യക്ക് എതിരായ ആദ്യ ഏകദിനത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ദയനീയമായി തകർന്നടിഞ്ഞ് ഷായ് ഹോപ്പും സംഘവും. ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്ന വിൻഡീസിന് എതിരെ ഇന്ത്യയ്ക്ക് 115 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത വിൻഡീസ് 23 ഓവറിൽ വെറും 114 റൺസിന് ഓൾ ഔട്ടായി. നാലുവിക്കറ്റെടുത്ത കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയുമാണ് വിൻഡീസിനെ തകർത്തത്. നായകൻ ഷായ് ഹോപ്പ് മാത്രമാണ് ആതിഥേയർക്ക് വേണ്ടി തിളങ്ങിയത്.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ പത്ത് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഇഷാൻ കിഷനും സൂര്യകുമാർ യാദവുമാണ് ക്രീസിൽ. ഏഴ് റൺസ് എടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് ഒരു ഘട്ടത്തിൽപ്പോലും ഇന്ത്യയ്ക്ക്മേൽ സമ്മർദ്ദം ചെലുത്താനായില്ല. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുവീഴ്‌ത്തി ഇന്ത്യൻ ബൗളർമാർ വിൻഡീസ് ബാറ്റർമാരെ വരിഞ്ഞുമുറുക്കി. നായകൻ ഷായ് ഹോപ്പിനൊഴികെ മറ്റ് ബാറ്റർമാർക്കൊന്നും പിടിച്ചുനിൽക്കാനായില്ല.

ടീം സ്‌കോർ ഏഴിലെത്തിയപ്പോൾതന്നെ ഓപ്പണർ കൈൽ മായേഴ്സ് പുറത്തായി. വെറും രണ്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ അലിക് അതനാസെയും ബ്രാൻഡൺ കിങ്ങും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 45-ൽ എത്തിച്ചെങ്കിലും അതനാസെയെ പുറത്താക്കി മുകേഷ് കുമാർ ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ ബ്രാൻഡൺ കിങ്ങിനെ ക്ലീൻ ബൗൾഡാക്കി ശാർദൂൽ ഠാക്കൂർ വിൻഡീസിനെ തകർത്തു.

സ്പിന്നർമാരായ ജഡേജയും കുൽദീപും കളത്തിലെത്തിയതോടെ വിൻഡീസ് പതനം പൂർത്തിയായി. ഒരുവശത്ത് ഷായ് ഹോപ്പ് പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഹെറ്റ്മെയർ (11), ഷെപ്പേർഡ് (0) എന്നിവരെ ജഡേജയും ഡ്രേക്സ് (3), കരിയ (3) എന്നിവരെ കുൽദീപും പറഞ്ഞയച്ചു. ഒടുവിൽ അവസാന പ്രതീക്ഷയായ നായകൻ ഹോപ്പും വീണു. 43 റൺസെടുത്ത താരത്തെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. അവസാനക്കാരനായി വന്ന ജെയ്ഡൻ സീൽസിനെയും (0) മടക്കി കുൽദീപ് കൊടുങ്കാറ്റായി. വെറും 23 ഓവറിൽ വിൻഡീസ് 114 റൺസിന് ഓൾ ഔട്ടായി.

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നോവറിൽ വെറും ആറ് റൺസ് മാത്രം വിട്ടുനൽകി നാലുവിക്കറ്റെടുത്തു. രണ്ട് മെയ്ഡൻ ഓവറുകളും താരം ചെയ്തു. ജഡേജ ആറോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ശാർദൂൽ, മുകേഷ്, ഹാർദിക് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.