ഗാബ: നീണ്ട ഇടവേളക്ക് ശേഷം ടീമിലേക്കുള്ള തിരിച്ചുവരവ് അവിസ്മരണീയമാക്കി മുഹമ്മദ് ഷമി.ഒരു റണ്ണൗട്ടുൾപ്പടെ നാലു ഓസ്‌ട്രേലിയൻ വിക്കറ്റുകൾ പിഴുത ഷമിയുടെ വിസ്മയ ഓവറാണ് ഇന്ത്യക്ക് 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ആരോൺ ഫിഞ്ചിന്റെ അർധ സെഞ്ചുറിക്കിടയിലും 20-ാം ഓവറിലെ അവസാന പന്തിൽ 180ൽ ഓൾഔട്ടായി.അവസാന രണ്ട് ഓവറിൽ 16 റൺസ് മാത്രം മതിയായിരുന്നു ഓസ്ട്രേലിയക്ക് ജയിക്കാൻ. തകർപ്പൻ ഫോമിൽ നായകൻ ആരൺ ഫിഞ്ച് ക്രീസിലും. 19ാം ഓവറിലെ ആദ്യ പന്തിൽ ഹർഷൽ പട്ടേൽ ഫിഞ്ചിനെ ക്ലീൻ ബൗൾഡ് ആക്കി.

തൊട്ടടുത്ത പന്തിൽ കോലിയുടെ ഒരു തകർപ്പൻ ഫീൽഡിങ് മികവിൽ ടിം ഡേവിഡ് റണ്ണൗട്ടായി. രണ്ട് വിക്കറ്റ് പെട്ടെന്ന് വീണെങ്കിലും ഓസ്ട്രേലിയക്ക് പിന്നെയും കൂറ്റനടിക്കാർ വരാനുണ്ടായിരുന്നു. അവിടെയാണ് മികച്ച ബൗളിങ്ങിലൂടെയും ഫീൽഡിങ്ങിലൂടെയും നഷ്ടമായ കളി ഇന്ത്യ തിരിച്ചുപിടിച്ചത്. ഹർഷൽ പട്ടേൽ എറിഞ്ഞ 19ാം ഓവറിൽ 5 റൺസും മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ വെറും നാല് റൺസും മാത്രമാണ് ഓസീസിന് നേടാനായത്. ആറ് വിക്കറ്റുകളാണ് നഷ്ടമായത്.സ്‌കോർ: ഇന്ത്യ 20 ഓവറിൽ 186-7, ഓസ്ട്രേലിയ 20 ഓവറിൽ 180- ഓൾ ഔട്ട്.

187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ആരൺ ഫിഞ്ചും മിച്ചൽ മാർഷ് സഖ്യം നൽകിയത്.ഡേവിഡ് വാർണറുടെ അഭാവത്തിൽ ഇന്നിങ്സ് ഓപ്പൺ ചെയ്ത മാർഷ് 18 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 35 റൺസെടുത്തു. പവർപ്ലേയിലെ നാലാം പന്തിൽ ഭുവനേശ്വർ കുമാർ ബൗൾഡാക്കുകയായിരുന്നു. 11-ാം ഓവറിലെ നാലാം പന്തിൽ സ്റ്റീവ് സ്മിത്തിനെ(12 പന്തിൽ 11) ചാഹൽ ബൗൾഡാക്കി. ഫോമിലേക്ക് മടങ്ങിയെത്തിയ ഫിഞ്ച് 40 പന്തിൽ ഫിഫ്റ്റി തികച്ചതോടെ ഓസീസ് ട്രാക്കിലായി.

16-ാം ഓവറിലെ മൂന്നാം പന്തിൽ മാക്സ്വെല്ലിനെ(16 പന്തിൽ 23) ഭുവി വിക്കറ്റിന് പിന്നിൽ ഡികെയുടെ കൈകളിലെത്തിച്ചത് വഴിത്തിരിവായി. 18-ാം ഓവറിലെ രണ്ടാം പന്തിൽ മാർക്കസ് സ്റ്റോയിനിസിനെ(7 പന്തിൽ 7) അർഷ്ദീപ് പറഞ്ഞയച്ചു. 19-ാം ഓവറിലെ ആദ്യ പന്തിൽ ഹർഷൽ പട്ടേൽ, ഫിഞ്ചിനെ(54 പന്തിൽ 79) മടക്കി.പിന്നാലെ ടിം ഡേവിഡിനെ(2 പന്തിൽ 5) കോലി റണ്ണൗട്ടാക്കി. അവസാന ഓവറിൽ 11 റൺസാണ് ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഷമിയുടെ മൂന്നാം പന്തിൽ കോലി വിസ്മയ ക്യാച്ചിൽ കമ്മിൻസിനെ(6 പന്തിൽ 7) പുറത്താക്കി. തൊട്ടടുത്ത പന്തിൽ ആഷ്ടൺ ടർണർ റണ്ണൗട്ടായി. അടുത്ത പന്തിൽ ഇംഗ്ലിസ് ബൗൾഡായി. അവസാന പന്തിൽ കെയ്ൻ റിച്ചാഡ്സണും ബൗൾഡായതോടെ ഇന്ത്യ വിജയിച്ചു.ഇന്ത്യക്ക് വേണ്ടി ഒരോവർ മാത്രമെറിഞ്ഞ ഷമി നാല് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും അർഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ കെ.എൽ രാഹുൽ 57(33), സൂര്യകുമാർ യാദവ് 50(33) എന്നിവരുടെ മികവിൽ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി.ആറ് ഫോറും മൂന്ന് സിക്‌സുമായി രാഹുൽ തകർത്തടിച്ചപ്പോൾ തകർപ്പൻ ഫോം തുടരുന്ന സൂര്യകുമാർ യാദവിന്റെ ബാറ്റിൽ നിന്ന് ആറ് ഫോറുകളും ഒരു സിക്‌സും പിറന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്‌സൺ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്ക്, ആഷ്ടൺ ആഗർ, ഗ്ലെൻ മാക്‌സ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ഇന്ത്യക്കായി വിരാട് കോലി 19(13) ദിനേശ് കാർത്തിക് 20(14) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോൾ ഹാർദിക് പാണ്ഡ്യ 2(5) ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. രവിചന്ദ്രൻ അശ്വിൻ 2 പന്തിൽ ഒരു സിക്‌സ് നേടി ഇന്നിങ്‌സിലെ അവസാന പന്തിൽ പുറത്തായപ്പോൾ ആറ് പന്തിൽ നിന്ന് അത്രയും തന്നെ റൺസ് നേടി അക്‌സർ പട്ടേൽ പുറത്താകാതെ നിന്നു.ഓസീസിനായി കെയ്ൻ റിച്ചാർഡ്സണിന്റെ നാല് വിക്കറ്റിന് പുറമെ മിച്ചൽ സ്റ്റാർക്കും ഗ്ലെൻ മാക്സ്വെല്ലും ആഷ്ടൺ അഗറും ഓരോരുത്തരെ പുറത്താക്കി. നാല് ഓവറിൽ 30 റൺസ് വിട്ടുകൊടുത്താണ് റിച്ചാർഡ്സണിന്റെ നാല് വിക്കറ്റ് നേട്ടം.