- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീപന്തുകളുമായി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച് മിച്ചൽ സ്റ്റാർക്ക്; റണ്ണൊഴുക്ക് പ്രവചിച്ച വിശാഖപട്ടണത്ത് മറുപടിയില്ലാതെ ഇന്ത്യൻ ബാറ്റിങ്ങ് നിര; ചെറുത്തു നിന്നത് കോഹ്ലിയും അക്‌സറും മാത്രം; രണ്ടാം ഏകദിനത്തിൽ ഇന്ത്യ 117 ന് പുറത്ത്
വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ആദ്യം മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ വിശാഖപട്ടണത്ത് ഇറങ്ങിയ രോഹിത് ശർമ്മയും സംഘവും 117 റൺസിന് പുറത്തായി.അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്കിന്റെ തകർപ്പൻ ബൗളിങ് പ്രകടനമാണ് കങ്കാരുക്കളെ തുണച്ചത്.അക്ഷർ അവസാന ഘട്ടത്തിൽ നടത്തിയ കടന്നാക്രമണമാണ് സ്‌കോർ ഈ നിലയിലെങ്കിലും എത്തിച്ചത്.
71 റൺസ് ബോർഡിൽ ചേർക്കുന്നതിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകൾ നഷ്ടമായിരുന്നു.പിന്നീട് രവീന്ദ്ര ജഡേജ (16)യും അക്ഷർ പട്ടേലും നടത്തിയ രക്ഷാപ്രവർത്തനമാണ് സ്‌കോർ 100 കടത്തിയത്.അവസാന ഘട്ടത്തിൽ തുടരെ രണ്ട് സിക്സുകൾ പറത്തി അക്ഷർ സ്‌കോർ 117ൽ എത്തിച്ചു.അക്ഷർ 29 പന്തിൽ ഒരു ഫോറും രണ്ട് സിക്സും സഹിതം 29 റൺസുമായി പുറത്താകാതെ നിന്നു.
അപ്പുറത്ത് തുണയ്ക്കാൻ ഒരാൾ കൂടിയുണ്ടായിരുന്നെങ്കിൽ അക്ഷറിന് ഇനിയും ബാറ്റ് ചെയ്ത് ഇന്ത്യക്ക് കുറച്ചു കൂടി റൺസ് സംഭവാന ചെയ്യാൻ സാധിക്കുമായിരുന്നു.എന്നാൽ അവസാന ബാറ്റർ മുഹമ്മദ് സിറാജിനെ തന്റെ എട്ടാം ഓവറിന്റെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുരുക്കി സ്റ്റാർക്ക് ഇന്ത്യൻ ഇന്നിങ്സിന് തിരശ്ശീല ഇട്ടു.26 ഓവറിലാണ് ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചത്.
നേരത്തെ മിച്ചൽ സ്റ്റാർക്കിന്റെ മാരക പേസാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തത്. അക്‌സറിനെ മാറ്റി നിർത്തിയാൽ 31 റൺസെടുത്ത വിരാട് കോഹ്ലി മാത്രാണ് അൽപ്പമെങ്കിലും പിടിച്ചു നിന്നത്.തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ മുൻനിരയുടെ ചെറുത്തു നിൽപ്പ് ദയനീയമായിരുന്നു.കോഹ്ലി ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ച ഘട്ടത്തിൽ നതാൻ എല്ലിസിനെ കൊണ്ടുവന്ന സ്മിത്തിന്റെ തന്ത്രം രണ്ടാം പന്തിൽ തന്നെ ഫലം കണ്ടു.കോഹ്ലിയെ എല്ലിസ് വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കി.
തുടർച്ചയായി രണ്ടാം മത്സരത്തിലും സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി മടങ്ങി. ഒന്നാം ഏകദിനത്തിന് സമാനമായി സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് സൂര്യകുമാർ ഇത്തവണയും മടങ്ങിയത്.ശുഭ്മാൻ ഗിൽ രണ്ട് പന്തിൽ പൂജ്യവുമായി മടങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ (13), കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ ക്ഷമയോടെ ക്രീസിൽ നിന്ന് വിജയത്തിലേക്ക് നയിച്ച കെഎൽ രാഹുൽ (9), ഹർദിക് പാണ്ഡ്യ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
സ്റ്റാർക്ക് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സീൻ അബ്ബോട്ട് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ശേഷിച്ച രണ്ട് വിക്കറ്റുകൾ നതാൻ എല്ലിസും പോക്കറ്റിലാക്കി.