നാഗ്പൂർ: രോഹിത് ശർമ്മയുടെ സെഞ്ച്വറിക്ക് പിന്നാലെ അർധസെഞ്ച്വറിയുമായി രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലും കളം നിറഞ്ഞതോടെ ഒന്നാം ഇന്നിങ്ങ്‌സിൽ ഇന്ത്യക്ക് മികച്ച ലീഡ്.ആദ്യ ഇന്നിങ്ങ്‌സിൽ ഇന്ത്യ 400 റൺസിന് ഓൾ ഔട്ടായി.ഇതോടെ സന്ദർശകർക്കെതിരെ ഇന്ത്യക്ക് 223 റൺസിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡായി.84 റൺസെടുത്ത അക്‌സർ പട്ടേലും 37 റൺസടിച്ച മുഹമ്മദ് ഷമിയുമാണ് വാലറ്റത്ത് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ലീഡ് 200 കടത്തിയത്.

മൂന്നാം ദിനം തുടക്കത്തിലെ ഇന്ത്യക്ക് രവീന്ദ്ര ജഡേജയെ നഷ്ടമായി.185 പന്തിൽ 70 റൺസെടുത്താണ് ജഡേജ പുറത്തായത്.ടോഡ് മർഫിയുടെ പന്ത് ലീവ് ചെയ്ത ജഡേജ ക്ലീൻ ബൗൾഡാവുകയായിരുന്നു.അക്‌സറിനൊപ്പം ഏഴാം വിക്കറ്റിൽ 88 റൺസ് കൂട്ടുകെട്ടുയർത്തിയ ജഡേജ ഇന്ത്യക്ക് നിർണായക ലീഡ് സമ്മാനിച്ചശേഷമാണ് മടങ്ങിയത്.ജഡേജ മടങ്ങിയതോടെ ഇന്ത്യൻ ടോട്ടൽ 350ന് താഴെ ഒതുക്കാമെന്ന് കരുതിയ ഓസീസിനെ ഞെട്ടിച്ചാണ് ഷമി ക്രീസിലെത്തിയപാടെ തകർത്തടിച്ചത്.

47 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തിയ ഷമി 37 റൺസടിച്ചപ്പോൾ അക്‌സർ മികച്ച പങ്കാളിയായി. ഇരുവരും ചേർന്ന് ഒമ്പതാം വിക്കറ്റിൽ 52 റൺസടിച്ചു. ഇതിൽ 37ഉം ഷമിയുടെ ബാറ്റിൽ നിന്നായിരുന്നു. ഇതിനിടെ ഷമി നൽകിയ അനായാസ ക്യാച്ച് സ്‌കോട് ബോളണ്ട് നഷ്ടമാക്കിയത് ഇന്ത്യക്ക് അനുഗ്രഹമായി.ഷമി പുറത്തായശേഷം ക്രീസിലെത്തി മുഹമ്മദ് സിറാജും അക്‌സറിനൊപ്പം ഉറച്ചു നിന്നതോടെ ഇന്ത്യൻ ലീഡ് 200ഉം കടന്ന് കുതിച്ചു.

പത്താം വിക്കറ്റിൽ ഇരുവരും ചേർന്ന് 20 റൺസടിച്ച് ഇന്ത്യൻ ലീഡ് 223 ആയി ഉയർന്നു. സിറാജ് ക്രീസിലെത്തിയതോട കൂടുതൽ ആക്രമിച്ചു കളിച്ച അക്‌സർ ആദ്യ ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് കമിൻസിന്റെ സ്ലോ ബോളിൽ ബൗൾഡായി.

ആദ്യ അഞ്ച് വിക്കറ്റുകൾ 168 റൺസിന് നഷ്ടമായ ഇന്ത്യ അവസാന അഞ്ച് വിക്കറ്റുകളിൽ 232 റൺസാണ് കൂട്ടിച്ചേർത്തത്.ആർ.അശ്വിൻ (20), ചേതേശ്വർ പൂജാര (7), വിരാട് കോലി (12), സൂര്യകുമാർ യാദവ് (8) എന്നിവരെ വേഗത്തിൽ പുറത്താക്കിയ ഓസ്‌ട്രേലിയൻ സ്പിന്നർമാർ മധ്യനിരയെ തകർത്തപ്പോൾ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ആറാം വിക്കറ്റിൽ 61 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കിയാണ് രോഹിത് രണ്ടാം ദിനം ഇന്ത്യയെ കരകയറ്റിയത്.

ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ 81ാം ഓവറിലാണ് രോഹിത് പുറത്തായത്. തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പർ കെ.എസ്.ഭരത്തും (8) മടങ്ങി. 7ന് 240 എന്ന നിലയിൽ പതുങ്ങിയ ഇന്ത്യൻ വാലറ്റത്തെ അനായാസം ചുരുട്ടിക്കെട്ടാമെന്ന ഓസീസ് പ്രതീക്ഷകൾ തച്ചുടച്ചാണ് ജഡേജയും അക്ഷറും ക്രീസിലുറച്ചുനിന്നത്. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്നു 81 റൺസ് നേടി.

ഓസ്‌ട്രേലിയക്കായി അരങ്ങേറ്റക്കാരൻ സ്പിന്നർ ടോഡ് മർഫി 124 റൺസ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത് ബൗളിംഗിൽ തിളങ്ങിയപ്പോൾ ഒരു വിക്കറ്റ് മാത്രം വീഴ്‌ത്തിയ നേഥൻ ലിയോൺ നിരാശപ്പെടുത്തി. ക്യാപ്റ്റൻ പാറ്റ് കമിൻസ് രണ്ട് വിക്കറ്റെടുത്തു.