മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലി ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും കളി തത്സമയം കാണാം.അടുത്തമാസം തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിന് മുമ്പ് ടീമിലെ കുറ്റവും കുറവുകളും പരിഹരിക്കാനുള്ള അവസരമാണ് ഇരുടീമുകൾക്കും പരമ്പര. ലോകകപ്പിന് മുമ്പായി ഓസ്ട്രേലിയയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെയും ഇന്ത്യ മൂന്നു മത്സര ട്വന്റി-20 പരമ്പര കളിക്കുന്നുണ്ട്.

മുൻ നായകൻ വിരാട് കോഹ്ലി സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമേകുന്നു. പേസർമാരായ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിവരിൽ ആരെ കളിപ്പിക്കണമെന്നതാണ് ടീം മാനേജ്മെന്റിനെ കുഴയ്ക്കുന്നത്. ട്വന്റി- 20യിൽ ഋഷഭ് പന്ത് പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും ദീപക് ഹൂഡയുമുണ്ട്. ആർ അശ്വിൻ, അക്ഷർ പട്ടേൽ എന്നിവരും ഇന്ത്യൻ ടീമിന്റെ കരുത്ത് വർധിപ്പിക്കുന്നു.

ആദ്യ ടി20യിൽ ഏറെ മാറ്റങ്ങൾക്ക് ടീം മുതിർന്നേക്കും എന്നാണ് സൂചന. ടീം വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം ഡികെയും ഹൂഡയും പ്ലേയിങ് ഇലവന് പുറത്താകും. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇരുവർക്കും നഷ്ടമായിരുന്നു. ദിനേശ് കാർത്തിക് പുറത്താകുന്നതോടെ റിഷഭ് പന്ത് മാത്രമായിരിക്കും ഇലവനിലെ ഏക സ്ഥിരം വിക്കറ്റ് കീപ്പർ ബാറ്റർ. ടി20 ഫോർമാറ്റിലെ മികവിൽ ഏറെ വിമർശനം ഉയരുന്നുണ്ടെങ്കിലും റിഷഭിനെ പല ബാറ്റിങ് സ്ഥാനങ്ങളിൽ ഉപയോഗിക്കാൻ ടീം ശ്രമിച്ചേക്കും ഇതുവഴി.

ദീപക് ഹൂഡയെ മറികടന്ന് അക്സർ പട്ടേൽ പ്ലേയിങ് ഇലവനിലെത്തും എന്നതാണ് ആകാംക്ഷ ജനിപ്പിക്കുന്ന മറ്റൊരു പ്രധാന സൂചനയായി പുറത്തുവന്നിരിക്കുന്നത്. പരമ്പരയുടെ വേദി ഇന്ത്യയാണെന്നത് അക്സറിന് മുൻതൂക്കം നൽകും.അതേസമയം പരിക്ക് മാറിയെത്തുന്ന പേസർമാരായ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും ഇന്നിറങ്ങും. ബുമ്രയ്ക്കും ഹർഷലിനൊപ്പം ഭുവനേശ്വർ കുമാറാവും പേസറായി എത്തുക. അങ്ങനെയെങ്കിൽ അർഷ്ദീപ് സിംഗിന് ബഞ്ചിലാവും നിരയിലാവും സ്ഥാനം. പേസ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ന് കളിക്കുമെന്നുറപ്പാണ്.

ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ മങ്ങിയ ഫോമും സ്റ്റീവ് സ്മിത്തിന്റെ കുറഞ്ഞ സ്ട്രൈക്ക് റേറ്റുമാണ് ഓസീസിന്റെ ആശങ്ക. ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവരുടെ അഭാവത്തിൽ ഓസീസ് ടീമിൽ കാര്യമായ മാറ്റമുണ്ടാവും. 2020 ഡിസംബറിന് ശേഷം ഇരുടീമും ട്വന്റി-20യിൽ ഏറ്റുമുട്ടിയിട്ടില്ല.